പാറയും മണ്ണുമിടിഞ്ഞ് നാടുകാണിയില്‍ 15 മണിക്കൂര്‍ ഗതാഗതം തടസപ്പെട്ടു
ഗൂഡല്ലൂര്‍: ഊട്ടി-കോഴിക്കോട് ദേശീയപാതയില്‍ നാടുകാണി ചുരത്തില്‍ പാറയും മണ്ണുമിടിഞ്ഞ് വീണ് 15 മണിക്കൂറിലധികം ഗതാഗത തടസമുണ്ടായി. ഇന്നലെ രാത്രി 12ഓടെയാണ് താഴെ കല്ലളയില്‍ മണ്ണും പാറയും റോഡിലേക്ക് ഇടിഞ്ഞുവീണത്. റോഡിലേക്ക് തൂങ്ങി നില്‍ക്കുകയായിരുന്ന പാറയടക്കമുള്ള മണ്ണാണ് റോഡിലേക്ക് പതിച്ചത്. മണ്ണിടിഞ്ഞതോടെ റോഡിന്റെ ഇരുഭാഗത്തും നൂറുകണക്കിന് വാഹനങ്ങളാണ് കുടുങ്ങിക്കിടന്നത്. കേരളത്തിലേക്കുള്ള പച്ചക്കറി വാഹനങ്ങളും വിനോദ സഞ്ചാരികളുടെ വാഹനങ്ങളുമടക്കമാണ് മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് മണിക്കൂറുകളോളം കുടുങ്ങിക്കിടന്നത്. സംഭവമറിഞ്ഞെത്തിയ ഡി.ആര്‍.ഒ ഭാസ്‌കരപാണ്ഡ്യന്‍, ഗൂഡല്ലൂര്‍ തഹസില്‍ദാര്‍ ശിവ്കുമാര്‍, ദേശീയപാത വിഭാഗം എ.ഡി മുരുഗന്‍, വനംവകുപ്പ്, പൊലിസ്, ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലത്തെത്തി നാട്ടുകാരുമായി സഹകരിച്ചാണ് മണിക്കൂറുകള്‍ നീണ്ട പ്രയത്‌നത്തിനൊടുവില്‍ റോഡിലെ മണ്ണും പാറയും നീക്കം ചെയ്ത് ഗതാഗതം പുനസ്ഥാപിച്ചത്. ദേശീയപാത വിഭാഗം ജീവനക്കാര്‍ ഡ്രില്‍ ഉപയോഗിച്ചാണ് പാറ പൊട്ടിച്ച് മാറ്റിയത്. മണ്ണ് മാറ്റാന്‍ മുഴുവന്‍ വകുപ്പ് ജീവനക്കാരും നാട്ടുകാരും കൈമെയ് മറന്ന് പ്രവര്‍ത്തിച്ചു.മൈസുരില്‍ നിന്നും ചരക്കുമായി പോയ ലോറികളടക്കം കുരുക്കില്‍പ്പെട്ടിരുന്നു. നാടുകാണി ചുരത്തിന് മുകള്‍ഭാഗം വരെ വാഹനങ്ങളുടെ നീണ്ട നിരയാണ് രൂപപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."