ബംഗ്ലാദേശികള്‍ കേരളത്തില്‍
എടവണ്ണപ്പാറ: കഴിഞ്ഞദിവസം എടവണ്ണപ്പാറയില്‍ നടന്ന റെയ്ഡില്‍ പിടിയിലായ 35 ബംഗ്ലാദേശികളില്‍നിന്നു പൊലിസിനു ലഭിച്ചത് രാജ്യാതിര്‍ത്തിയില്‍ നിര്‍ബാധം നടക്കുന്ന ഞെട്ടിപ്പിക്കുന്ന അഴിമതിയുടെ വിവരങ്ങള്‍. മൂവായിരം മുതല്‍ അയ്യായിരം രൂപവരെ കൈക്കൂലി നല്‍കിയാണത്രെ ഇവര്‍ അതിര്‍ത്തി കടക്കുന്നത്. ഇന്ത്യന്‍ അതിര്‍ത്തിയില്‍ എത്തി ബംഗാളികള്‍ എന്ന വ്യാജേന ഈ പട്ടിണിപ്പാവങ്ങള്‍ 'പറുദീസ'യായ കേരളത്തില്‍ തൊഴില്‍തേടി കൂട്ടത്തോടെ എത്തുകയാണ്.
പണ്ട് കള്ളലോഞ്ചിലും മറ്റും ഗള്‍ഫില്‍ കടന്ന മലയാളിയെപ്പോലെ നാട്ടിലെ പട്ടിണിയും ദുരിതവും സഹിക്കവയ്യാതെയാണ് ബംഗ്ലാദേശികള്‍ കേരളത്തിലേയ്ക്ക് വ്യാജരേഖയുടെ സഹായത്തോടെ എത്തുന്നത്. എന്നാല്‍, അവര്‍ ചെയ്യുന്ന കുറ്റത്തേക്കാള്‍ ഭീകരമാണ് അവരുടെ ദുരിതം മുതലെടുത്തു പണം വാങ്ങി അതിര്‍ത്തി കയറ്റിവിടുന്നതും വ്യാജരേഖകള്‍ നിര്‍മിച്ച് അവരെ ഇന്ത്യക്കാരാക്കി മാറ്റുന്നതും.
പിടിയിലായ ബംഗ്ലാദേശികളില്‍നിന്നും അതിര്‍ത്തിയിലെ അഴിമതിയുടെ കഥ മുഴുവന്‍ കിട്ടിയിട്ടുണ്ടെങ്കിലും പൊലിസ് അത് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. അതേസമയം, കേരളത്തില്‍ തൊഴില്‍തേടി നൂറുകണക്കിനു ബംഗ്ലാദേശികള്‍ എത്തുന്നതിനാല്‍ ഇതു സംബന്ധിച്ച് ഉന്നതതലത്തില്‍ വ്യാപകമായ അന്വേഷണം നടത്തേണ്ടത് ആവശ്യമാണെന്ന് പൊലിസ് ഉദ്യോഗസ്ഥര്‍ മാധ്യമപ്രവര്‍ത്തകരുമായുള്ള ആശയവിനിമയത്തിനിടയില്‍ അറിയിച്ചു. കേരളത്തില്‍ മാത്രമല്ല, മറ്റു മിക്ക സംസ്ഥാനങ്ങളിലും പശ്ചിമബംഗാളുകാര്‍ എന്ന വ്യാജേന ആയിരക്കണക്കിനു ബംഗ്ലാദേശികള്‍ ജോലിചെയ്യുന്നുണ്ട്.
അതിര്‍ത്തി കാക്കുന്നവരുടെ കണ്ണുചിമ്മലിലൂടെ ഇന്ത്യന്‍ മണ്ണിലെത്തുന്നവര്‍ക്കു വ്യാജരേഖകളിലൂടെ ആധാര്‍കാര്‍ഡുവരെ ഉണ്ടാക്കിക്കൊടുക്കുന്ന സംഘങ്ങളുണ്ടെന്നാണ് എടവണ്ണപ്പാറയില്‍ പിടികൂടപ്പെട്ടവരെ ചോദ്യം ചെയ്ത പൊലിസിനു ലഭിച്ച വിവരം. എടവണ്ണപ്പാറയില്‍ പിടിയിലായവര്‍ക്ക് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ലഭിച്ചത് പശ്ചിമബംഗാളിലെ കുസ്ത്യാ ജില്ലയിലെ ബസ ബസാറിലെ ട്രൂ സ്റ്റുഡിയോയില്‍ നിന്നാണെന്നാണു വിവരം. ഇതിനായി ബംഗ്ലാദേശിലും ഇന്ത്യയിലും ഏജന്റുമാരുണ്ട്.
കേരളമുള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ തൊഴിലെടുക്കുന്ന ബംഗ്ലാദേശികള്‍ സ്വന്തം നാട്ടിലേയ്ക്കു പണമയയ്ക്കുന്നതും വിചിത്രമായ രീതിയിലാണ്. രേഖപ്രകാരം പശ്ചിമബംഗാളികളായ ഇവര്‍ക്കു ബംഗ്ലാദേശിലേയ്ക്കു നേരിട്ടു പണമയയ്ക്കാന്‍ കഴിയില്ല. അതിനു പകരം അവര്‍ തങ്ങളുടെ സമ്പാദ്യം ഇവിടെയുള്ള പ്രത്യേക ഏജന്റുമാരെ ഏല്‍പ്പിക്കും.ഏജന്റുമാര്‍ കുഴല്‍പ്പണമായി അത് ബംഗ്ലാദേശിലെ ബന്ധുക്കളുടെ കൈകളിലെത്തിക്കുകയും ചെയ്യും.
കൊണ്ടോട്ടി സി.ഐ മുഹമ്മദ് ഹനീഫയുടെയും സ്‌പെഷല്‍ സ്‌ക്വാഡിന്റെയും നേതൃത്വത്തില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കോംപ്ലക്‌സില്‍ നടത്തിയ പരിശോധനയിലാണു ബംഗ്ലാദേശികള്‍ പിടിയിലായത്. ബംഗ്ലാദേശ് സ്വദേശികളായ അഞ്ചുപേര്‍ക്കു മാത്രമാണു പാസ്‌പോര്‍ട്ടുള്ളത്. അതുതന്നെ കാലാവധി കഴിഞ്ഞതാണ്. ബാക്കിയുള്ളവര്‍ പശ്ചിമബംഗാളിലെ വ്യാജ ഐഡന്റിറ്റി കാര്‍ഡാണുള്ളത്. വാഴക്കാട് പൊലിസ് സ്റ്റേഷനില്‍ ഇവരെ ചോദ്യം ചെയ്തുവരികയാണ്. ഇവര്‍ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരാണോയെന്നു പരിശോധിക്കും. ഇന്ന് ഇവരെ കോടതിയില്‍ ഹാജരാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."