ബഹ്‌റൈന്‍ കേരളീയ സമാജം ബിസിനസ് അവാര്‍ഡുകള്‍ വിതരണം ചെയ്തു
മനാമ: ബഹ്‌റൈന്‍ കേരളീയ സമാജം 70-ാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച ബിസിനസ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. മിഡില്‍ ഈസ്റ്റിലെ മികച്ച വ്യവസായി ആയി തിരഞ്ഞെടുക്കപ്പെട്ട അലക്‌സ് ബേബിക്കും ക്ഷേത്ര കളെര്‍സ് ഉടമ ദേവനുമാണ് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി ബി.കെ.എസ് ബിസിനസ് എക്‌സലന്‍സ് അവാര്‍ഡുകള്‍ സമ്മാനിച്ചത്.
വിജയകരമായ ബിസിനസ്സ് സൃഷ്ടിക്കാന്‍ തങ്ങളുടെ നവീനമായ തന്ത്രങ്ങള്‍ പ്രയോഗിച്ച് വിജയിച്ച സംരംഭകര്‍ക്ക് നല്‍കുന്ന അവാര്‍ഡാണ് ബി.കെ.എസ് ഔട്ട്സ്റ്റാന്‍ഡിങ് ബിസിനസ്സ് ഐക്കണ്‍ അവാര്‍ഡ്. ഇതിനായി ഈ വര്‍ഷം പരിഗണിച്ചിരിക്കുന്നത് ആലപ്പുഴയിലെ ഹരിപ്പാട് സ്വദേശി അലക്‌സ് ബേബി, തൃശ്ശൂര്‍ സ്വദേശി ദേവന്‍ എന്നിവരെയാണ്.
1990 ന് ശേഷം ബഹ്‌റൈനില്‍ താമസക്കാരനായ അലക്‌സ് ബേബി കോതമംഗലം എം.എ കോളജില്‍ നിന്ന് ബിരുദം നേടിയ ശേഷം മധുരൈ കാമരാജ് സര്‍വ്വകലാശാലയില്‍ നിന്ന് എം.ബി.എയും സമ്പാദിച്ചു.
നിലവില്‍ ഇലക്ട്രോമെക്കാനിക്കല്‍ എന്‍ജിനീയറിംഗ്, വ്യാവസായിക മേഖലയിലാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നത്. ബഹ്‌റൈന്‍ പ്രോട്ടോക്, ഖത്തറിലെ ഗ്ലോബല്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് തുടങ്ങിനിരവധി കമ്പനികള്‍ അദ്ദേഹത്തിനുണ്ട്.
തൃശൂര്‍ സ്വദേശി ദേവന്‍ 28 വര്‍ഷത്തിലേറെയായി ബഹ്‌റൈനിലുണ്ട്. വ്യവസായ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം തന്നെ ബഹ്‌റൈനിനകത്തും പുറത്തും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നതിലും ദേവന്‍ സജീവമാണ്.
20 വര്‍ഷങ്ങള്‍ക്കു മുന്‍പ് കാര്‍പ്പെന്ററി വര്‍ക്ക്‌ഷോപ്പിലൂടെയാണ് ദേവന്‍ ബിസിനസ് രംഗത്തെത്തിയത്. ബഹ്‌റൈനിലെ വസ്ത്രവ്യാപാര രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹത്തിന്റെ ബിസിനസ് സംരംഭമാണ് കളെര്‍സ് ഗ്രൂപ്പ്. ദേവനുവേണ്ടി അദ്ദേഹത്തിന്റെ ജനറല്‍ മാനേജര്‍ നോയലാണ് അവാര്‍ഡ് ഏറ്റുവാങ്ങാനെത്തിയത്. ചടങ്ങില്‍ ബഹ്‌റൈന്‍ കേരളീയ സമാജം ഭാരവാഹികളും വിവിധ സംഘടനാ പ്രതിനിധികളും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."