ബഹ്റൈനില്‍ ജയിലിലകപ്പെട്ട റഹീമിന് ഒടുവില്‍ മോചനമായി; ഞായറാഴ്ച നാട്ടിലേക്ക്
മനാമ: ബഹ്റൈനിലുണ്ടായ ഒരു വാഹനാപകടകേസുമായി ബന്ധപ്പെട്ട് ജയിലിലകപ്പെട്ട മലയാളിക്ക് ഒടുവില്‍ മോചനമായി. ആലപ്പുഴ ജില്ലയിലെ കായംകുളം സ്വദേശി അബ്ദുറഹീമാണ് 11 മാസത്തോളം നീണ്ട ജയില്‍ ജീവിതത്തില്‍ നിന്നു മോചനം നേടി ഞായറാഴ്ച നാട്ടിലേക്ക് പുറപ്പെടുന്നത്.
2016 ഒക്ടോബര്‍ 26നാണ് റഹീമിന്റെ ജയില്‍ ജീവിതത്തിനാസ്പദമായ സംഭവം നടന്നത്. ബഹ്റൈനിലെ അല്‍ബ റൗണ്ട്എബൗട്ടിനു സമീപം നടന്ന ഒരു വാഹനാപകടത്തില്‍ ഒരു സ്വദേശി പൗരന് മണപ്പെട്ടിരുന്നു. ഈ സംഭവത്തില്‍ വാഹന ഉടമയെന്ന നിലയില്‍ പ്രതിചേര്‍ക്കപ്പെട്ട റഹീമിനെ 3 വര്‍ഷത്തെ ജയില്‍ ശിക്ഷക്കും ലൈസന്‍സ് റദ്ദാക്കലിനുമാണ് ബഹ്റൈന്‍ കോടതി ശിക്ഷവിധിച്ചത്.
ഇതോടെ സംഭവത്തില്‍ നിരപരാധിയായ റഹീമിനെ രക്ഷിക്കാനായി ബഹ്റൈനിലെ സാമൂഹ്യ പ്രവര്‍ത്തകര്‍ രംഗത്തു വരികയായിരുന്നു. എന്നാല്‍ റഹീമിന്റെ നിരപരാധിത്വം അധികൃതരുടെ മുമ്പില്‍ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് അധികൃതര്‍ക്ക് ദയാഹരജി സമര്‍പ്പിക്കുകയായിരുന്നു.
ബഹ്റൈന്‍ മലയാളി ബിസിനസ് ഫോറം ഭാരവാഹികൂടിയായ ബഷീര്‍ അംബലായിയാണ് ഇതിനു മുന്നിട്ടിറങ്ങിയത്. നാട്ടിലുള്ള ഭാര്യ നജിമോളും ബന്ധുക്കളും ബഷീര്‍ അംബലായിയെ ബന്ധപ്പെട്ടാണ് മോചനത്തിനുള്ള വഴികള്‍ തേടിയിരുന്നത്.
ബഹ്റൈനിലെ ഇന്ത്യന്‍ എംബസി, ബഹ്റൈന്‍ മതകാര്യമന്ത്രാലയം, റോയല്‍ കോര്‍ട്ട് തുടങ്ങിയ കേന്ദ്രങ്ങളില്‍ ബഷീര്‍ ദയാ ഹരജി സമര്‍പ്പിച്ചു. കേരളാ മുഖ്യമന്ത്രി പിണറായി വിജയന് ബഹ്റൈനിലെത്തിയപ്പോള്‍ അദ്ദേഹത്തിനും ഇക്കാര്യത്തില്‍ അപേക്ഷ നല്‍കിയിരുന്നു.
ചെറിയ മൂന്നു കുട്ടികളും ഭാര്യയും അടങ്ങുന്ന കുടുംബം നാട്ടില്‍ ഒറ്റ മുറിയുള്ള ഒരു വാടക വീട്ടിലാണ് കഴിഞ്ഞിരുന്നത്. കുടുംബ നാഥനെ മാത്രം ആശ്രയിച്ചു കഴിയുന്ന ഈ കുടുംബത്തിന് വേണ്ടി അധികൃതരുമായി നിരവധി തവണയാണ് ബഹ്റൈന്‍ കെ.എം.സി.സി അടക്കമുള്ള സംഘടനകളും ബഷീര്‍ അംബലായി അടക്കമുള്ള സാമൂഹ്യ പ്രവര്‍ത്തകരും ബന്ധപ്പെട്ടത്. ഇതേ തുടര്‍ന്ന് അധികൃതരുടെ മനസ്സലിയുകയായിരുന്നു.
ഒടുവില്‍ ബലി പെരുന്നാളിനോടനുബന്ധിച്ച് ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസാ അല്‍ ഖലീഫ മോചിപ്പിച്ച തടവുപുള്ളികളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയാണ് റഹീമിന് മോചനം സാധ്യമാക്കിയത്.
ജയില്‍ മോചിതനായി എമിഗ്രേഷന്‍ അധികൃതരുടെ മേല്‍നോട്ടത്തില്‍ കഴിഞ്ഞിരുന്ന റഹീമിന് ബഹ്റൈന്‍ മലയാളി ബിസിനസ് ഫോറമാണ് ടിക്കറ്റ് നല്‍കിയത്. തനിക്കു വേണ്ടി രംഗത്തിറങ്ങിയ ബഹ്റൈന്‍ ഭരണകൂടം, റോയല്‍ കോര്‍ട്ട്, മതകാര്യ വകുപ്പ്, ഇന്ത്യന്‍ എംബസി, മുഖ്യമന്ത്രി, സാമൂഹ്യ പ്രവര്‍ത്തകര്‍, സ്പോണ്സര്, ബഹ്റൈന്‍ കെ.എം.സി.സി, ബഷീര്‍ അംബലായി, അയ്യൂബ്, എന്നിവര്‍ക്കെല്ലാം റഹീമും സുഹൃത്തുക്കളും നന്ദി അറിയിച്ചു.
ഞായറാഴ്ച രാത്രി 10.20ന് ബഹ്റൈനില്‍ നിന്നു പുറപ്പെടുന്ന ശ്രീലങ്കന്‍ എയര്‍ലൈന്‍സില്‍ നാട്ടിലേക്ക് പുറപ്പെടുന്ന റഹീം തിങ്കളാഴ്ച പുലര്‍ച്ചെ 8.45ന് തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."