നാടു നീളെ പാര്‍ക്കിങ്
ജില്ലയിലെ റെയില്‍വേ സ്റ്റേഷനുകളിലെ പരിമിതമായ സ്ഥലങ്ങളില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നത് ആയാസകരമായ പ്രവൃത്തിയാണെന്നു യാത്രക്കാര്‍. പരിമിതമായ സ്ഥലങ്ങളില്‍ എങ്ങനെയെങ്കിലും വാഹനം കയറ്റിവെക്കുന്നതിനു പാര്‍ക്കിങ് ഫീസും വാങ്ങിക്കും. എന്നാല്‍ തിരികെ വാഹനമെടുക്കാന്‍ വരുമ്പോഴെക്കും ഏതെങ്കിലും രീതിയിലുള്ള പോറലോ പരുക്കോ വാഹനങ്ങള്‍ക്ക് ഉറപ്പാണ്.
സ്ഥലം പരിമിതമായും പാര്‍ക്കിങ് ഏരിയ തീരെ ഇല്ലാത്തതുമായ റെയില്‍വേ സ്റ്റേഷനുകളില്‍ തോന്നിയയിടങ്ങളിലാണു വാഹനങ്ങളുടെ പാര്‍ക്കിങ്. ഇതാണെങ്കില്‍ റെയില്‍വേ സ്റ്റേഷനിലെത്തുന്ന യാത്രക്കാരെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നു. ചെറിയ ഇടവഴികളില്‍ ബൈക്കുകളും അല്‍പ്പം സ്ഥലം കൂടുതലുണ്ടെങ്കില്‍ കാറടക്കമുള്ള നാലു ചക്രവാഹനങ്ങളും പാര്‍ക്ക് ചെയ്യും. വാഹനങ്ങള്‍ക്കു സുരക്ഷിതത്വമില്ലാത്ത പാര്‍ക്കിങ് ഏരിയകളില്‍ വാഹനങ്ങളുടെ പെരുപ്പം, റോഡിലും റെയില്‍വേ സ്റ്റേഷന്റെ പരിസരങ്ങളിലുമടക്കം നാടുനീളെ വാഹനങ്ങളുടെ പാര്‍ക്കിങ് ഇങ്ങിനെയെല്ലാമാണു സ്ഥിതി.
സ്ഥലമുണ്ടായിട്ടും വാഹന പാര്‍ക്കിങിനായി സൗകര്യമൊരുക്കാത്ത റെയില്‍വേ യാത്രക്കാരോട് കാണിക്കുന്നതു നീതികേട് തന്നെയാണ്. ജില്ലയിലെ റെയില്‍വേ സ്റ്റേഷനുകളിലെ വാഹനങ്ങളുടെ പാര്‍ക്കിങ് ഏതു രീതിയിലാണെന്ന് 'വടക്കന്‍ കാറ്റ് ' കാണിച്ചു തരും.
കാസര്‍കോട് യുദ്ധഭൂമിക്കു സമാനം
ജില്ലയില്‍ ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ ആശ്രയിക്കുന്ന കാസര്‍കോട് റെയില്‍വേ സ്റ്റേഷനിലെ വാഹനങ്ങളുടെ പാര്‍ക്കിങ് യുദ്ധഭൂമിക്കു സമാനമാണ്. 10 സെന്റ് സ്ഥലത്തെ പാര്‍ക്കിങ് സ്ഥലം കടന്നും വാഹനങ്ങളുടെ നീണ്ട നിരയാണ്. പാര്‍ക്കിങ് ഏരിയക്കകത്തും റെയില്‍വേ സ്റ്റേഷന്‍ വളപ്പിലും ഉള്‍ക്കൊള്ളാതെ വാഹനങ്ങള്‍ റെയില്‍വേ സ്റ്റേഷനു മുന്നിലെ റോഡിന്റെ ഇരുവശത്തും പാര്‍ക്ക് ചെയ്യുകയാണ്.
പാര്‍ക്കിങ് ഏരിയ കഴിഞ്ഞു പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്ക് ഒരു പരിരക്ഷയും ഇല്ലെങ്കിലും ചില നേരങ്ങളില്‍ ഇവിടെ പാര്‍ക്ക് ചെയ്യുന്നതിനും ഫീസ് വാങ്ങുന്നുണ്ട്.
