ഗൗരി ലങ്കേഷ് വധം: അന്താരാഷ്ട്ര സമൂഹത്തിന്റെ രൂക്ഷവിമര്‍ശനം
വാഷിങ്ടണ്‍: ബംഗളൂരുവില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനെ അജ്ഞാതസംഘം വെടിവച്ചുകൊന്ന സംഭവത്തില്‍ ഇന്ത്യക്കെതിരേ അന്താരാഷ്ട്രതലത്തില്‍ വന്‍ വിമര്‍ശനം. സംഭവം ദാരുണ കൊലപാതകമാണെന്ന് യു.എസ് ഉദ്യോഗസ്ഥ ആക്ഷേപിച്ചു. യുനെസ്‌കോ ഡയരക്ടര്‍ ജനറലും ആക്രമണത്തില്‍ അപലപിച്ചു. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ ആഞ്ഞടിച്ച് ന്യൂയോര്‍ക്ക് ടൈംസ് മുഖപ്രസംഗം എഴുതി. വാഷിങ്ടണ്‍ പോസ്റ്റ്, ബി.ബി.സി, അല്‍ജസീറ, ദ ഗാര്‍ഡിയന്‍ അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളും രംഗത്തെത്തിയിട്ടുണ്ട്.
ആവിഷ്‌കാര സ്വതന്ത്ര്യത്തിന്റെയും വിമത എഴുത്തിന്റെയും പ്രതീകമായ ഗൗരിയുടെ കൊലപാതകം ദാരുണമായെന്ന് ദക്ഷിണ-മധ്യേഷന്‍ രാജ്യങ്ങളുടെ ചുമതലയുള്ള യു.എസ് അസിസ്റ്റന്റ് സ്റ്റേറ്റ് സെക്രട്ടറി ആലീസ് വെല്‍സ് പറഞ്ഞു. മധ്യേഷ്യന്‍ വിഷയത്തില്‍ വാഷിങ്ടണില്‍ നടന്ന സബ് കമ്മിറ്റി കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യവേയാണ് വെല്‍സിന്റെ പരാമര്‍ശം. മതന്യൂനപക്ഷങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ഭരണഘടനാ പരമായ പരിരക്ഷ നല്‍കുന്ന രാജ്യമാണ് ഇന്ത്യ. എന്നാല്‍, അവിടെനിന്നു ന്യൂനപക്ഷ ജനങ്ങള്‍ക്കു നേരെയുള്ള അതിക്രമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. പലപ്പോഴും ദേശീയവാദികളുടെ കടുത്ത വിമര്‍ശനത്തിനിരയാകാറുള്ള ഒരു മാധ്യമപ്രവര്‍ത്തകരുടെ ദാരുണാന്ത്യവും ഈ ആഴ്ച സംഭവിക്കുകയുണ്ടായി. ഇത് ജനാധിപത്യത്തിനു വെല്ലുവിളിയാണ്-ആലീസ് വെല്‍സ് പറഞ്ഞു. ഇത്തരം വെല്ലുവിളികളെ മറികടക്കാനുള്ള ശേഷി ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്കുണ്ട്. അത് തങ്ങള്‍ ആദരിക്കുന്നു. അത്തരം നീക്കങ്ങള്‍ നടത്താന്‍ ഇന്ത്യന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുമെന്നും വെല്‍സ് പറഞ്ഞു.
യു.എന്‍ എജ്യുക്കേഷനല്‍, സയന്റിഫിക് ആന്‍ഡ് കള്‍ചറല്‍ ഓര്‍ഗനൈസേഷന്‍(യുനെസ്‌കോ) ഡയരക്ടര്‍ ജനറല്‍ ഇറിനാ ബൊകോവയും സംഭവത്തെ ശക്തമായി അപലപിച്ചു. കുറ്റവാളികള്‍ക്ക് ശക്തമായ ശിക്ഷ നല്‍കാന്‍ അവര്‍ ഇന്ത്യന്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. മോദിക്കെതിരേ രൂക്ഷമായ ഭാഷയില്‍ മുഖപ്രസംഗം എഴുതിയാണ് ന്യൂയോര്‍ക്ക് ടൈംസ് സംഭവത്തോട് പ്രതകരിച്ചത്. സംഭവത്തില്‍ മോദി അപലപിക്കാന്‍ തയാറായിട്ടില്ലെങ്കില്‍ ഇരുണ്ട കാലമാണ് ഇന്ത്യയില്‍ വരാനിരിക്കുന്നതെന്ന് പത്രം എഴുതി.
ഹിന്ദുത്വ ഭീകരരുടെ വിമര്‍ശകര്‍ നേരിടുന്ന ഭീഷണികളും ആക്രമണങ്ങളും അപലപിക്കാനും തടയാനും പ്രധാനമന്ത്രി മോദി തയാറായിട്ടില്ലെങ്കില്‍ കൂടുതല്‍ വിമര്‍ശകര്‍ക്ക് ഭയപ്പാടോടെ മാത്രമേ ഇനി ജീവിക്കാനാകൂ. അങ്ങനെയാണെങ്കില്‍ ഇന്ത്യന്‍ ജനാധിപത്യം ഇരുണ്ട കാലങ്ങളെയാണ് അഭിമുഖീകരിക്കാന്‍ പോകുന്നതെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
അമേരിക്കയിലെ ഇന്ത്യന്‍ നാഷനല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് നേതാവ് ജോര്‍ജ് അബ്രഹാം, റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് ഏഷ്യാ-പസഫിക് മേധാവി ഡാനിയേല്‍ ബസ്റ്റാഡ് എന്നിവരും സംഭവത്തെ ശക്തമായ ഭാഷയില്‍ അപലപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."