'കൈ പൊള്ളിച്ചത് ' കൃത്രിമ വിലക്കയറ്റം സൃഷ്ടിച്ചു തന്നെ
ചെറുവത്തൂര്‍: ഓണദിനത്തിലെ പച്ചക്കറികളുടെ പൊള്ളുന്ന വിലയ്ക്കു പിന്നില്‍ കൃത്രിമവിലക്കയറ്റമെന്നു തെളിയുന്നു. തിരുവോണം കഴിഞ്ഞതിന്റെ അടുത്ത ദിനങ്ങളില്‍ പച്ചക്കറികള്‍ പലതിന്റെയും വില പകുതിയോളമായി കുറഞ്ഞു. കേരളത്തിലേക്കു പച്ചക്കറിയെത്തണ്ടുന്ന സംസ്ഥാനങ്ങളിലെ പ്രതികൂല കാലാവസ്ഥയും വിളനാശവുമൊക്കെയാണു വില വര്‍ധനവിനു കാരണമായി ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാല്‍ ഓണം കഴിഞ്ഞയുടന്‍ പച്ചക്കറികള്‍ സുലഭമായി എത്തിത്തുടങ്ങിയതും വില ഗണ്യമായി കുറഞ്ഞതും ഈ വാദം തെറ്റാണെന്നു തെളിയിക്കുന്നു.
ഉത്രാടദിനത്തില്‍ ഒരു കിലോ പയറിനു 100 രൂപയായിരുന്നു വില. എന്നാല്‍ മൂന്നു ദിവസത്തിനുള്ളില്‍ വില നേര്‍പകുതിയായി കുറഞ്ഞു. അതായതു കിലോയ്ക്കു അന്‍പതു രൂപ മാത്രമാണു ചില്ലറ വിപണിയിലെ വില.
50 രൂപയുണ്ടായിരുന്ന ഒരു കിലോ വെണ്ടയ്ക്ക് 30 രൂപ മാത്രമാണിപ്പോള്‍. ബീന്‍സ് 60 രൂപയില്‍ നിന്നു 20 രൂപ കുറഞ്ഞു 40 രൂപയായി. പാവയ്ക്കയ്ക്കും വില ഗണ്യമായി കുറഞ്ഞു.
ഓണ ദിനങ്ങളില്‍ 75 രൂപ വരെ ഈടാക്കിയ ഒരു കിലോ പാവയ്ക്കയ്ക്ക് ഇപ്പോള്‍ 50 രൂപയാണു വില. മറ്റു പച്ചക്കറികള്‍ക്കും ചുരുങ്ങിയത് അഞ്ചു രൂപയുടെയെങ്കിലും കുറവുണ്ടായിട്ടുണ്ട്. നേന്ത്രപ്പഴത്തിനും ചെറുപഴത്തിനും മാത്രമാണു വില വ്യത്യാസം ഇല്ലാത്തത്. നേന്ത്രപ്പഴം കിലോ 90 രൂപയും ചെറുപഴം 75 രൂപയുമാണ് ഇപ്പോഴത്തെ വില.
പച്ചക്കറികള്‍ക്ക് ഇനിയും വില കുറയുമെന്നാണു കച്ചവടക്കാര്‍ പറയുന്നത്. ഓണനാളുകളില്‍ ഇടനിലക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്നു ജനത്തെ പിഴിയുകയായിരുന്നുവെന്നു വ്യക്തം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."