പെരിങ്ങൊളത്ത് യുവതിയെ കൊലപ്പെടുത്തിയ പ്രതി പിടിയില്‍
കുന്ദമംഗലം: വാടക വീട്ടില്‍ താമസിച്ച യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ പ്രതി പൊലിസ് പിടിയില്‍. മഞ്ചേരി തിരുവാലി സ്വദേശി മയ്യാരി നാസറിനെയാണ് ചേവായൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.കെ ബിജുവും സംഘവും അറസ്റ്റ് ചെയ്തത്. ഈ മാസം ഒന്നിനാണ് കുന്ദമംഗലത്തിനടുത്ത് പെരിങ്ങൊളത്ത് വാടക വീട്ടില്‍ താമസിച്ചിരുന്ന തലശേരി നാരോല്‍ പീടിക കൂടന്റവിടെ റംല (40) കൊല്ലപ്പെട്ടത്.
ഏതാനും മാസങ്ങളായി ദമ്പതികളാണെന്നു പറഞ്ഞ് റംലയും നാസറും മുറിയെടുത്ത് താമസിച്ച് വരികയായിരുന്നു. കൊലയ്ക്ക് ശേഷം പ്രതി പുവ്വാട്ടുപറമ്പ് വഴി മുക്കത്തെത്തി മലപ്പുറത്തേക്ക് കടക്കുകയായിരുന്നു. ഇയാള്‍ക്ക് നാട്ടില്‍ ഭാര്യയും രണ്ട് മക്കളുമുണ്ട്. ഭാര്യയെ വെട്ടി പരുക്കേല്‍പ്പിച്ചതിനെ തുടര്‍ന്ന് വേര്‍പിരിഞ്ഞാണ് ഇവര്‍ താമസിച്ചിരുന്നത്.
കൊല്ലപ്പെട്ട റംലയ്ക്ക് ഭര്‍ത്താവും അഞ്ച് മക്കളുമുണ്ട്. ഇവരുമായി പിണങ്ങിയാണ് റംല പെരിങ്ങൊളത്ത് താമസമാക്കിയത്. റംല കടകളില്‍ അടിച്ചുവാരാനും ലോട്ടറി വില്‍ക്കാനും പോകാറുണ്ടായിരുന്നു. പ്രതി നാസര്‍ കോഴിക്കോട് മീന്‍ മാര്‍ക്കറ്റില്‍ കാന്താരി മുളക് കച്ചവടവും പാളയത്ത് കോഴിമുട്ട കച്ചവടവും നടത്തിവരികയായിരുന്നു. സംഭവദിവസം പെരുന്നാള്‍ ആയതുകൊണ്ട് റംലയോട് ജോലിക്ക് പോകേണ്ടെന്ന് പറഞ്ഞത് അനുസരിക്കാത്തതാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി പൊലിസിനോട് പറഞ്ഞു. വ്യാജ വിലാസത്തിലാണ് പ്രതിയും റംലയും വാടക മുറിയെടുത്തത്. ഇത് പ്രതിയെ കണ്ടെത്താന്‍ ബുദ്ധിമുട്ടായി. വീട്ടില്‍ നിന്ന് ലഭിച്ച മരുന്നിന്റെ കുറിപ്പടിയിലെ പേരും വീട്ടുപേരുമാണ് പ്രതിയെ കണ്ടെത്താന്‍ സഹായകമായത്. 23 ആശുപത്രികളില്‍ നടത്തിയ തെളിവെടുപ്പിലാണ് പ്രതിയെ കുറിച്ച് കൃത്യമായ സൂചന ലഭിച്ചത്. റംലയുടെ മുന്‍ഭര്‍ത്താവിന്റെ പേരും നാസര്‍ എന്ന് തന്നെയാണ്. ഇയാള്‍ക്ക് പ്രതിയുമായി രൂപ സാദൃശ്യമുള്ളതും അന്വേഷണ ഉദ്യോഗസ്ഥരെ കുഴക്കി. ഇയാള്‍ രക്ഷപ്പെട്ട ബസിലെ ജീവനക്കാരോടും മലപ്പുറം, വയനാട് ജില്ലകളിലും നടത്തിയ അന്വേഷണവുമാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചത്. തിരൂരിലെ ഉണ്ണ്യാലിലുള്ള ഭാര്യ വീട്ടില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ അഞ്ച് ദിവസം പൊലിസ് കസ്റ്റഡിയില്‍ വിട്ടു. മലപ്പുറം കല്‍പ്പകഞ്ചേരി പൊലിസ് സ്‌റ്റേഷനിലെ എ.എസ്.ഐ സുഗീഷ് കുമാര്‍, കുന്ദമംഗലം പൊലിസ് സ്‌റ്റേഷനിലെ ബാബു മണാശ്ശേരി, പ്രബിന്‍, പ്രശാന്ത്, ഉസ്മാന്‍ വയനാട്, മുഹമ്മദാലി, അജിത്ത്കുമാര്‍, ദീപുകുമാര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."