ജി.എസ്.ടിയില്‍ കുരുങ്ങി വികസനം
മണ്ണാര്‍ക്കാട്: ജി.എസ്.ടിയില്‍ കുരുങ്ങി വികസന പ്രവര്‍ത്തനങ്ങള്‍ മുടങ്ങുന്നു. പഴയ കാല ടാക്‌സിനെക്കാള്‍ 300 ശതമാനത്തിലധികമാണ് ടാക്‌സ് വര്‍ധനവുണ്ടായിരിക്കുന്നത്. നാലു ശതമാനം വാറ്റ്, ഒരു ശതമാനം ഇന്‍കം ടാക്‌സ്, ഒരു ശതമാനം വെല്‍ഫെയര്‍ ഫണ്ടുമടക്കം നേരത്തെ ആറുശതമാനമായിരുന്ന ടാക്‌സ് ജി.എസ്.ടി നിലവില്‍ വന്നതോടെ 20 ശതമാനമായി വര്‍ധിച്ചതാണ് കരാറുകാര്‍ പ്രവര്‍ത്തികള്‍ ബഹിഷ്‌കരിക്കുന്നതിലേക്ക് എത്തിച്ചത്.
2017-18 സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തികള്‍ ടെണ്ടര്‍ നടപടികള്‍ നടന്നുകൊണ്ടിരിക്കുന്ന സഹചര്യത്തില്‍ കരാറുകാരുടെ ബഹിഷ്‌കരണം ജനപ്രതിനിധികള്‍ ഏറെ ആശങ്കയോടെയാണ് കാണുന്നത്.
അലനല്ലൂര്‍, തെങ്കര, കാഞ്ഞിരപ്പുഴ, തച്ചനാട്ടുകര, കോട്ടോപ്പാടം തുടങ്ങിയ പഞ്ചായത്തുകളിലെ ടെണ്ടര്‍ നടപടികള്‍ ഇതിനോടകം തന്നെ കരാറുകാര്‍ ബഹിഷ്‌കരിച്ചു. കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ പുതുതായി നടപ്പാക്കിയ നയവും വികസന പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചിരുന്നു.
പശ്ചാത്തല വികസനത്തില്‍പ്പെട്ട റോഡ് ടാറിങ് പ്രവര്‍ത്തിക്കുളള ടാര്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ (ഐ.ഒ.സി) നിന്ന് വാങ്ങണമെന്ന നിബന്ധന കാരണം ഒട്ടുമിക്ക തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും ടാര്‍ ഉപയോഗിച്ചുളള പ്രവര്‍ത്തികളൊന്നും തന്നെ നടന്നിരുന്നില്ല.
നിര്‍വഹണ ഉദ്യോഗസ്ഥരായ ഗ്രാമപഞ്ചായത്തുകളിലെ സെക്രട്ടറി, അസി.എന്‍ജീനീയര്‍ എന്നിവര്‍ ഐ.ഒ.സിയില്‍ നിന്ന് ടാര്‍ നേരിട്ട് വാങ്ങണമെന്നായിരുന്നു. അല്ലെങ്കില്‍ കരാറുകാര്‍ പ്രവര്‍ത്തി ഏറ്റെടുത്ത് നടത്തുകയാണെങ്കില്‍ ഐ.ഒ.സിയില്‍ നിന്ന് വാങ്ങിയ ബില്ല് വെക്കണമെന്നുമായിരുന്നു. കരാറുകാരെ സംബന്ധിച്ച് കുറച്ച് ടാര്‍ അവിടെ നിന്ന് കൊണ്ടുവരുകയെന്നത് പ്രായോഗിക മല്ലെന്ന് അധികൃതരോട് വ്യക്തമാക്കിയതോടെ ചുരുക്കം ചില ഗ്രാമപഞ്ചായത്തുകളില്‍ പ്രവര്‍ത്തികള്‍ നടന്നതൊഴിച്ചാല്‍ കഴിഞ്ഞ വര്‍ഷത്തെ ഒട്ടുമിക്ക തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും ടാര്‍ ഉപയോഗിച്ചുളള പ്രവര്‍ത്തി നടന്നില്ല. പുതിയ ടാക്‌സ് സമ്പ്രദായമായ ജി.എസ്.ടിയും വികസന മുരടിപ്പിന് കൂനിന്‍മേല്‍ കുരുവായിരിക്കുകയാണ്.
ഗുണഭോക്തൃകമ്മിറ്റിയുടെ കീഴില്‍ അരലക്ഷത്തില്‍ താഴെ എസ്റ്റിമേറ്റ് തുകയുളള പ്രവര്‍ത്തികളെ ചെയ്യാന്‍ കഴിയുവെന്ന പുതിയ നിബന്ധനയും വികസന പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."