നഗരസഭയിലെ മാലിന്യസംസ്‌കരണ പദ്ധതി: കുടുംബശ്രീ ക്ലീനിങ് യൂനിറ്റുകാര്‍ ദുരിതത്തില്‍
ഒലവക്കോട്: നഗരസഭയില്‍ അടുത്ത ഒന്നുമുതല്‍ ഉറവിട ജൈവമാലിന്യ സംസ്‌കരണ പദ്ധതി നടപ്പിലാക്കാനൊരുങ്ങുമ്പോള്‍ ദുരിതത്തിലാവുന്നത് നൂറോളം കുടുംബശ്രീ ജീവനക്കാരാണ്. വീടുകളില്‍ നിന്ന് മാലിന്യമെടുക്കുന്നത് ഒക്‌ടോബര്‍ ഒന്നു മുതല്‍ നിര്‍ത്താനൊരുങ്ങുമ്പോള്‍ 90ഓളം വരുന്നവരുടെ ജീവിതമാര്‍ഗം ഉത്തരമില്ലാത്ത ചോദ്യമാവുകയാണ്.
വര്‍ഷങ്ങളായി നഗരസഭയിലെ വിവിധ വാര്‍ഡുകളിലെ വീടുകളില്‍ നിന്ന് മാലിന്യം ശേഖരിച്ചിരുന്ന കുടുംബശ്രീ സിറ്റി ക്ലീനിങ് യൂനിറ്റുകളിലെ ജീവനക്കാരാണ് പുതിയ സംവിധാനം നടപ്പാക്കുന്നതോടെ ജീവിതം വഴിമുട്ടുന്ന സ്ഥിതിയിലേക്കെത്തുന്നത്.
നിലവില്‍ വീടുകളില്‍ നിന്ന് പ്ലാസ്റ്റിക് മാലിന്യമെടുക്കാന്‍ നഗരസഭ അറിയിച്ചിട്ടുണ്ടെങ്കിലും 100 രൂപ നല്‍കി പ്ലാസ്റ്റിക് മാലിന്യമെടുക്കാന്‍ വരേണ്ടെന്ന നിലപാടിലാണ് മിക്ക ഹൗസിങ് കോളനിയിലെയും വീട്ടുകാര്‍. മാലിന്യം വഴിയില്‍ തള്ളിയാലും വീടുകളില്‍ നിന്നും കാശുതന്ന് മാലിന്യശേഖരണത്തിനു വരേണ്ടെന്ന ആക്രോഷവും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ മാലിന്യമെടുക്കുന്നത് വരുമാനമാര്‍ഗമായിട്ടല്ലെങ്കിലും നിലവിലെ സാമ്പത്തിക ബാധ്യത തീര്‍ക്കാനായിട്ടാണ് പലരും ഈ ജോലിയില്‍ വരുന്നതെന്നത് പരിതാപകരമാണ്.
വീട്ടുകാര്‍ നല്‍കുന്ന വേര്‍തിരിക്കാത്ത മാലിന്യം ഓരോന്നും വേര്‍തിരിച്ച് വൃത്തിയാക്കി ട്രഞ്ചിങ് ഗ്രൗണ്ടിലെത്തിക്കുമ്പോള്‍ ഇവിടെയും ഇവര്‍ക്ക് അവഗണനകളാണ്. നഗരസഭയുടെ ട്രഞ്ചിങ് ഗ്രൗണ്ടിലെ മാലിന്യ നീക്കം കാര്യക്ഷമമായാല്‍ തന്നെ ഒരു പരിധി വരെ ഇവരുടെ പ്രശ്‌നത്തിന് പരിഹാരമാവുമെന്നാണറിയുന്നത്. എന്നാല്‍ നാളുകളായി കൂട്ടുപാതയിലെ ട്രഞ്ചിങ് ഗ്രൗണ്ടില്‍ മാലിന്യനീക്കം നിലച്ച മട്ടാണ്.
ഇടക്കാലത്ത് മാലിന്യനീക്കം നിലച്ചപ്പോള്‍ സിറ്റി ക്ലീനിങ് യൂനിറ്റുകള്‍ക്ക് മാലിന്യം എടുക്കുന്നതിനും പരിധിയുണ്ടായിരുന്നു. എന്നാല്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍ പദ്ധതി നടപ്പിലാക്കുമ്പോള്‍ കുടുംബശ്രീ സിറ്റി ക്ലീനിങ് യൂനിറ്റിലെ തൊഴിലാളികളുമായി ചര്‍ച്ച നടത്തി ഇവര്‍ക്ക് വരുമാന മാര്‍ഗത്തിനായി മറ്റു ജോലികള്‍ നല്‍കുമെന്ന് നഗരസഭാധികൃതര്‍ പറഞ്ഞിരുന്നതെല്ലാം കടലാസിലാണ്.
ഇത്തവണ ഇവരുമായി നടത്തിയ യോഗത്തിലും തീരുമാനമാവാതെ വീണ്ടും യോഗം ചേര്‍ന്ന് ഇവരുടെ കാര്യത്തില്‍ തീരുമാനമെടുക്കാമെന്ന് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ അറിയിച്ചിരുന്നെങ്കിലും കാലങ്ങളായി മാലിന്യശേഖരണം വരുമാനമാര്‍ഗമായ നൂറോളം സിറ്റി ക്ലീനിങ് ജോലിക്കാര്‍ കാത്തിരുപ്പു തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."