അരി എത്തിയില്ല; പക്ഷേ, വാങ്ങാന്‍ സര്‍ക്കാര്‍ നിര്‍ദേശം!
മലപ്പുറം: റേഷന്‍ കടകള്‍ക്കു വിതരണം ചെയ്യാത്ത അരി മൂന്നാം തിയതിക്കകം വാങ്ങണമെന്നു സര്‍ക്കാര്‍ നിര്‍ദേശം. ഇതോടെ അരി വാങ്ങാനായി റേഷന്‍കടയിലെത്തിയവരും റേഷന്‍ വ്യാപാരികളും വട്ടംകറങ്ങി.
സബ്‌സിഡിയുള്ള എ.പി.എല്‍ കാര്‍ഡൊന്നിന് ഓണത്തിനു മൂന്നു കിലോ അരിയും ഒരു കിലോ പഞ്ചസാരയും രണ്ടു പാക്ക് ആട്ടപ്പൊടിയും അര ലിറ്റര്‍ മണ്ണെണ്ണയും സബ്‌സിഡി നിരക്കിലും ബി.പി.എല്‍ കാര്‍ഡിനു മൂന്നു കിലോ അരിയും രണ്ടു കിലോ ഗോതമ്പും സൗജന്യമായും ലഭിക്കുമെന്നായിരുന്നു അറിയിപ്പ്. അറിയിപ്പ് സാമൂഹ്യമാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ ഉപഭോക്താക്കള്‍ കൂട്ടത്തോടെ കടകളിലെത്തി. എന്നാല്‍, ജില്ലയിലെ മിക്ക റേഷന്‍ കടകളിലും ഇതിനുള്ള ഭക്ഷ്യധാന്യങ്ങളൊന്നും എത്തിയിരുന്നില്ല.
കഴിഞ്ഞ മാസം വിതരണം ചെയ്തു ബാക്കിയുള്ള അരിയും ഗോതമ്പും പഞ്ചസാരയും ആട്ടപ്പൊടിയും വിതരണം ചെയ്യാനായിരുന്നു സപ്ലൈ ഓഫിസുകളില്‍നിന്നു റേഷന്‍ വ്യാപാരികള്‍ക്കു വാക്കാല്‍ ലഭിച്ച നിര്‍ദേശം. എന്നാല്‍, ഭൂരിഭാഗം കടകളിലും ഇവ ബാക്കിയുണ്ടായിരുന്നില്ല. മാത്രമല്ല, ഈ മാസം മുതല്‍ വിതരണം ചെയ്യേണ്ട ഭക്ഷ്യധാന്യങ്ങളുടെ അലോട്ട്‌മെന്റ് പോലും ഇല്ലെന്നിരിക്കെ സര്‍ക്കാര്‍ ഉപഭോക്താക്കളെ വട്ടംകറക്കുകയായിരുന്നുവെന്നു വ്യാപാരികള്‍ പറഞ്ഞു.
റേഷന്‍ കടകളില്‍ അരി വാങ്ങാന്‍ ഉപഭോക്താക്കളെത്തിയതോടെ പലസ്ഥലങ്ങളിലും വാത്തുതര്‍ക്കവുമുണ്ടായി. കഴിഞ്ഞ മാസത്തെ ധാന്യങ്ങള്‍ ഈ മാസം വിതരണം ചെയ്യുന്നതോടെ ഈ മാസം ലഭിക്കേണ്ട ഭക്ഷ്യധാന്യത്തില്‍ വലിയ കുറവുണ്ടാകും. ഇതെങ്ങനെ പരിഹരിക്കുമെന്ന നിര്‍ദേശവും അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ല. പ്രശ്‌നത്തില്‍ കൃത്യമായ നിര്‍ദേശം നല്‍കി അരി ലഭിക്കാത്ത സ്ഥലങ്ങളില്‍ എത്തിച്ചും ഈ മാസത്തെ കുറവുള്ള ധാന്യങ്ങള്‍ കടകളില്‍ വിതരണം ചെയ്തും വ്യാപാരികളുടെ പ്രയാസങ്ങള്‍ പരിഹരിക്കണമെന്നു റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് കാടാമ്പുഴ മൂസ ഹാജി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."