പി.കെ കുഞ്ഞാലിക്കുട്ടി വിദേശകാര്യ മന്ത്രിക്ക് കത്തയച്ചു മലപ്പുറം പാസ്പോര്‍ട്ട് ഓഫിസ്
മലപ്പുറം: റീജ്യനല്‍ പാസ്പോര്‍ട്ട് ഓഫിസ് അടച്ചു പൂട്ടുമെന്ന ആശങ്ക പരിഹരിക്കണമെന്നാവശ്യപ്പെട്ട് പി.കെ കുഞ്ഞാലിക്കുട്ടി എം.പി വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് കത്തയച്ചു. ഇതുസംബന്ധിച്ച് വരുന്ന വാര്‍ത്തകള്‍ ആശങ്ക സൃഷ്ടിക്കുന്ന അവസരത്തിലാണ് ഇങ്ങനെയൊരു കത്തയച്ചതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കേരളത്തിലെ ഏറ്റവും ജനസംഖ്യയുള്ളതും വിദേശത്തേക്ക് ഏറെപേര്‍ ജോലി തേടി പോകുന്ന ജില്ലയും കൂടിയാണ് മലപ്പുറം. രാജ്യത്തെ ബി ഗ്രേഡ് പാസ്പോര്‍ട്ട് ഓഫിസുകളില്‍ രണ്ടാം സ്ഥാനവും മലപ്പുറത്തിനാണ്. ദിവസേന ഏകദേശം 1,200ഓളം അപേക്ഷകളാണ് ഇവിടെ ലഭിക്കുന്നത്.
മാസത്തില്‍ 22,000ത്തോളം പാസ്പോര്ട്ടുകള് നല്‍കുന്നുമുണ്ട്. ഇങ്ങനെ രാജ്യത്ത് തന്നെ ഏറ്റവും പ്രധാനപ്പെട്ടതും, തിരിക്കുള്ളതുമായ ഒരു പാസ്പോര്‍ട്ട് ഓഫിസ് മറ്റൊന്നുമായി ലയിപ്പിക്കുന്നത് പൊതുജനങ്ങള്‍ക്ക് സേവനങ്ങള്‍ നല്‍കുന്നതിന് കാലതാമസം വരുത്തുമെന്ന് അദ്ദേഹം പറഞ്ഞു.
2006ല്‍ ആരംഭിച്ച മലപ്പുറം റീജ്യനല്‍ പാസ്പോര്‍ട്ട് ഓഫിസ് വരുമാനത്തിലും മുന്നിട്ടു നില്‍ക്കുന്നതാണെന്ന് കത്തില്‍ കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികളും പരിഭവങ്ങളുമാണ് ദിവസേന ലഭിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ജനങ്ങളുടെ ആശങ്ക കണക്കിലെടുത്ത്, പാസ്പോര്‍ട്ട് ഓഫിസ് പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തീരുമാനമെടുത്തിട്ടുണ്ടെങ്കില്‍ അതില്‍ നിന്ന് പിന്മാറണമെന്നും അദ്ദേഹം കത്തില്‍ വിദേശകാര്യ മന്ത്രിയോട് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."