ഗണേഷിന്റെ ദിലീപ് അനുകൂല പ്രസ്താവനയ്ക്കെതിരെ പൊലിസ് കോടതിയില്‍
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായി ജയിലില്‍ കഴിയുന്ന നടന് ദിലീപിനെ അനുകൂലിച്ച് പ്രസ്താവന നടത്തിയ ഗണേഷ് കുമാറിനെതിരെ അന്വേഷണ സംഘം കോടതിയില്‍.
പ്രസ്താവന ആസൂത്രിതവും സാക്ഷികളെ സ്വാധിനിക്കുന്നതും ആണ് എന്ന് അന്വേഷണ സംഘം ആരോപിച്ചു. ഈ പ്രസ്താവന ബോധപൂര്‍വം നടത്തിയതാണെന്നും കോടതി അടിയന്തിരമായി ഇടപെടണമെന്നും പൊലിസ് ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം ആലുവ സബ്ജയിലിലെത്തി ദിലീപിനെ സന്ദര്‍ശിച്ച ശേഷമാണ് ഗണേഷ് ഇത്തരത്തില്‍ പ്രസ്താവന നടത്തിയത്.
കോടതി വിധിക്കും വരെ ദിലീപ് കുറ്റവാളിയല്ല. ഇത്തരമൊരു സാഹചര്യത്തില്‍ താന്‍ അദ്ദേഹത്തെ തള്ളിപ്പറയില്ല. ദിലീപിന്റെ നല്ല കാലത്ത് ഔദാര്യം പറ്റിയവരാണ് ആപത്ത് വന്നപ്പോള്‍ തള്ളിപ്പറയുന്നവരെന്നുമാണ് ഗണേഷ് പറഞ്ഞത്.
സിനിമയില്‍ ദിലീപിന്റെ ഉപകാരങ്ങള്‍ സ്വീകരിച്ചിട്ടുള്ളവരാണ് പലരും. പൊലിസ് ചോദ്യം ചെയ്യുമെന്നോ, ഫോണ്‍ കോളുകള്‍ ചോര്‍ത്തുമെന്നോ ഭയന്ന് അദ്ദേഹത്തെ പിന്തുണയ്ക്കാതിരിക്കരുതെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. കോടതി കുറ്റവാളിയാണെന്ന് കണ്ടെത്തുന്നത് വരെ അദ്ദേഹത്തോടൊപ്പം നില്‍ക്കണം. കുറ്റക്കാരനാണെന്ന് കോടതി സ്ഥിരീകരിക്കാത്ത ഒരാളെ കുറ്റവാളിയായി മുദ്രകുത്താന്‍ ആര്‍ക്കും അവകാശമില്ലെന്നും ഗണേശ് പറഞ്ഞിരുന്നു.
അതിനിടെ ജയിലില്‍ കഴിയുന്ന ദിലീപിനെ സന്ദര്‍ശിക്കുന്നതിന് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പെരുമ്പാവൂര്‍ സി.ഐ ബൈജു പൗലോസ് അങ്കമാലി കോടതി മുന്‍പാകെ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ദിലീപിനെ അനിയന്ത്രിതമായി സന്ദര്‍ശിക്കുന്നത് കേസന്വേഷണത്തെ സാരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് സി.ഐ കോടതിയെ സമീപിച്ചത്. പരാതി പരിഗണിച്ച അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ലീന റിയാസ് ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും ഹാജരാക്കാന്‍ ആലുവ സബ് ജയില്‍ സൂപ്രണ്ടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."