അപകടം പതിയിരിക്കുന്ന സീതാര്‍കുണ്ട് വെള്ളചാട്ടം
പാലക്കാട്: തെന്മല താഴ്‌വരയിലെ സീതാര്‍കുണ്ട് വെള്ളച്ചാട്ടം കാണാനും കുളിക്കാനുമെത്തുന്നവരുടെ എണ്ണം കൂടി വരുന്നു. അപകടം പതിയിരിക്കുന്ന ഇവിടെ എത്തുന്ന വിനോദസഞ്ചാരികളെ നിയന്ത്രിക്കാനോ സുരക്ഷയൊരുക്കാനോ യാതൊരു സംവിധാനവും അധികൃതര്‍ ഒരുക്കിയിട്ടില്ല.
നെമ്മാറ വനംഡിവിഷന്റെ പരിധിയില്‍ വരുന്ന സ്ഥലമായതിനാല്‍ വനംവകുപ്പ് ഒരു അപകട മുന്നറിയിപ്പ് ബോര്‍ഡ് മാത്രം വെച്ചതൊഴിച്ചാല്‍ മറ്റൊരു സംവിധാനവും ഒരുക്കാന്‍ തയ്യാറായിട്ടില്ല. അതിനാല്‍ വെള്ളച്ചാട്ടത്തിന് താഴെ സ്ത്രീകളും, പുരുഷന്‍മാരും, കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ കുളിക്കുന്നത് അപകടത്തിന് വഴിവെക്കും.
അവധി ദിവസങ്ങളിലും, ഉത്സവ സമയങ്ങളിലും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ധാരാളം വിനോദ സഞ്ചാരികള്‍ ഇവിടെ എത്തുന്നുണ്ട്. കൂടുതല്‍ പേരും പുഴയില്‍ ഇറങ്ങി കുളിച്ചതിന് ശേഷമാണ് മടങ്ങി പോകുന്നത്. മദ്യപിക്കാന്‍ സൗകര്യമുക്കുള്ളതിനാല്‍ കൂടുതല്‍ പേരും ഇതിനായാണ് ഇവിടെ എത്താറുള്ളതെന്ന് നാട്ടുകാര്‍ പറയുന്നു. മദ്യപരുടെ ശല്യം വെള്ളച്ചാട്ടം കാണാനെത്തുന്നവര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. വെള്ള ചാട്ടത്തിന് സമീപമുള്ള പാറകളില്‍ നിന്നും താഴെ വെള്ളത്തിലേക്ക് ചാടുന്നതും അപകടമുണ്ടാക്കുന്നു.
മഴയൊന്നു ചാറിയാല്‍ തെന്മലയില്‍ നിന്നും ഒഴുകി വരുന്ന വെള്ളച്ചാട്ടം കുത്തിയൊലിച്ചു വരുന്നത് സീതാര്കുണ്ട് പുഴയിലേക്കാണ്. ഇവിടെയാണ് വിനോദ സഞ്ചാരത്തിനെത്തുന്നവര്‍ കുളിക്കുന്നത്. കനത്തമഴ പെയ്താല്‍ വെള്ളം ശക്തമായി കുത്തിയൊലിക്കും. ഈ സമയത്തു കരയിലേക്ക് പെട്ടെന്ന് കയറാനും കഴിയില്ല. മലവെള്ള പാച്ചിലില്‍ താഴേക്ക് ഒഴുകി അപകടമുണ്ടാവാന്‍ സാധ്യതയേറെയാണ്.
ഇപ്പോള്‍ ഇവിടെയെത്തുന്ന സഞ്ചാരികളെ നിയന്ത്രിക്കാന്‍ യാതൊരു സംവിധാനവും ഗ്രാമപഞ്ചായത്തോ വനം വകുപ്പോ ചെയ്തിട്ടില്ല. വൈകിട്ട് അഞ്ചു മണി കഴിഞ്ഞാല്‍ തന്നെ ഈ പ്രദേശം ഇരുട്ടിലാണ്. വൈദ്യുതി എത്താത്തതിനാല്‍ വെളിച്ചവും ഇല്ല.
ഇവിടെ എത്തുന്നവര്‍ ചില സമയത്തു രാത്രി ഏഴു വരെ നില്‍ക്കാറുണ്ട്. കാട്ടാനകളുടെയും പുള്ളിപുലിയുടേയും ശല്യം കൂടുതലുള്ള മേഖലകൂടിയാണിത്. വെള്ളചാട്ടത്തിനടുത്തെത്താന്‍ ഒരു കനാല്‍ കടക്കണം. അതിനു മുകളിലേക്ക് പാലമോ മറ്റു സംവിധാനമോ ഇല്ലാത്തതിനാല്‍ പാലം കടക്കല്‍ കഷ്ടപ്പെട്ടാണ്. പ്രകൃതിയുടെ സൗന്ദര്യം നുകരാന്‍ പറ്റിയ വിനോദ സഞ്ചാര കേന്ദ്രം കൂടിയാണിവിടം.
ധാരാളം ടൂറിസം സാധ്യതയുമുണ്ട്. അതൊന്നും പ്രയോജനപ്പെടുത്താന്‍ അധികാരികള്‍ക്ക് കഴിയുന്നില്ല. കാലങ്ങളായി സീതാര്‍കുണ്ട് ടൂറിസം പദ്ധതിയെക്കുറിച്ചു കൊല്ലങ്കോട് പഞ്ചായത്ത് ചര്‍ച്ച നടത്തി വരുന്നുണ്ടെങ്കിലും ഇതുവരെ ഒന്നും നടപ്പിലാക്കിയിട്ടില്ല. വെള്ളച്ചാട്ടം കാണാന്‍ എത്തുന്നവര്‍ക്ക് പ്രാഥമികകര്‍മം നടത്താനുള്ള സൗകര്യം പോലും ഒരുക്കാന്‍ കഴിയാത്തത് സഞ്ചാരികള്‍ക്ക് വിനയായിട്ടുണ്ട്.
വനംവകുപ്പ് സ്ഥാപിച്ച വൈദുതി വേലിയെല്ലാം ഇവിടെയെത്തുന്നവര്‍ പൊളിച്ചു മാറ്റിയതിനാല്‍ സമീപത്തുള്ള സ്വകാര്യവ്യക്തികളുടെ കൃഷിയിടങ്ങളിലേക്ക് ആനകള്‍ അതിക്രമിച്ചു കയറി തെങ്ങുകളും മറ്റു കൃഷികളും നശിപ്പിക്കുന്നതും പതിവായിട്ടുണ്ട്. ഇവിടെയെത്തുന്നവരാണ് വൈദ്യുതി വേലി പൊളിച്ചു മാറ്റിയിട്ടുള്ളത്.
ഇതിപ്പോള്‍ വനംവകുപ്പിനും തലവേദനയായിട്ടുണ്ട്. വനംവകുപ്പിന് ഇവിടെ ഇക്കോ ടൂറിസം പദ്ധതികള്‍ നടപ്പാക്കാനും കഴിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."