അധികൃതരുടെ അവഗണന; കോവളത്ത് ഓണം ഇരുട്ടിലായി
കോവളം: അധികൃതരുടെ അവഗണനയെ തുടര്‍ന്ന് കോവളത്ത് ഇരുട്ടത്ത് ഓണമാഘോഷിച്ച് സഞ്ചാരികള്‍. അന്തര്‍ദേശീയ ടൂറിസം കേന്ദ്രമായ കോവളത്താണ് ഓണാഘോഷം ഇരുട്ടിലായത്. തീരത്തെ തെരുവ് വിളക്കുകള്‍ കത്താതായിട്ട് മാസങ്ങളായെന്ന വാര്‍ത്തയെ തുടര്‍ന്ന് ടൂറിസം സെക്രട്ടറിയടക്കമുള്ളവര്‍ കോവളത്തെത്തി തെരുവ് തീരത്തന്റെ ശോചനീയാവസ്ഥ നേരിട്ട് കണ്ടിരുന്നു.
തുടര്‍ന്ന് കോവളത്തിന്റെ ശോചനീയാവസ്ഥക്ക് പരിഹാരം കാണാന്‍ പ്രത്യേക പാക്കേജ് തയാറാക്കുമന്നും നവീകരണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടങ്ങുമെന്നും ഓണത്തിന് മുന്‍പ് തെരുവു വിളക്കുകള്‍ കത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും ഉറപ്പ് നല്കിയിരുന്നു. ഉന്നത ഉദ്യോഗസ്ഥര്‍ നല്കിയ ഉറപ്പ് വെള്ളത്തില്‍ വരച്ച വരപോലെ ആയതാണ് ഓണം ആഘോഷിക്കാന്‍ കോവളത്തെത്തിയവര്‍ കണ്ടത്. വൈദ്യുതി ബില്ലടക്കുന്നത് സംബന്ധിച്ച് നഗരസഭയും കെ.എസ്.ഇ.ബിയും തമ്മിലുള്ള ചക്കളത്തി പോരും കോവളം നവീകരണ പ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ളവര്‍ അവധിയാഘോഷിക്കാന്‍ ജനം ഒഴുകിയെത്തുന്ന കോവളം ബീച്ചിലെ തെരുവ് വിളക്കുകളുടെ അറ്റകുറ്റപ്പണി നടത്താതെ വെള്ളാറിലെ അടച്ചിട്ടിരിക്കുന്ന ക്രാഫ്റ്റ് വില്ലേജില്‍ വിളക്ക് സ്ഥാപിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോയതും കോവളം ബീച്ച് ഇരുട്ടിലാകാന്‍ കാരണമെന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.
ടൂറിസം സീസണ്‍ ആരംഭിക്കാന്‍ ഏതാനും നാളുകള്‍ മാത്രം ബാക്കി നില്‌ക്കെ പൊട്ടിപ്പൊളിഞ്ഞ നടപ്പാതകളും കൈവരികളും തെളിയാത്ത വിളക്കുകളും ഈ മനോഹര തീരത്തിന്റെ ശോഭ കെടുത്തുകയാണ്. ഓഫ് സീസണില്‍ നടത്തേണ്ട നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സീസണ്‍ ആരംഭിക്കാറായിട്ടും തയാറാകാത്ത അധികൃതരുടെ നിലപാടില്‍ പ്രതിഷേധം ശക്തമാകുകയാണ്. ഇതിനിടെ ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ സഹകരണത്തോടെ കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷമായി കോവളം പാലസ് ജങ്ഷനില്‍ നടത്തി വന്നിരുന്ന കോവളത്തെ ഓണാഘോഷ പരിപാടികള്‍ ഇത്തവണ ഏകപക്ഷീയമായി സമുദ്രാബീച്ചിലേക്ക് മാറ്റിയതും കോവളം ബീച്ചിന് തിരിച്ചടിയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."