ദിലീപ് വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിക്കാനൊരുങ്ങുന്നു
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അണിയറയില്‍ നീക്കങ്ങള്‍ ശക്തമാകുന്നു. കേസില്‍ നടന് ദിലീപ് അറസ്റ്റിലായി രണ്ടുമാസം പൂര്‍ത്തിയായിട്ടും ജാമ്യം ലഭിക്കാത്ത സാഹചര്യത്തിലാണ് പഴുതുകളടച്ച് വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിക്കാന്‍ നീക്കം നടക്കുന്നത്.
പിതാവിന്റെ ശ്രാദ്ധചടങ്ങില്‍ പങ്കെടുത്തപ്പോള്‍ ഉപാധികള്‍ പൂര്‍ണമായും അനുസരിച്ചതും ജയിലില്‍ രണ്ടുമാസം പിന്നിട്ടതുമായിരിക്കും ജാമ്യാപേക്ഷയില്‍ മുഖ്യമായും ചൂണ്ടിക്കാണിക്കുക. എന്നാല്‍, കഴിഞ്ഞ രണ്ടുതവണയും ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ പ്രോസിക്യൂഷന് നിരത്തിയ വാദങ്ങള്‍ ഇത്തവണയും ശക്തമാകുമോ എന്നതാണ് ദിലീപിനെയും കൂട്ടരെയും അലട്ടുന്നത്. ജാമ്യാപേക്ഷ ബുധനാഴ്ച സമര്‍പ്പിച്ചേക്കുമെന്നാണ് സൂചന. ഈ മാസം 16നാണ് ദിലീപിന്റെ റിമാന്‍ഡ് കാലാവധി അവസാനിക്കുന്നത്.
അതേസമയം, കേസില്‍ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷായെ ഇന്ന് ചോദ്യം ചെയ്തേക്കുമെന്നും സൂചനയുണ്ട്. കേസുമായി ബന്ധപ്പെട്ട് വീണ്ടും ചോദ്യംചെയ്യാന്‍ ആലുവ പൊലിസ് ക്ലബിലെത്താന്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നാദിര്‍ഷ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്.
തുടര്‍ന്ന് നെഞ്ചുവേദനയെ തുടര്‍ന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. ഇപ്പോഴും നാദിര്‍ഷ ആശുപത്രിയില്‍ തുടരുകയാണെങ്കിലും ചോദ്യം ചെയ്യല്‍ ഒഴിവാക്കാന്‍ കഴിയില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്കുന്ന സൂചന.
ദിലീപിനെതിരേ മൊഴി കൊടുക്കാന്‍ പൊലിസ് സമ്മര്‍ദം ചെലുത്തുന്നതായും അറസ്റ്റ് ചെയ്യുമെന്ന് പൊലിസ് ഭീഷണിപ്പെടുത്തുകയാണെന്നും നാദിര്‍ഷ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു. ജാമ്യാപേക്ഷ 13ന് ഹൈക്കോടതി പരിഗണിക്കുമ്പോള്‍ നിലപാട് വ്യക്തമാക്കാന്‍ സര്‍ക്കാരിനോടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. നാദിര്‍ഷായെ വിശദമായി വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഇതിനുശേഷമേ അറസ്റ്റ് വേണമോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സാധിക്കൂ എന്നുമാണ് അന്വേഷണസംഘത്തിന്റെ നിലപാട്.
ദിലീപിനെ സംരക്ഷിക്കാന്‍ നാദിര്‍ഷ ശ്രമം നടത്തുന്നുവെന്നും ആരോപണമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."