കനത്ത മഴ; ജില്ലയിലെ കിഴക്കന്‍ മേഖല വെള്ളത്തിനടിയില്‍
കൊട്ടാരക്കര: കഴിഞ്ഞ ദിവസം രാത്രി മുതല്‍ നിര്‍ത്താതെ പെയ്ത കനത്ത മഴയില്‍ ജില്ലയിലെ കിഴക്കന്‍ മേഖല വെള്ളത്തിനടിയിലായി.
പലവീടുകളും റോഡുകളും വെള്ളത്തില്‍ മുങ്ങി. ഏനാത്ത് ബെയ്‌ലി പാലത്തില്‍ വെള്ളം കയറി. ഇനിയും മഴ തുടര്‍ന്നാല്‍ പാലം വെള്ളത്തില്‍ മുങ്ങുമെന്ന നിലയിലാണിപ്പോള്‍.
ഏനാത്ത് പാലം ബലക്ഷയം മാറ്റി ഗതാഗതത്തിന് തുറന്ന് കൊടുത്തതോടെ ബെയ്‌ലി പാലത്തില്‍ കൂടി ഗതാഗതം തടഞ്ഞിരിക്കയാണ്. എന്നാല്‍ കാല്‍നട യാത്രക്കാര്‍ ഇതുവഴി കടന്നുപോകുന്നുണ്ട്. കഴിഞ്ഞ ദിവസം രാത്രിയില്‍ പെയ്ത കനത്ത മഴയെ തുടര്‍ന്നാണ് കല്ലടയാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നതും പാലത്തിന്റെ അടിഭാഗത്തേക്ക് വെള്ളം കയറിയതും.പല താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്.
കനത്ത മഴയിലെ തുടര്‍ന്ന എം.സി റോഡ് വെള്ളത്തില്‍ മുങ്ങി. മണിക്കൂറുകളോളം ഇതുവഴിയുള്ള ഗതാഗതം തടസപെട്ടു. എം.സി റോഡിന്റെ ഓരത്ത് നിര്‍ത്തിട്ടിരുന്ന ചില വാഹനങ്ങള്‍ ഒഴുകിപ്പോയി.
വെള്ളം കയറിയതോടെ എം.സി റോഡില്‍ ഇന്നലെ പുലര്‍ച്ചെ മുതല്‍ ഗതാഗതം തടസപ്പെട്ടു രാവിലെ ഏറെ വൈകിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. തിരുവനന്തപുരം റൂട്ടില്‍ വാളകം ആയൂര്‍ എന്നിവിടങ്ങളിലും റോഡില്‍ വെള്ളം കയറി.
വെള്ളം പൂര്‍ണമായും ഇറങ്ങിയ ശേഷമാണ് ഈ പാതകളില്‍ ഗതാഗതം പുന സ്ഥാപിക്കാനായത് കൊട്ടാരക്കരയില്‍ കനത്ത മഴ ഏറ്റവും രൂക്ഷമായി ബാധിച്ചത് മേലിലയിലാണ്. ഇവിടെ പതിനഞ്ചോളം വീടുകളില്‍ വെള്ളം കയറി.
ഇതിനെ തുടര്‍ന്ന് ഈ വീടുകളില്‍ നിന്നുള്ളവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. മേലില കുന്നിക്കോട്, ക്ഷേത്രം കണിയാംകോണം, സ്‌കൂള്‍ റോഡ് എന്നിവിടങ്ങളില്‍ വെള്ളം കയറി ഏറെ നേരത്തേക്ക് ഗതാഗതം നിലച്ചു. ഇതുവഴിയുള്ള കാല്‍നട യാത്ര പോലും അസാധ്യമായി. പലയിടത്തും റോഡുകളെല്ലാം തന്നെ തോടുകള്‍ക്ക് സമാനമായി മാറി.
