കനത്ത മൂടല്‍ മഞ്ഞ്; നെടുമ്പാശേരിയില്‍ നിന്ന് ഏഴ് വിമാനങ്ങള്‍ വഴി തിരിച്ചു വിട്ടു
നെടുമ്പാശ്ശേരി: കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് അഞ്ച് രാജ്യാന്തര വിമാനങ്ങള്‍ ഉള്‍പ്പെടെ ഏഴ് വിമാനങ്ങള്‍ക്ക് ഇന്നലെ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങാനായില്ല. തുടര്‍ന്ന് ഈ വിമാനങ്ങള്‍ മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴി തിരിച്ചുവിട്ടു. ഇന്നലെ പുലര്‍ച്ചെ 4.20 മുതല്‍ 6.25 വരെയുള്ള രണ്ട് മണിക്കൂര്‍ സമയമാണ് വിമാനത്താവളത്തില്‍ കനത്ത മൂടല്‍ മഞ്ഞ് അനുഭവപ്പെട്ടത്. ബംഗളൂരു, തിരുച്ചിറപ്പള്ളി, കോയമ്പത്തൂര്‍ വിമാനത്താവളങ്ങളിലേക്കാണ് വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടത്.
ജെറ്റ് എയര്‍വേയ്സിന്റെ ഷാര്‍ജ-കൊച്ചി, ഒമാന്‍ എയര്‍വേയ്സിന്റെ മസ്കറ്റ്-കൊച്ചി, ഇന്‍ഡിഗോ എയര്‍വേയ്സിന്റെ ദുബൈ-കൊച്ചി, എയര്‍ ഏഷ്യയുടെ ക്വാലാലംപൂര്‍-കൊച്ചി എന്നീ വിമാനങ്ങളാണ് വഴിതിരിച്ചുവിട്ട രാജ്യാന്തര സര്‍വിസുകള്‍. ഇന്‍ഡിഗോയുടെ പൂനെ-കൊച്ചി, ചെന്നൈ- കൊച്ചി എന്നീ ആഭ്യന്തര സര്‍വിസുകളും വഴി തിരിച്ചു വിടേണ്ടി വന്നു. ദുബൈയില്‍ നിന്നുള്ള ഇന്‍ഡിഗോ എയര്‍ലൈന്‍സ്, മസ്കറ്റില്‍ നിന്നുള്ള ഒമാന്‍ എയര്‍വേയ്സും ഇന്‍ഡിഗോ എയര്‍വേയ്സും പൂനെയില്‍ നിന്നുള്ള ഇന്‍ഡിഗോയും കോയമ്പത്തൂരിലേക്ക് തിരിച്ചുവിട്ടു.
ഷാര്‍ജയില്‍ നിന്നുള്ള ജെറ്റ് എയര്‍വേയ്സ് ബംഗളൂരുവിലേക്കും ക്വാലാലംപൂരില്‍ നിന്നുള്ള എയര്‍ റഷ്യ എയര്‍വേയ്സ് ട്രിച്ചിയിലേക്കും ചെന്നൈയില്‍ നിന്നുള്ള ഇന്‍ഡിഗോ എയര്‍വേയ്സ് ബംഗളൂരുവിലേക്കുമാണ് തിരിച്ചുവിട്ടത്. എന്നാല്‍ നെടുമ്പാശ്ശേരിയില്‍ നിന്നും പുറപ്പെടേണ്ട വിമാന സര്‍വിസുകളെ മൂടല്‍മഞ്ഞ് ബാധിച്ചില്ല. രാവിലെ 8.30 ഓടെ മൂടല്‍മഞ്ഞ് മാറിയ ശേഷം വഴി തിരിച്ചുവിട്ട വിമാനങ്ങള്‍ തിരികെ നെടുമ്പാശ്ശേരിയില്‍ ഇറക്കി. കഴിഞ്ഞ ദിവസം എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം കാനയില്‍ വീണ സാഹചര്യം കൂടി കണക്കിലെടുത്താണ് വിമാനങ്ങള്‍ സാഹസികമായി ഇറക്കാന്‍ അനുമതി നല്‍കാതിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."