സര്‍ക്കാര്‍ ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍: 'പുനര്‍ജനി'യുമായി നാഷണല്‍ സര്‍വിസ് സ്‌കീം
കല്‍പ്പറ്റ: സര്‍ക്കാര്‍ ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ പുനര്‍ജനി പദ്ധതിയുമായി സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലെ നാഷണല്‍ സര്‍വിസ് സ്‌കീം ടെക്‌നിക്കല്‍ സെല്‍. സുസ്ഥിര വികസനം മുന്‍നിര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന നവകേരള പദ്ധതിയുടെ ഭാഗമായാണ് പുനര്‍ജനി പദ്ധതി പ്രാവര്‍ത്തികമാക്കുന്നത്. സംസ്ഥാന വ്യാപകമായി ഈ വര്‍ഷം പദ്ധതിയില്‍ 53 ആതുരാലയങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
യഥാസമയം അറ്റകുറ്റപ്പണി നടത്താത്തതുമൂലം സര്‍ക്കാര്‍ ആതുരാലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ പരിമിതമാകുന്ന അവസ്ഥ വളന്റിയര്‍മാരുടെ സന്നദ്ധ സേവനത്തിലൂടെ അകറ്റുന്നതിനു രൂപകല്‍പ്പന ചെയ്തതാണ് പദ്ധതി. ആശുപത്രികളില്‍ ഉപയോഗ ശൂന്യമായിക്കിടക്കുന്ന വിലപ്പിടിപ്പുള്ള ഉപകരണങ്ങള്‍, ഓപ്പറേഷന്‍ ടേബിളുകള്‍, നെബുലൈസറുകള്‍, ബി.പി അപ്പാരറ്റസ്, കട്ടിലുകള്‍, മേശകള്‍, ഡ്രിപ്പ് സ്റ്റാന്‍ഡുകള്‍, ട്രോളികള്‍, വീല്‍ചെയറുകള്‍, വൈദ്യുത ജലവിതരണ സംവിധാനങ്ങള്‍, മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ എന്നിവയുടെ പുനരുജ്ജീവനമാണ് പദ്ധതിയില്‍ നടത്തുന്നത്.
തകര്‍ന്നുകിടക്കുന്ന കെട്ടിടങ്ങളുടെ മരാമത്ത് പണിയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആരോഗ്യവകുപ്പിനും തദ്ദേശ സ്വയംഭരണവകുപ്പിനും ചികിത്സക്ക് സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്ന നിര്‍ധന രോഗികള്‍ക്കും പ്രയോജനം ലഭിക്കുന്നതാണ് പദ്ധതിയെന്ന് സങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ.കെ.പി ഇന്ദിരാദേവി പറഞ്ഞു.
യുവജനങ്ങളെ രാഷ്ട്ര പുനര്‍നിര്‍മാണത്തില്‍ പങ്കാളികളാക്കുക, സാമൂഹികസേവനത്തിലൂടെ സ്വയം വളരാന്‍ അവര്‍ക്ക് അവസരമൊരുക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് എന്‍.എസ്.എസ് ടെക്‌നിക്കല്‍ സെല്‍ പദ്ധതി നടപ്പിലാക്കുന്നതെന്ന് പ്രോഗ്രാം കോഡിനേറ്റര്‍ അബ്ദുല്‍ ജബ്ബാര്‍ അഹമ്മദ് പറഞ്ഞു. പദ്ധതിയുടെ ഭാഗമായി ഓണം അവധിക്കാലത്ത് ഏഴുദിവസത്തെ ക്യാംപ് സംഘടിപ്പിക്കുന്നുണ്ട്. ഇതിലൂടെ പത്ത് കോടിയിലേറെ രൂപയുടെ ആസ്തികള്‍ പുനഃസൃഷ്ടിക്കാനാണ് സെല്‍ ലക്ഷ്യമിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."