കുരുക്കഴിയാതെ സ്വാശ്രയ മെഡിക്കല്‍ ഫീസ്: 400 വിദ്യാര്‍ഥികളുടെ ഭാവി എന്താകുമെന്ന് നാളെയറിയാം
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ ഫീസ് സംബന്ധിച്ചുള്ള അനിശ്ചിതത്വം തുടരുന്നതിനിടെ മെഡിക്കല്‍ കൗണ്‍സില്‍ അനുമതി നിഷേധിച്ച കോളജുകളിലേക്ക് നടത്തിയ പ്രവേശനവും സര്‍ക്കാരിന് പുലിവാലായേക്കും. ഹൈക്കോടതി ഇടക്കാലവിധിയുടെ അടിസ്ഥാനത്തില്‍ നടത്തിയ എം.ബി.ബി.എസ് പ്രവേശനം സര്‍ക്കാരിന് തിരിച്ചടിയാകുമെന്ന് നാളെയറിയാം.
അനുമതി നിഷേധിച്ച കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെതിരേ കോളജുകള്‍ നല്കിയ ഹരജി നാളെ സുപ്രിംകോടതി പരിഗണിക്കും. വിധി കോളജുകള്‍ക്ക് എതിരായാല്‍ 400 വിദ്യാര്‍ഥികള്‍ പ്രതിസന്ധിയിലായേക്കും. മെഡിക്കല്‍ കൗണ്‍സില്‍ പ്രവേശനാനുമതി നിഷേധിച്ച തോടുപുഴ അല്‍ അസ്ഹര്‍, ഡി.എം വയനാട്, മൗണ്ട് സിയോന്‍ എന്നീ കോളജുകളിലായി സര്‍ക്കാര്‍ 400 വിദ്യാര്‍ഥികള്‍ക്ക് ഈ വര്‍ഷം പ്രവേശനം നല്‍കിയിരുന്നു. സര്‍ക്കാരില്‍ വിശ്വാസമര്‍പ്പിച്ച് പ്രവേശനം നേടിയ വിദ്യാര്‍ഥികളെല്ലാം ഇപ്പോള്‍ ആശങ്കയിലാണ്. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരേ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സുപ്രിം കോടതിയെ സമീപിച്ചിരുന്നു. ഇതോടെയാണ് കേരളത്തിലെ സ്വാശ്രയ പ്രവേശനം വീണ്ടും ആശങ്കയിലായത്.
ഇടക്കാല വിധി നല്കാന് ഹൈക്കോടതിക്ക് അധികാരമില്ലെന്നും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം സുപ്രിംകോടതിയുടേതാണെന്നും കോടതിതന്നെ വ്യക്തമാക്കി. സുപ്രിംകോടതി തീരുമാനം കടുപ്പിച്ചതോടെ പണം നല്കി പ്രവേശനം നേടിയ വിദ്യാര്‍ഥികളും രക്ഷിതാക്കളും പ്രതിസന്ധിയിലായി.
ഇത്തരത്തില്‍ മൂന്നുകോളജുകളിലേക്ക് സര്‍ക്കാര്‍ നടത്തിയ പ്രവേശനം സുപ്രിംകോടതി റദ്ദാക്കിയാല്‍ സ്വാശ്രയ വിഷയത്തില്‍ സര്‍ക്കാരിനേല്‍ക്കുന്ന വന്‍ പ്രഹരമാകുമത്. അതേസമയം, ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പ്രവേശനം നല്കിയ വിദ്യാര്‍ഥികളുടെ പ്രവേശനാനുമതി നിഷേധിക്കരുതെന്നതാണ് സര്‍ക്കാര്‍ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."