തോക്കുകള്‍ ഇപ്പോഴും തീ തുപ്പുന്നുണ്ടെന്നതിന്റെ ഒടുവിലത്തെ ഉദാഹരണം: എം.വി ജയരാജന്
കണ്ണൂര്‍: ബംഗളൂരുവില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടത് മതനിരപേക്ഷ മനസുള്ള ആരിലും ഞെട്ടലുളവാക്കുന്നതാണെന്ന് എം.വി ജയരാജന് ഫേസ്ബുക്കില്‍ കുറിച്ചു. ഫാസിസ്റ്റ് ഭീകരതയ്ക്കെതിരേ ശക്തമായി ശബ്ദമുയര്‍ത്തിയ സാമൂഹ്യപ്രവര്‍ത്തകയായിരുന്നു ഗൗരി ലങ്കേഷ്. മലയാളികളുടെ മതനിരപേക്ഷ ബോധത്തെക്കുറിച്ചാണ് അവര്‍ അവസാനമായി എഴുതിയത്. കേരളത്തിലെത്തിയാല്‍ നല്ല ബീഫ് തരണമെന്നും അവര്‍ കുറിച്ചത് വാര്‍ത്തയാണ്. ഫാസിസ്റ്റ് ഭീകരതക്കെതിരേ ശബ്ദമുയര്‍ത്തിയതിന് എഴുത്തുകാരനും സാമൂഹ്യ പ്രവര്‍ത്തകനുമായ കല്‍ബുര്‍ഗിയെ കൊലപ്പെടുത്തിയതിനെതിരേ നടന്ന പ്രതിഷേധത്തില്‍ മുന്‍പന്തിയില്‍ ഇവര്‍ അണിനിരന്നിരുന്നു. ഡോ. യു.ആര് അനന്തമൂര്‍ത്തിയുടെ മരണം ആഘോഷിച്ച സംഘപരിവാര്‍ രീതിയും അവര്‍ എതിര്‍ത്തു. ഫാസിസ്റ്റ് ഭീകരതയ്ക്കെതിരായ പോരാട്ടം തന്നെയായിരുന്നു അവര്‍ക്ക് മാധ്യമപ്രവര്‍ത്തനവും. രാഷ്ട്രപിതാവിനെ കൊലപ്പെടുത്തിയപോലെ തോക്കുകള്‍ ഇപ്പോഴും തീ തുപ്പുന്നുണ്ട് എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഗൗരീ ലങ്കേഷിന്റെ കൊലപാതകമെന്നും കൊലപാതകത്തില്‍ പ്രതിഷേധവും വിയോഗത്തില്‍ അനുശോചനവും രേഖപ്പെടുത്തുന്നതായും എം.വി ജയരാജന് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."