പെരിക്കല്ലൂരിലെ കെ.എസ്.ആര്.ടി.സി ഡിപ്പോ: ഭൂമി രജിസ്ട്രേഷന് ഇന്ന്
പുല്‍പ്പള്ളി: മുള്ളന്‍കൊല്ലി പഞ്ചായത്ത് കെ.എസ.ആര്.ടി.സി ഡിപ്പോ ആരംഭിക്കുന്നതിന് പെരിക്കല്ലൂരില്‍ ഏറ്റെടുത്ത സ്ഥലത്തിന്റെ രജിസ്ട്രേഷന് ഇന്ന് നടക്കും. പെരിക്കല്ലൂര്‍ സെന്റ് തോമസ് ഫൊറോന പള്ളി സൗജന്യമായി നല്കിയ ഒരേക്കര്‍ ഭൂമിയും പഞ്ചായത്ത് വാങ്ങിയ സ്ഥലവും ചേര്‍ത്ത് രണ്ടേക്കര്‍ ഭൂമിയിലാണ് ഡിപ്പോ നിര്‍മിക്കുന്നത്. പഞ്ചായത്ത് സെക്രട്ടറിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം ഭൂമി കെ.എസ്.ആര്.ടി.സിക്ക് കൈമാറും. പഞ്ചായത്തിന്റെ കീഴിലല്ലാത്ത സ്ഥാപനത്തിന് ആദ്യമായാണ് പഞ്ചായത്ത് ഇത്രയും തുക മുടക്കുന്നത്. ഭൂമിയുടെ വിലയും രജിസ്ട്രേഷന് നടപടികളുമടക്കം 46 ലക്ഷം രൂപയോളം സ്ഥലമെടുപ്പിനായി ചെലവഴിക്കുന്നുണ്ട്. സ്ഥലമെടുപ്പ് പൂര്‍ത്തിയായാല്‍ ഡിപ്പോ ആരംഭിക്കാമെന്ന് മന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ട്.
അടിസ്ഥാന വികസനമൊരുക്കുന്നതിനായി കെട്ടിട നിര്‍മാണത്തിന് ഐ.സി ബാലകൃഷ്ണന് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്നു തുക അനുവദിക്കാമെന്നും ഉറപ്പു നല്‍കിയിട്ടുണ്ട്. ഡിപ്പോ ആരംഭിക്കുന്നതോടുകൂടി അന്തര്‍ സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന നിരവധി സര്‍വിസുകള്‍ തുടങ്ങാനും സാധിക്കും.
ഡിപ്പോയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നോടിയായുള്ള സ്ഥലമെടുപ്പ് രജിസ്ട്രേഷനില്‍ ഐ.സി ബാലകൃഷ്ണന് എം.എല്‍.എ, കോട്ടയം അതിരൂപത സഹായമെത്രാന്‍ ജോസഫ് പണ്ടാരശേരില്‍, പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന് തുടങ്ങിയവര്‍ പങ്കെടുക്കും. പിന്നീട് വിപുലമായ രീതിയില്‍ കോട്ടയം അതിരൂപത ബിഷപ് മാത്യു മൂലേക്കാട്ടിന്റെയും പൊതുജനങ്ങളുടെയും സാമൂഹ്യ-സാംസ്കാരിക രാഷ്ട്രീയ നേതാക്കളുടെയും സമക്ഷത്തില്‍ വസ്തു ആധാരകൈമാറ്റവും നടക്കും.
ഡിപ്പോ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിനും ഭാവിപരിപാടികള്‍ തീരുമാനിക്കുന്നതിനും ഐ.സി ബാലകൃഷ്ണന് എംഎല്‍എയുടെ നേതൃത്വത്തില്‍ ഗതാഗത മന്ത്രിയെ നേരില്‍ കാണുമെന്നും പഞ്ചായത്ത് ഭാരവാഹികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."