ഒരു നാവ് നിശബ്ദമാക്കിയാല്‍ ഒരായിരം വാക്കുകള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും: പ്രതിഭാറായ്
പുന്നയൂര്‍ക്കുളം: ഒരു നാവ് നിശബ്ദമാക്കപ്പെടുമ്പോള്‍ ഒരായിരം വാക്കുകള്‍ ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന് ജ്ഞാനപീഠജേത്രി പ്രതിഭാറായ് പറഞ്ഞു. നിശബ്ദതയാണ് ശക്തമായ ശബ്ദമെന്ന് ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യുന്നവര്‍ തിരിച്ചറിയുന്നില്ല. കേരള സാഹിത്യ അക്കാദമി പുന്നയൂര്‍ക്കുളത്ത് കമലാസുരയ്യ സ്മാരകത്തില്‍ സംഘടിപ്പിച്ച വനിതാ എഴുത്തുകാരുടെ സംഗമം- നീര്‍മാതളത്തണലില്‍- ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
സര്‍ഗാത്മകതകൊണ്ടും ആര്‍ദ്രതകൊണ്ടും ഭൂമിയിലെ വേര്‍തിരിവുകളെയും ഭേദചിന്തകളെയും മറികടന്ന് ഔന്നത്യത്തില്‍ എത്തിനില്‍ക്കുന്നവരാണ് എഴുത്തുകാര്‍. അവരുടെ മൗനം പോലും വാചാലമാണ്. എഴുത്തുകാര്‍ക്കുവേണ്ടി കാലത്തിലൂടെ അവരുടെ വാക്കുകള്‍ മറ്റുള്ളവരുമായി സംവദിച്ചുകൊണ്ടിരിക്കും. നിശബ്ദമാക്കപ്പെടലാണല്ലോ ഇന്നു നമ്മുടെ നാട്ടില്‍ എല്ലായിടത്തും. നിശബ്ദതയാണ് ശക്തമായ ശബ്ദമെന്ന് ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യുന്നവര്‍ തിരിച്ചറിയുന്നില്ല. അവര്‍ പറഞ്ഞു.
സാറാ ജോസഫ് അധ്യക്ഷത വഹിച്ചു. ഹിന്ദി എഴുത്തുകാരി മൃദുല ഗാര്‍ഗ് മുഖ്യപ്രഭാഷണം നടത്തി. കെ.വി.അബ്ദുള്‍ഖാദര്‍ എം.എല്‍.എ. ഉപഹാരസമര്‍പ്പണവും അക്കാദമി പ്രസിഡണ്ട് വൈശാഖന്‍ ആമുഖപ്രഭാഷണവും നടത്തി. തമിഴ് എഴുത്തുകാരി കെ.വി.ശൈലജ, ഡോ.സുലോചന നാലപ്പാട്ട്, ഡോ.കെ.പി.മോഹനന്‍, ഡോ.മ്യൂസ് മേരി ജോര്‍ജ്, എ.ഡി.ധനീപ് എന്നിവര്‍ സംസാരിച്ചു. ഗൗരി ലങ്കേഷിന്റെ നിഷ്ഠുരമായ കൊലപാതകത്തില്‍ പ്രതിഷേധിച്ചുള്ള പ്രമേയം ഷബിത എം.കെ. അവതരിപ്പിച്ചു.
ഉച്ചയ്ക്ക് ശേഷം നടന്ന കമലയുടെ ആത്മനിഷ്ഠാരചനകള്‍ എന്ന സെമിനാറില്‍ മാനസി മോഡറേറ്ററായിരുന്നു. സാഹിത്യ അക്കാദമി വൈസ് പ്രസിഡണ്ട് ഡോ.ഖദീജ മുംതാസ് , ഡോ.രേണുക, ഡോ.ജി.ഉഷാകുമാരി, ഡോ.സി.എസ്.ചന്ദ്രിക, ഫസീല എന്നിവര്‍ പങ്കെടുത്തു. രവീനരവീന്ദ്രന്റെ ഒരു കുറ്റപത്രവും ഒമ്പത് മുറിവുകളും എന്ന കഥാസമാഹാരം ഗിരിജ പാതേക്കര, ഡോ.ഇ.സന്ധ്യയ്ക്ക് നല്‍കി പ്രകാശനം ചെയ്തു.
സ്ത്രീഭാവനയുടെ പൗരമണ്ഡലങ്ങള്‍ എന്ന വിഷയം ഡോ.കവിതാബാലകൃഷ്ണന്‍ അവതരിപ്പിച്ചു. തുടര്‍ന്ന് ഗ്രാന്മ കോഴിക്കോട് അവതരിപ്പിച്ച എന്റെ നീര്‍മാതളം എന്ന നാടകം അരങ്ങേറി. ഋഷികവി,നീര്‍മാതളത്തിന്റെ പൂക്കള്‍ എന്നീ ഡോക്യുമെന്ററികളുടെ പ്രദര്‍ശനവും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."