ബോംബുകള്‍ പിടികൂടി
ഇരിട്ടി: ഇരിട്ടിയില്‍ ഉഗ്രസ്‌ഫോടന ശേഷിയുള്ള ഏഴ് ബോംബുകള്‍ പൊലിസ് പിടികൂടി. കീഴൂര്‍ വള്ളിയാട് അങ്കണവാടിക്ക് സമീപമുള്ള ആളൊഴിഞ്ഞ പറമ്പില്‍ നിന്നാണ് ഇന്നലെ വൈകുന്നേരം മൂന്നോടെ ബോംബ് കണ്ടെത്തിയത്. ആറെണ്ണം സ്റ്റീല്‍ ബോംബും ഒന്ന് പ്ലാസ്റ്റിക് കണ്ടെയ്‌നറില്‍ നിര്‍മിച്ച ബോംബുമാണ്. പറമ്പിലെ കാട് വെട്ടിത്തെളിക്കുന്നതിനിടെ സംശയം തോന്നിയ തൊഴിലാളികള്‍ വിവരം പൊലിസിനെ അറിയിക്കുകയായിരുന്നു. പെയിന്റിന്റെ ഒഴിഞ്ഞ പ്ലാസ്റ്റിക് ബക്കറ്റിനകത്ത് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞുവച്ച നിലയിലായിരുന്നു ബോംബുകള്‍. ഇരിട്ടി എസ്.ഐ സഞ്ജയകുമാറിന്റെയും എ.എസ്.ഐ കെ.കെ രാജേഷിനെയും നേതൃത്വത്തില്‍ എത്തിയ പോലിസും കണ്ണൂരില്‍ നിന്നെത്തിയ ബോംബ് സ്‌ക്വാഡും ചേര്‍ന്ന് ഇവ പരിശോധിച്ച് നിര്‍വീര്യമാക്കി. ബോംബുകള്‍ അടുത്തിടെ നിര്‍മിച്ചവയാണെന്നും ഉഗ്രസ്‌ഫോടന ശേഷിയുള്ളവയാണെന്നും പൊലിസ് പറഞ്ഞു.
തളിപ്പറമ്പ്: വെള്ളിക്കീലിനു സമീപത്തെ പറപ്പൂല്‍ കയ്യംതടത്തില്‍ മാരകശേഷിയുള്ള രണ്ട് ഐസ്‌ക്രീം ബോംബുകള്‍ പൊലിസ് കണ്ടെടുത്തു. കയ്യംതടത്തിനു സമീപത്ത് പ്രവര്‍ത്തിച്ചിരുന്ന ചൈനാക്ലേ ഫാക്ടറിയോട് ചേര്‍ന്ന് ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തോട് ചേര്‍ന്ന ചെറിയ ഷെഡ്ഡിലാണ് ബോംബുകള്‍ കണ്ടെത്തിയത്.
ഒന്ന് തറയിലെ മണ്ണില്‍ കുഴിച്ചിട്ട നിലയിലും മറ്റൊന്ന് പ്ലാസ്റ്റിക് സഞ്ചിയില്‍ പൊതിഞ്ഞ് പൂഴിയില്‍ പൂഴ്ത്തിവച്ച നിലയിലുമായിരുന്നു. ആള്‍പെരുമാറ്റമില്ലാത പഴയ കെട്ടിടത്തിലേക്ക് കഴിഞ്ഞദിവസം കാടുകള്‍ക്കിടയിലൂടെ ആളുകള്‍ നടന്നുപോയതായി ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ പരിശോധന നടത്തിയപ്പോഴാണ് ബോംബുകള്‍ കണ്ടത്. ഇവര്‍ വിവരമറിയിച്ചതനുസരിച്ച് തളിപ്പറമ്പ് പൊലിസ് സ്ഥലത്തെത്തുകയും ബോംബുകള്‍ സ്റ്റേഷനിലേക്ക് മാറ്റുകയുമായിരുന്നു. ഇവ ഇന്നു രാവിലെ നിര്‍വീര്യമാക്കുമെന്ന് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."