നെല്ല് സംഭരണ പ്രശ്‌നങ്ങള്‍ സര്‍ക്കാറിന്റെ ശ്രദ്ധയില്‍ കൊണ്ടുവരും: മുരളി പെരുനെല്ലി എം.എല്‍.എ
തൃശൂര്‍ : നെല്ല് സംഭരണം സംബന്ധിച്ച് കോള്‍കര്‍ഷകര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ സര്‍ക്കാറിന്റെ ശ്രദ്ധയില്‍പെടുത്തുമെന്ന് മുരളി പെരുനെല്ലി എം.എല്‍.എ പറഞ്ഞു. തൃശൂര്‍ കോള്‍പടവ് പ്രതിനിധികളുടെ വാര്‍ഷിക പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പമ്പിംഗ് സബ്‌സിഡി പാടശേഖരസമിതികള്‍ക്ക് മാത്രമായി നിജപ്പെടുത്തുന്ന കാര്യം സര്‍ക്കാരുമായി ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. കളക്ടര്‍ ഡോ.എ.കൗശിഗന്റെ അധ്യക്ഷതയില്‍ തൃശൂര്‍ ടൗണ്‍ ഹാളിലായിരുന്നു യോഗം. ഈ വര്‍ഷത്തെ കോള്‍ കൃഷിക്കാവശ്യമായ വിധം ജില്ലയിലെ ഏനാമാവടക്കമുളള റെഗുലേറ്റുകളിലെയും ബണ്ടുകളിലെയും ജലനിരപ്പും കനാലുകളിലെ നീരൊഴുക്കും സമയബന്ധിതമായി ക്രമീകരിക്കുന്നതിന് ജലസേചന വകുപ്പുദ്യോഗസ്ഥര്‍ ജാഗ്രത പാലിക്കണെമെന്ന് യോഗം നിര്‍ദ്ദേശിച്ചു. ജലക്രമീകരണവുമായി ബന്ധപ്പെട്ട് തുടര്‍ന്ന് വരുന്ന ചില ധാരണ പിശകളുടെ അടിസ്ഥാനത്തിലാണ് മുന്‍കരുതലുകള്‍ കാര്യക്ഷമമാക്കാന്‍ നിര്‍ദ്ദേശമുയര്‍ന്നത്. കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് ജലസേചന വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ.രാധാകൃഷ്ണന്‍ അവതരിപ്പിച്ചു.
ജലക്ഷാമം മൂലം വടക്കന്‍ മേഖലയിലെ ചില പടവുകളില്‍ കൃഷിനാശമുണ്ടായങ്കിലും ജില്ലയില്‍ മൊത്തം 95 ശതമാനം വിളവ് ലഭിച്ചതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കോള്‍ ചാലുകളിലെ തടസ്സങ്ങള്‍ നീക്കല്‍, ചിറയുടെ നിര്‍മ്മാണം തുടങ്ങിയവ ദ്രുതഗതിയില്‍ ആരംഭിക്കാന്‍ നടപടികള്‍ സ്വീകരിച്ചതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ചണ്ടി നീക്കല്‍ കരാര്‍ 3 വര്‍ഷത്തേക്ക് നല്‍കുന്നതിനുളള അപേക്ഷ ജലസേചന വിഭാഗം ചീഫ് എഞ്ചിനീയര്‍ക്ക് സമര്‍പ്പിച്ചതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ബണ്ട് നിര്‍മ്മാണത്തിനായി കൂടുതല്‍ ഫണ്ട് ലഭിക്കേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജലസേചനം കാര്യക്ഷമമാക്കുന്നതിനായി മുന്‍കാലത്ത് സ്വീകരിച്ച് പോന്ന സോണ്‍ കൃഷി സമ്പ്രദായം നടപ്പാക്കാന്‍ പറ്റുമോ എന്ന കാര്യം ആലോചിക്കണമെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. സ്വകാര്യ മില്ലുകള്‍ കര്‍ഷകരെയും പാടശേഖരസമിതികളെയും ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കാന്‍ നടപടികളുണ്ടാകണമെന്നും കര്‍ഷക പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ആക്‌സിയല്‍ പമ്പുകള്‍ ഘട്ടം ഘട്ടമായി സ്ഥാപിക്കാന്‍ നടപടികള്‍ ഉണ്ടാകണമെന്നും കനാല്‍ ചാലുകളില്‍ അടിഞ്ഞ മണ്ണ് നീക്കം ചെയ്ത് കനാലുകളുടെ ജലസംഭരണി ശേഷി വര്‍ദ്ധിപ്പിക്കണമെന്നും ആ മണ്ണ് ബണ്ട് നിര്‍മ്മാണത്തിന് ഉപയോഗപ്പെടുത്തണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. ആവശ്യത്തിന് നെല്‍വിത്തുകള്‍ ലഭ്യമാക്കാന്‍ നടപടിയുണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു. കോള്‍ പടവ് ഉപദേശകസമിതി അംഗങ്ങളുടെ പുതിയ പാനല്‍ യോഗം അംഗീകരിച്ചു. കെ.കെ കൊച്ചു മുഹമ്മദ്, എന്‍.കെ സുബ്രഹ്മണ്യന്‍, മുരളി പെരുനെല്ലി എം.എല്‍.എ, എം.വി രാജേന്ദ്രന്‍, എന്‍.എം ബാലകൃഷ്ണന്‍, കെ.കെ. രാജേന്ദ്രബാബു, വി.കെ വിനോദന്‍, പി.ഒ സെബാസ്റ്റ്യന്‍, വി.എന്‍ ഉണ്ണികൃഷ്ണന്‍, പൊഴുത് അപ്പുക്കുട്ടന്‍, സി.എസ് മെഹബൂബ് ആണ് കമ്മിറ്റി അംഗങ്ങള്‍. ആര്‍.ഡി.ഒ കെ.അജീഷ് , പുഞ്ച സ്‌പെഷ്യല്‍ ഓഫീസര്‍ എം.സത്യന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."