ക്ലാസ് തുടങ്ങിയത് രണ്ടു വര്‍ഷം മുന്‍പ്; ശിഷ്യഗണങ്ങള്‍ ലക്ഷത്തിലേറെ
കുറ്റിപ്പുറം: വേറിട്ട അധ്യാപനത്തിന്റെ സുഖം ആവോളം ആസ്വദിക്കുകയാണ് സൂര്‍പ്പില്‍ മുഹമ്മദ് അഷ്‌റഫ്. വിഷയം റോഡ്് സുരക്ഷയും നിയമങ്ങളും. ഒരു ക്ലാസില്‍ ചുരുങ്ങിയത് അഞ്ഞൂറ് പേരെങ്കിലും അഷ്‌റഫിന്റെ ക്ലാസിലുണ്ടാകും. ഇത്തരത്തില്‍ ലക്ഷങ്ങള്‍ക്ക് ഇപ്പോള്‍തന്നെ അറിവ് പകര്‍ന്നുകഴിഞ്ഞു തിരൂര്‍ മോട്ടാര്‍ വാഹന വകുപ്പില്‍ എ.എം.വി.ഐ ആയ അഷ്‌റഫ്. തന്റെ ക്ലാസില്‍നിന്ന് പാഠംഉള്‍ക്കൊണ്ട് ഒരാളെങ്കിലും അത് പ്രാവര്‍ത്തികമാക്കിയാല്‍ നിരവധി ജീവനുകള്‍ രക്ഷപ്പെടുമെന്ന നിര്‍വൃതിയാണ് അഷ്‌റഫിനുള്ളത്.
2000ല്‍ തിരൂര്‍ എസ്.എസ് എം പോളിടെക്‌നിക്കില്‍ നിന്ന് ഓട്ടോമൊബൈല്‍ എന്‍ജിനിയറിങില്‍ ഡിപ്ലോമ നേടിയ ശേഷം അതേ വര്‍ഷം സര്‍ക്കാര്‍ ഐ.ടി.ഐയില്‍ അധ്യാപകനായി ചേര്‍ന്നു. പിന്നീട് വിദേശത്തേക്ക് പോയി 2013ലാണ് എ.എം.വി.ഐയായി എത്തുന്നത്. ഏറ്റവും ഇഷ്ടവിഷയം അധ്യാപനമാണെങ്കിലും വിപരീത തലത്തിലുള്ള ജോലിയാണ് ലഭിച്ചത്. എന്നാല്‍ നിയോഗംപോലെയാണ് വാഹനമെടുക്കുന്നവര്‍ക്കും ലൈസന്‍സെടുക്കുന്നവര്‍ക്കുമുള്ള നിര്‍ബന്ധിത ക്ലാസെടുക്കാന്‍ ചുമതല ലഭിക്കുന്നത്.
18 വയസുള്ളവര്‍ മുതല്‍ പ്രായമായവര്‍വരെ ക്ലാസിലുണ്ടാകും. നര്‍മത്തില്‍ ചാലിച്ച ക്ലാസില്‍ അനുഭവങ്ങളും റോഡ് നിയമങ്ങളും പകര്‍ന്ന് നല്‍കുമ്പോള്‍ റോഡ് സുരക്ഷയുടെ തെളിഞ്ഞ ചിത്രമാണ് ശ്രോതാക്കള്‍ക്ക് ലഭിക്കുക.
മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനാണെങ്കിലും ഇഷ്ട ജോലിയായ അധ്യാപനം തന്നെ ലഭിച്ചതില്‍ ഏറെ സന്തുഷ്ടനാണ് ഇദ്ദേഹം. ഒരു നിമിഷത്തെ അശ്രദ്ധ നിങ്ങളുടെ ജീവനെടുത്തേക്കാമെന്ന ചിന്ത പകര്‍ന്നുനല്‍കാനാണ് താന്‍ഏറെ ശ്രമിക്കാറുള്ളതെന്ന് അഷ്‌റഫ് പറയുന്നു. ജോലിക്കുപുറമെ സാമൂഹ്യ, സാംസ്‌കാരിക രംഗങ്ങളിലും നിറസാന്നിധ്യാമായ അഷ്‌റഫ് സമയം ലഭിക്കുമ്പോഴെല്ലാം റോഡ് സുരക്ഷാ ബോധവത്കരണത്തിന് സമയം കണ്ടെത്തുന്നു. ഒരു രൂപപോലും പ്രതിഫലം വാങ്ങാതെ ഏത് സ്ഥലത്തുപോയി ക്ലാസെടുക്കാനും അഷ്‌റഫ് തയാറാണ്. അതുകൊണ്ടുതന്നെ മിക്ക അവധി ദിവസങ്ങളിലും ഇദ്ദേഹം തിരക്കിലാണ്. ഏതാവശ്യത്തിനും നേരിട്ടെത്തുന്ന അപേക്ഷകര്‍ക്ക് എല്ലാ സഹായങ്ങളും നിയമോപദേശങ്ങളും നല്‍കുന്നത് വഴി ഏജന്റുമാരുടെ കണ്ണിലെ കരടാണ് ഇദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."