പുലര്‍ച്ചെ രണ്ട് മണിക്കാരംഭിച്ച മഴ 5.30വരെ നീണ്ടുനിന്നു. കൃഷിയിടങ്ങള്‍ മിക്കതും വെള്ളത്തിനടിയിലാണ്. നെല്‍, വാഴചീനി എന്നിവയെല്ലാം നശിച്ചു. പള്ളിക്കല്‍, പെരുംകുളം, ഇഞ്ചക്കാട്, കൊട്ടാരക്കര തുടങ്ങിയ പല പ്രദേശങ്ങളിലും കൃഷിക്ക് വ്യാപകമായ നാശനഷ്ടം സംഭവിച്ചു.
മഴ പിന്നീട് പെയ്യാത്തതുകൊണ്ട് കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായില്ല. 1998 ന് ശേഷം ഇത്ര ശക്തമായ മഴ ആദ്യമായിയാണ് ലഭിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. പത്തനാപുരം: കുന്നിക്കോട് ആവണീശ്വരത്ത് ഉരുള്‍പൊട്ടലില്‍ വ്യാപക നാശനഷ്ടം.
തോട് കരകവിഞ്ഞൊഴുകി ചക്കുപാറ, കട്ടച്ചൂള എന്നിവിടങ്ങളില്‍ പതിനഞ്ചോളം വീടുകളിലും ആവണീശ്വരം റെയില്‍വേ സ്‌റ്റേഷന്‍ ജുമാ മസ്ജിദിലും വെള്ളം കയറി വ്യാപക നാശനഷ്ടമുണ്ടായി.
വിളക്കുടി റോഡില്‍ വെള്ളം കയറിയതിനാല്‍ വാഹന ഗതാഗതം നിലച്ചതിനൊപ്പം നൂറോളം കുടുംബങ്ങള്‍ ഒറ്റപ്പെട്ട നിലയിലാണ്. വൈദ്യുതി ബന്ധവും തകര്‍ന്നു.
മേഖലയിലെ മിക്ക വിടുകളിലും വെള്ളം കയറിയ നിലയിലാണ്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയതോടെ നിരവധി കുടുംബങ്ങള്‍ വീടുപേക്ഷിച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറി. രക്ഷാപ്രവര്‍ത്തനങ്ങളുമായി നാട്ടുകാര്‍ സജീവമായി രംഗത്തുണ്ട്. ആവണിശ്വരം തോടിന്റെ ഉല്‍ഭവസ്ഥാനത്ത് ഉരുള്‍പൊട്ടിയതാണ് വെള്ളപാച്ചിലിന് കാരണമെന്ന് പറയുന്നു.
ചെവ്വാഴിച്ച പുലര്‍ച്ചെ ചെറിയ തോതില്‍ വെള്ളം കയറിയത് ഉച്ചയോടെ ശക്തമായ ഒഴുക്കോടെ വീടുകളിലേക്കും റോഡിലേക്കും, വ്യാപാര സ്ഥാപനങ്ങളിലേക്കും വ്യാപിച്ചു. റവന്യൂ അധികൃതരും പൊലിസും വളരെ വൈകിയാണ് സ്ഥലത്തെത്തിയതെന്ന് ആക്ഷേപമുണ്ട്.ഇടത്തറ താഴതില്‍ ഹരീന്ദ്രന്‍, സുലൈമാന്‍, ഹസനപ്പറാവുത്തര്‍, കോയ, പുളിക്കല്‍ വീട്ടില്‍ രവീന്ദ്രന്‍, ഇടത്തറയില്‍ വീട്ടില്‍ പൊന്നമ്മ, ഷേബ തുടങ്ങിയവരുടെ വീടുകളിലാണ് വെള്ളം കയറിയത്.
ശക്തമായ മഴവെള്ള പാച്ചിലില്‍ മിക്കവീടുകളിലേയും ഫര്‍ണീച്ചറുകളും സാധന സാമഗ്രികളും പാചകപാത്രങ്ങളടക്കം ഒഴുകി പോയി. താഴ്ന്ന പ്രദേശങ്ങളിലെ കൃഷിയിടങ്ങളിലെല്ലാം വെള്ളം കയറി.
നാശനഷ്ടങ്ങള്‍ തിട്ടപ്പെടുത്തി വരുന്നതായി റവന്യൂ അധികൃതര്‍ പറഞ്ഞു. സന്ധ്യയോടെ വെള്ളമൊഴുക്കിന്റെ ശക്തി കുറഞ്ഞിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."