നാടുകാണി ചുരത്തിലെ ജാറം സാമൂഹ്യവിരുദ്ധര്‍ തകര്‍ത്തു
നിലമ്പൂര്‍: നാടുകാണി ചുരത്തിലെ മുഹമ്മദ് സ്വാലിഹ് മഖാം ജാറം സാമൂഹ്യവിരുദ്ധര്‍ തകര്‍ത്തു. ഇന്നലെ രാവിലെ സന്ദര്‍ശനത്തിനെത്തിയവരാണ് മഖാമിന്റെ ഇരു ഭാഗങ്ങളും തകര്‍ത്തനിലയില്‍ കണ്ടത്. തുടര്‍ന്ന് മഖാം നടത്തിപ്പുകാര്‍ പൊലിസില്‍ വിവിരമറിയിക്കുകയായിരുന്നു. മഖാമിലെ നേര്‍ച്ചപ്പെട്ടിയും സംഭാവനപ്പെട്ടിയും തകര്‍ത്ത് കുറച്ച് പണവും മോഷ്ടിച്ച നിലയിലാണ്. ജാറത്തിന്റെ ഇരുഭാഗവും കുത്തിപ്പൊളിച്ചിട്ടുണ്ട്.
ജാറത്തിന് ചുറ്റും മുളക് പൊടി വിതറിയിട്ടുണ്ട്. അതേസമയം മുഴുവന്‍ പണവും മോഷ്ടിച്ചില്ലെന്നത് ദുരൂഹതക്കിടയാക്കുന്നു. എടക്കര സി.ഐ അബ്ദുല്‍ ബഷീര്‍, വഴിക്കടവ് എസ്.ഐ അഭിലാഷ് എന്നിവരുടെ നേതൃത്വത്തില്‍ പൊലിസും റെയ്ഞ്ച് ഓഫിസറുടെ നേതൃത്വത്തില്‍ വനം ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. മലപ്പുറത്ത്നിന്നും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും എത്തി തെളിവെടുത്തു.
ജിക്കി എന്ന പൊലിസ് നായ ജാറത്തില്‍ നിന്നും റോഡ് വഴി ഒരു കിലോമീറ്ററോളം താഴേക്ക് ഓടി നിന്നു.
കഴിഞ്ഞ പത്തുവര്‍ഷമായി ആനമറിയിലെ ഇര്‍ഷാദുല്‍ മുസ്ലിമീന് സംഘമാണ് ജാറം പരിപാലിച്ചു വരുന്നത്. 2009ലും ജാറം പൊളിക്കാന്‍ ശ്രമം നടന്നിരുന്നു. അന്ന് ജാറം പൊളിക്കുന്നതിനിടെ വണ്ടൂര്‍ സ്വദേശികളായ നാലുപേര്‍ പൊലിസിന്റെ പിടിയിലായിരുന്നു. ചുരം റോഡില്‍ സ്ഥിരം പട്രോളിങ് നടത്തുകയായിരുന്ന പൊലിസ് സംശയാസ്പദമായി നാല് പേരെ കണ്ടതിനെ തുടര്‍ന്ന് പരിശോധന നടത്തിയപ്പോഴാണ് മഖാം പൊളിക്കാന്‍ ശ്രമം നടത്തിയതായി കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."