തമിഴ്നാട്ടില്‍ രാഷ്ട്രീയ കുതിരക്കച്ചവടമെന്ന് ആരോപണം ദിനകരന് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി
ചെന്നൈ: തമിഴ്നാട്ടില്‍ രാഷ്ട്രീയ കുതിരക്കച്ചവടം നടക്കുന്നുവെന്ന് അണ്ണാ ഡി.എം.കെ (അമ്മ) ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടി.ടി.വി ദിനകരന്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി എടപ്പാടി പളനിസാമിയോട് ഭൂരിപക്ഷം തെളിയിക്കാന്‍ നിര്‍ദേശിക്കണമെന്ന് അദ്ദേഹം ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിനെ സന്ദര്‍ശിച്ച് ആവശ്യപ്പെട്ടു. ദിനകരനടക്കം 10 പേരടങ്ങുന്ന സംഘമാണ് ഗവര്‍ണറുമായി ഇന്നലെ കൂടിക്കാഴ്ച നടത്തിയത്. നിലവിലെ സര്‍ക്കാര്‍ ന്യൂനപക്ഷ സര്‍ക്കാര്‍ ആണെന്നും മുഖ്യമന്ത്രി എടപ്പാടി പളനിസാമിയേയും ഉപമുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വത്തേയും തല്‍സ്ഥാനത്ത് നിന്ന് മാറ്റണമെന്നും ദിനകരന് ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ സ്ഥിതിഗതികള്‍ ശ്രദ്ധാപൂര്‍വം നിരീക്ഷിക്കുന്നുണ്ടെന്നും ഉചിതമായ നടപടി ഉണ്ടാകുമെന്നും ഗവര്‍ണര്‍ അറിയിച്ചതായി ദിനകരന് കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോടു പറഞ്ഞു.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി എടപ്പാടി പളനിസാമി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ 111 എം.എല്‍.എ മാര്‍ പങ്കെടുത്തിരുന്നു. ഇതിനെ തുടര്‍ന്ന് വര്‍ധിച്ച ആത്മവിശ്വാസത്തിലാണ് അണ്ണാ ഡി.എം.കെ ഔദ്യോഗിക പക്ഷം. സംസ്ഥാനത്ത് നിലനില്‍ക്കുന്നത് ന്യൂനപക്ഷ സര്‍ക്കാരാണെന്ന് കാണിച്ച് പ്രതിപക്ഷ നേതാവ് എം.കെ സ്റ്റാലിനും ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. അടുത്ത ആഴ്ചയാണ് എ.ഐ.ഡി.എം.കെ ജനറല്‍ ബോഡി യോഗം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."