മാമ്പുഴയിലെ ബണ്ടുകള്‍ നീക്കിയില്ല: പ്രതിഷേധം
പന്തീരാങ്കാവ്: മാമ്പുഴയില്‍ ഒഴുക്കിനു തടസമായ നിര്‍മാണ വസ്തുക്കളും താല്‍ക്കാലിക തടയണകളും മാറ്റാത്തത് പ്രതിഷേധത്തിനിടയാക്കുന്നു. പ്രധാനമായും പുഴയെ ആശ്രയിക്കുന്ന മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പടെയുള്ളവര്‍ക്കാണ് ഇത് പ്രയാസം സൃഷ്ടിക്കുന്നത്.
ഒളവണ്ണ കമ്പിളിപറമ്പ് പ്രദേശത്ത് ഉപ്പുവെള്ളം കയറാതിരിക്കാന്‍ കര്‍ഷകര്‍ മുന്‍കൈയെടുത്ത് നിര്‍മിച്ച തടയണയാണ് വര്‍ഷകാലം ആരംഭിച്ച് പുഴയിലെ ജലവിതാനം കൂടിയിട്ടും പൊളിച്ചുമാറ്റാത്തത്.
ഇങ്ങനെ ബണ്ട് നിര്‍മാണം നടത്തുന്നതിനന് തദ്ദേശസ്ഥാപനത്തില്‍നിന്ന് അനുമതി വാങ്ങേണ്ടതുണ്ടെങ്കിലും അതൊന്നുമില്ലാതെയാണ് ബണ്ട് നിര്‍മിച്ചതെന്നു നാട്ടുകാര്‍ ആരോപിക്കുന്നു. കൂടാതെ കടുപ്പിനിയില്‍ ഇപ്പോഴുള്ള കോണ്‍ക്രീറ്റ് പാലം നിര്‍മിക്കുന്നതിന് മുന്‍പുള്ള മരപ്പാലത്തിന്റെ അവശിഷ്ടങ്ങളും കോണ്‍ക്രീറ്റ് പാലം നിര്‍മിക്കുമ്പോള്‍ താല്‍ക്കാലികമായി നിര്‍മിച്ച ബണ്ടിന്റെ അവശിഷ്ടങ്ങളും പൊളിച്ചുനീക്കാനും അധികൃതര്‍ തയാറായിട്ടില്ല.
അതേസമയം, ഒരുവര്‍ഷം മുന്‍പ് പാലാഴി കണ്ണം ചിന്നംകടവില്‍ ചെറുകിട ജലസേചന വിഭാഗം 18.5 ലക്ഷം രൂപ എസ്റ്റിമേറ്റില്‍ പുഴയുടെ അരിക് ഭിത്തിനിര്‍മാണം നടത്തുന്നതിന്റെ ഭാഗമായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കരയില്‍ നിന്നു പുഴയിലേക്കു നീക്കിയിട്ട മണ്ണും ഭിത്തിനിര്‍മാണത്തിനുപയോഗിച്ച കരിങ്കല്ലിന്റെ അവശിഷ്ടങ്ങളും നീക്കിയിട്ടില്ല. ഇവ നീക്കാത്തത് മാമ്പുഴയെ ആശ്രയിച്ച് മത്സ്യബന്ധനം നടത്തി ഉപജീവനമാര്‍ഗം തേടുന്ന മുപ്പതോളം മത്സ്യബന്ധന തൊഴിലാളികളുടെ ജീവിതത്തെ ബാധിക്കുകയാണ്. അനധികൃത ബണ്ടുകളും നിര്‍മാണാവശിഷ്ടങ്ങളും അടിയന്തരമായി നീക്കംചെയ്യണമെന്ന ആവശ്യം ശക്തമാകുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."