എം.പിയുടെ നേതൃത്വത്തില്‍ ജനകീയ പ്രക്ഷോഭത്തിനൊരുങ്ങുന്നു
നീലേശ്വരം: ദേശീയപാതയില്‍ നീലേശ്വരം പള്ളിക്കരയിലെ റെയില്‍വേ മേല്‍പാല നിര്‍മാണം നീളുന്നതില്‍ പ്രതിഷേധിച്ച് എം.പി പി. കരുണാകരന്റെ നേതൃത്വത്തില്‍ ജനകീയ പ്രക്ഷോഭം ആരംഭിക്കാനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച എം.പിയുടെ നേതൃത്വത്തില്‍ ആലോചനാ യോഗം ചേരും. വൈകീട്ട് 4.30നു നീലേശ്വരം അര്‍ബന്‍ ബാങ്ക് ഹാളിലാണു യോഗം.
പള്ളിക്കരയില്‍ 40 കോടി രൂപ ചെലവില്‍ മേല്‍പാലം നിര്‍മിക്കാനുള്ള പദ്ധതി നേരത്തെ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് അംഗീകരിച്ച് ഹൈദരാബാദിലെ ചൈതന്യ കണ്‍സള്‍ട്ടന്‍സിയെ ജോലി ഏല്‍പ്പിച്ചിരുന്നു. അലൈന്‍മെന്റ് റെയില്‍വേയും അംഗീകരിച്ചതോടെ 2016 സെപ്റ്റംബര്‍ അവസാനം പദ്ധതി ടെന്‍ഡര്‍ ചെയ്യുമെന്ന ഉറപ്പും ലഭിച്ചിരുന്നു. ഇതിനിടെ ദേശീയപാത അതോറിറ്റി പദ്ധതി നടത്തുമെന്ന അറിയിപ്പും വന്നു. ആറുവരി പാതയ്‌ക്കൊപ്പം മേല്‍പാലം നിര്‍മിക്കാനുള്ള വിശദമായ പദ്ധതി റിപ്പോര്‍ട്ട് അതോറിറ്റി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിനു സമര്‍പ്പിക്കുകയും ചെയ്തിരുന്നു. പക്ഷേ സ്ഥലമെടുപ്പിന്റെ സാങ്കേതികതയില്‍ കുടുങ്ങി പദ്ധതി വീണ്ടും സ്തംഭിച്ചു. അതോടെ മേല്‍പാലത്തിനായി നേരത്തെ ഏറ്റെടുത്ത സ്ഥലത്ത് സേതുഭാരതം പദ്ധതിയില്‍ പെടുത്തി മൂന്നുവരി മേല്‍പാലമെന്ന നിര്‍ദേശവും ഉയര്‍ന്നു.
ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന പൊതുമരാമത്ത് വകുപ്പ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിനു നിര്‍ദേശവും സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ചില സാങ്കേതിക പ്രശ്‌നങ്ങളുടെ പേരിലാണു നിര്‍മാണം അനന്തമായി നീളുന്നത്. സാങ്കേതിക കുരുക്കുകള്‍ അഴിക്കാനുള്ള ശ്രമം എം.പി നടത്തിവരുകയാണ്. അതോടൊപ്പം ജനകീയ സമ്മര്‍ദ്ദം കൂടി ശക്തിപ്പെടുത്താനാണ് ആലോചന. ഇതിന്റെ ഭാഗമായാണ് പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. എം.പിയുടെ നേതൃത്വത്തില്‍ അനിശ്ചിതകാല സത്യാഗ്രഹത്തിനാണ് ആലോചിക്കുന്നത്. ഇതിന് ഇടതു മുന്നണിയുടെ പിന്തുണയും ഉറപ്പു വരുത്തിയിട്ടുണ്ട്. മുംബൈയ്ക്കും തിരുവനന്തപുരത്തിനുമിടയില്‍ ദേശീയ പാതയില്‍ അവശേഷിക്കുന്ന ഏക റെയില്‍വേ ഗേറ്റാണ് പള്ളിക്കരയിലേത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."