മന്ത്രിസഭാ പുനഃസംഘടന: വിമര്‍ശനവുമായി രാജീവ് പ്രതാപ് റൂഡി
ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയില്‍ ബിജെപിക്കകത്ത് പുകഞ്ഞുകൊണ്ടിരിക്കുന്ന പ്രതിഷേധം പുറത്തേക്ക്. മന്ത്രി സഭയിലെ പ്രകടനം മോശമായതിനെ തുടര്‍ന്ന് മന്ത്രി സ്ഥാനം തെറിച്ച രാജീവ് പ്രതാപ് റൂഡിയാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രിക്കും അമിത്ഷായ്ക്കുമെതിരേ പരസ്യമായി രൂക്ഷവിമര്‍ശനം നടത്തിയത്. മോദിയേയും അമിത്ഷായേയും പേരെടുത്തുപറയാതെ തന്റെ യജമാനന്‍മാര്‍ എന്നാണ് റൂഡി വിശേഷിപ്പിച്ചത്.
താന്‍ മോശം പ്രകടനമാണ് കാഴ്ച്ചവച്ചതെന്നാണ് തന്റെ 'ബോസുമാര്‍' വിചാരിക്കുന്നതെങ്കില്‍ ആ സര്‍ട്ടിഫിക്കറ്റ് എടുക്കാന്‍ തനിക്കാവില്ലെന്ന് അദ്ദേഹം പറഞ്ഞു. താന്‍ മികച്ച രീതിയില്‍ തന്നെയാണ് പ്രവര്‍ത്തിച്ചത്. എന്നാല്‍ ഇക്കാര്യം പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തുന്നതില്‍ താന്‍ പരാജയപ്പെട്ടെന്നും റൂഡി പറഞ്ഞു. തന്റെ പ്രകടനം മോശമായിരുന്നു എന്ന് പറയുന്നത് യാഥാര്‍ഥ്യത്തിന് നിരക്കാത്തതാണ്. ഇനി എന്റെ പിന്‍ഗാമികളും വിമര്‍ശകരുമാണ് അത് സാക്ഷ്യപ്പെടുത്തേണ്ടത്. മാറ്റങ്ങള്‍ ദൃശ്യമാകാന്‍ സമയമെടുക്കും- റൂഡി കൂട്ടിച്ചേര്‍ത്തു.
ഡല്‍ഹിയില്‍ നിന്ന് പട്‌നയിലേക്ക് പോയ രാജീവ് പ്രതാപ് റൂഡിയെ അതേവിമാനത്തില്‍ വീണ്ടും ഡല്‍ഹിയിലേക്ക് വിളിച്ചുവരുത്തിയാണ് അമിത്ഷാ രാജി ആവശ്യപ്പെട്ടത്. രാജിവച്ചത് പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുമാത്രമാണെന്നായിരുന്നു രാജിക്കുപിന്നാലെ റൂഢി പ്രതികരിച്ചിരുന്നത്. റൂഡി ഉള്‍പ്പെടെ ആറ് പേരെയാണ് അമിത്ഷാ പുനഃസംഘടനയുടെ ഭാഗമായി പുറത്താക്കിയത്. മന്ത്രിസഭ പുനഃസംഘടനയുമായി ബന്ധപ്പെട്ട് അമിത്ഷായും നരേന്ദ്രമോദിയും എകപക്ഷീയമായ തീരുമാനമെടുക്കുന്നതില്‍ ദേശീയ നേതാക്കളിലും എന്‍.ഡി.എ സഖ്യകക്ഷികളിലും അമര്‍ഷമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."