ഗൗരി ലങ്കേഷ് വധം: ഇന്ത്യ അന്ധകാരത്തിലേക്ക് നീങ്ങുന്നതിന്റെ ലക്ഷണമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍
മനാമ: മാധ്യമ പ്രവര്‍ത്തകയായ ഗൗരി ലങ്കേഷിനെ വെടിവച്ച് കൊലപ്പെടുത്തിയ സംഭവം ഇന്ത്യാ രാജ്യം അന്ധകാരത്തിലേക്ക് നീങ്ങുന്നുവെന്നതിന്റെ ലക്ഷണമായി കാണണമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണ്‍ ബഹ്‌റൈനില്‍ പ്രസ്താവിച്ചു.
ഒരു ജനാധിപത്യ സമൂഹത്തിന് വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥ രാജ്യത്ത് രൂപപ്പെട്ടുവരികയാണ്. ഇത് അങ്ങേയറ്റം ഭീതിതമായ സാഹചര്യമാണ്. എന്നാല്‍ ഇത്തരം ശ്രമങ്ങളെ ഇല്ലാതാക്കാനുള്ള സഹജമായ ഊര്‍ജം ഇന്ത്യയ്ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബഹ്‌റൈന്‍ കേരളീയ സമാജം ഓണാഘോഷത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവേയാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.
ഒരു ജനാധിപത്യ രാജ്യത്ത് എതിര്‍ ശബ്ദങ്ങള്‍ക്ക് അവസരം നല്‍കുന്നില്ല എന്ന അവസ്ഥ ജനാധിപത്യത്തിന്റെ ദുരന്തം നിറഞ്ഞ അനുഭമാണ്. ഇതു രാജ്യം അന്ധകാരത്തിലേക്കു നീങ്ങുന്നുവെന്നതിന്റെ ലക്ഷണമാണെന്നാണ് താന്‍ വേദനയോടെ വിലയിരുത്തുന്നത്. ജനാധിപത്യത്തിന്റെ പ്രാഥമികമായ മര്യാദകളില്‍ ഒന്നാണ് വിയോജിപ്പിനുള്ള അവകാശം നില നിര്‍ത്തികൊടുക്കുക എന്നത്. അത് തടസപ്പെടുത്തുക എന്നത് അന്ധകാരം നിറഞ്ഞ അവസ്ഥയാണ് ഉണ്ടാക്കുക.
ഇന്ത്യയുടെ അടിസ്ഥാനമായ വൈവിധ്യത്തിന്റെയും വൈജാത്യത്തിന്റെ നാനാത്വത്തിന്റെയും പ്രമാണത്തെപ്പോലും അംഗീകരിക്കാത്ത ഒരു സാഹചര്യം വരുന്നു എന്നത് ജനാധിപത്യ വിശ്വാസികളെപ്പോലും വലിയ ദുഃഖത്തിലാഴ്ത്തുന്ന അനുഭവമാണ്. ഇന്ത്യക്ക് സഹജമായ ഒരു ഭാവമുണ്ട്. ആ ഭാവത്തെ കൃത്യമായാണ് തകര്‍ത്തുകൊണ്ടിരിക്കുന്നത്. ഇന്ത്യയുടെ സഹജമായ ഭാവം എന്നത് ഈ വൈജാത്യങ്ങളെയെല്ലാം അംഗീകരിക്കുക എന്നതാണ്. ലോകത്തിന്റെ മുന്നില്‍ ഇന്ത്യ ഒരു വിസ്മയമായി നില്‍ക്കാന്‍ കാരണം ഇത്രയും വൈവിധ്യങ്ങള്‍ക്കിടയിലും ഇന്ത്യ ഒരു രാഷ്ട്രമായിട്ടുതന്നെ നില നിലനില്‍ക്കുന്നു എന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരള നിയമസഭയുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെട്ടതായും സ്പീക്കര്‍ വിശദീകരിച്ചു. ഇതര സംസ്ഥാന നിയമ സഭകളെക്കാള്‍ കൂടുതല്‍ സമയം സമ്മേളിക്കുന്നതില്‍ കേരളം മാതൃകയാണ്. എന്നാല്‍, നിയമ നിര്‍മ്മാണ പ്രക്രിയയില്‍ കേരളത്തിലെ സാമാജികര്‍ കാണിക്കുന്ന ഗൗരവം മാധ്യമങ്ങള്‍ വേണ്ടത്ര കാണുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നിയമസഭാ നടപടിക്രമങ്ങളെ ഒരു ഹാസ്യാത്മക പരിപാടിയാക്കി ചിത്രീകരിക്കാനാണ് പലപ്പോഴും മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. ആക്ഷേപ ഹാസ്യം അവര്‍ക്ക് ചെയ്യാമെങ്കിലും ഓരോ നിയമം കൊണ്ടുവരുമ്പോഴും അതിനോട് സൂക്ഷ്മമായി പ്രതികരിക്കുകയും നൂറുകണക്കിനു ഭേദഗതികള്‍ കൊണ്ടുവരികയും ചെയ്യുന്ന വലിയൊരു പ്രക്രിയ അവിടെ നടക്കുന്നുണ്ടെന്ന് ഓര്‍മ്മിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
വളരെ ലാഘവത്തില്‍ കാര്യങ്ങളെ കാണുന്ന അവസ്ഥ ഇന്ന് കേരള നിയമസഭയില്‍ ഇല്ല. സമയ ക്ലിപ്തത പുതിയ നിയമസഭയില്‍ എല്ലാവരും അംഗീകരിച്ചിട്ടുണ്ട്. നിയമസഭാ സമിതികളുടെ റിപ്പോര്‍ട്ടുകള്‍ നേരത്തെ സഭയില്‍ വെക്കുന്ന രീതി നമുക്കുണ്ടായിരുന്നില്ല. നിയമ സഭാ സമിതികള്‍ വലിയ അന്വേഷണം നടത്തി റിപ്പോര്‍ട്ട് ഉണ്ടാക്കികൊണ്ടുവന്നാല്‍ അത് എടുത്ത് അട്ടത്തുവെക്കുന്ന രീതിയാണ് മുന്‍പ് ഉണ്ടായിരുന്നത്. അത് മാറി സമിതികളുടെ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുന്ന രീതി സ്വീകരിച്ചു.
വിവിധ വിഷയങ്ങളെ അധികരിച്ച് പ്രത്യേക വകുപ്പു പ്രകാരമുള്ള ചര്‍ച്ചകള്‍ക്ക് ഇന്ന് അവസരമുണ്ട്. ആ അവസരങ്ങളെ നേരത്തെ വേണ്ടത്ര ഉപയോഗപ്പെടുത്തിയിരുന്നില്ല. ബജറ്റ് കാര്യത്തില്‍ വിപ്ലവകരമായ മാറ്റം കൊണ്ടുവരികയാണ്. പ്രവാസികളുടെ പ്രശ്‌നങ്ങളെ സര്‍ക്കാര്‍ ഗൗരവമായി ഏറ്റെടുക്കുന്നുണ്ടെന്നതിന്റെ പ്രഖ്യാപനങ്ങള്‍ സഭയില്‍ വന്നിട്ടുണ്ട്. പ്രവാസി പ്രശ്‌നങ്ങള്‍ ഗൗരവമായി ചര്‍ച്ച ചെയ്യാന്‍ ഗ്ലോബല്‍ പാര്‍ലമെന്റ് വിളിച്ചുചേര്‍ക്കാനും അതിനു സുവ്യക്തമായ പദ്ധതിയുണ്ടാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചുട്ടുണ്ടെന്നും വിവിധ ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ധേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."