ഓണത്തിരക്കിലമര്‍ന്ന് നഗരം; ഉത്രാടപ്പാച്ചില്‍ ഇന്ന്
തൊടുപുഴ: തിരുവോണത്തെ വരവേല്‍ക്കാനുള്ള ഒരുക്കം മഴയില്‍ കുതിര്‍ന്നു. ഇന്നാണ് ഉത്രാടപ്പാച്ചില്‍. ഓണാഘോഷം കെങ്കേമമാക്കാനുള്ള ജനങ്ങളുടെ നെട്ടോട്ടത്തില്‍ തൊടുപുഴ നഗരം ഗതാഗതക്കുരുക്കിലായി. വസ്ത്രവ്യാപാരശാലകളിലടക്കം അവസാന മണിക്കൂറിലും കച്ചവടം പൊടിപൊടിച്ചു.
പലവ്യഞ്ജനങ്ങള്‍, പച്ചക്കറി തുടങ്ങി ഉപ്പുതൊട്ട് കര്‍പ്പൂരം വരെ വാങ്ങാനുള്ള ജനങ്ങളുടെ തത്രപ്പാടിനിടയില്‍ തെരുവോരങ്ങള്‍ തിരക്കിലമര്‍ന്നു. ഓണത്തിരക്കില്‍ വിവിധയിടങ്ങളില്‍ മണിക്കൂറുകളോളമാണ് ഗതാഗതം തടസപ്പെട്ടത്. ഇരുചക്രവാഹനങ്ങള്‍പോലും കടന്നു പോകാനാവാത്ത സ്ഥിതിയുണ്ടായപ്പോള്‍ കൂടുതല്‍ പൊലിസ് ഉദ്യോഗസ്ഥരെ നിയോഗിച്ച് ഗതാഗതം വഴിതിരിച്ചുവിട്ടു.
വൈകിട്ട് 4.30 ഓടെ തുടങ്ങിയ കനത്ത മഴ അല്പം ശല്യം ചെയ്തെങ്കിലും കടകളിലെ തിരക്കിന് ശമനമുണ്ടായില്ല. എന്നാല്‍ വഴിയോരക്കച്ചവടക്കാര്‍ക്ക് മഴ പ്രതികൂലമായി.
എല്ലാവിധ വ്യാപാരശാലകളിലും മെച്ചപ്പെട്ട കച്ചവടമാണ് നടക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാരും പൊതുമേഖലാ സ്ഥാനപങ്ങളിലെ ജീവനക്കാരും ഉള്‍പ്പെടെ ബോണസ് ആനുകൂല്യം കൈപ്പറ്റുന്ന വിഭാഗമാണ് കൂടുതലായും ഗൃഹോപകരണവിപണിയില് എത്തിയത്. സ്വര്‍ണാഭരണശാലകളും തിരക്കിലമര്‍ന്നു.
ഓണസദ്യയുടെയും പായസത്തിന്റെയും ബുക്കിങ് ഇന്നലെയും തകൃതിയായി നടന്നു. ഓണസദ്യയുടെ മേമ്പൊടി വിഭവങ്ങളായ ഉപ്പേരി, ശര്‍ക്കര വരട്ടി, വിവിധതരം അച്ചാറുകള്‍ എന്നിവയ്ക്കെല്ലാം ആവശ്യക്കാരേറെയാണ്. ഓണത്തിനു മധുരം പകരാന്‍ നാടെങ്ങും പായസമേളകളുടെയും തിരക്കാണ്.
പൂവിപണിയിലെ തിരക്കിനും കുറവില്ല. സിവില്‍ സപ്ലൈസ് കോര്‍പറേഷനും കണ്‍സ്യൂമര്‍ഫെഡും വിഎഫ്പിസികെയും പലവ്യഞ്ജനങ്ങളും പച്ചക്കറികളും ന്യായവിലയ്ക്ക് ലഭ്യമാക്കിയത് ഏറെ ഉപകാരപ്രദമായി. എല്ലാവിധ ക്ഷേമപെന്‍ഷനുകളും സര്‍ക്കാര്‍ ഓണത്തിന് മുന്‍പേ നല്കിയതിനാല് കാണം വില്‍ക്കാതെ ഓണമുണ്ണാനുള്ള സ്ഥിതിയുമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."