റെയില്‍വേ സ്റ്റേഷനിലേക്കു കടക്കുന്ന രണ്ടു കവാടങ്ങളുടെ മുന്നിലും ചില സമയങ്ങളില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതു യാത്രക്കാര്‍ക്കു വലിയ ബുദ്ധിമുട്ടാണു സൃഷ്ടിക്കുന്നത്. റെയില്‍വേ സ്റ്റേഷന്‍ തുടങ്ങിയപ്പോള്‍ നിര്‍മിച്ച പാര്‍ക്കിങ് ഏരിയയില്‍ നിന്ന് ഒരിഞ്ചു വര്‍ധനവ് വരുത്തിയിട്ടില്ല.
വലിയ സ്ഥലം വെറുതെ കിടക്കുമ്പോഴാണ് റെയില്‍വേ യാത്രക്കാരുടെ വാഹനം സുരക്ഷിതമായി പാര്‍ക്ക് ചെയ്യാന്‍ സൗകര്യം ഒരുക്കാതിരിക്കുന്നത്.
സുരക്ഷിതത്വം ഉറപ്പാക്കിയാലേ ഫീസ് നല്‍കേണ്ടതുള്ളൂ
ആവശ്യമായ സുരക്ഷിതത്വവും സേവനങ്ങളും ഉറപ്പാക്കി, സുരക്ഷിതമായ പ്ലാറ്റ് ഫോമും ഉചിതമായ പാര്‍ക്കിങ് ഏരിയായും ഉണ്ടെങ്കില്‍ മാത്രമേ ഫീസ് നല്‍കേണ്ടതുള്ളൂ. മരച്ചുവട്ടിലും തുറന്ന സ്ഥലങ്ങളിലുമുള്ള പാര്‍ക്കിങിനു ഫീസ് നല്‍കേണ്ടതില്ല.
പക്ഷി കാഷ്ഠം വീണും മരക്കമ്പുകള്‍ വീണും വാഹനങ്ങള്‍ക്ക് കേട് വരുന്ന സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യുന്നതിന് ഫീസ് നല്‍കേണ്ടതില്ല. റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാരെ യാത്രയയക്കാനും സ്വീകരിക്കാനും ടിക്കറ്റ് ബുക്ക് ചെയ്യാനും താല്‍ക്കാലികമായി വന്നു പോകുന്നവരുടെ വാഹനങ്ങള്‍ സൗജന്യമായി പാര്‍ക്കു ചെയ്യാനുള്ള സംവിധാനം റെയില്‍വേ സ്റ്റേഷനുകളില്‍ ഉണ്ടാകണം.
കാഞ്ഞങ്ങാട് സ്റ്റേഷന്‍ എ ക്ലാസ്,
പാര്‍ക്കിങ് സൗകര്യം ലോ ക്ലാസ്
ജില്ലയിലെ മിക്ക റെയില്‍വേ സ്റ്റേഷനുകളിലും വാഹന പാര്‍ക്കിങിനുള്ള സ്ഥലത്തിന്റെ അപര്യാപ്തത കാരണം യാത്രക്കാര്‍ അനുഭവിക്കുന്ന ദുരിതം ചില്ലറയല്ല. പുലര്‍കാലത്തു ട്രെയിനുകളില്‍ ദൂരത്തേക്കു യാത്ര ചെയ്യുന്നവര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയാല്‍ പാര്‍ക്കിങ് സംവിധാനങ്ങള്‍ ലഭിക്കാതെ വരുന്നതോടെ തങ്ങളുടെ വാഹനങ്ങള്‍ പാതയോരത്തും മറ്റും നിര്‍ത്തിയിട്ടു യാത്ര പോകേണ്ട അവസ്ഥയാണ്.
ജില്ലയില്‍ ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്ന കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍ വഴി ഇരു ഭാഗങ്ങളിലേക്കും പ്രതിദിനം ആയിരങ്ങളാണു യാത്ര ചെയ്യുന്നത്. വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഈ സ്റ്റേഷന്‍ എ ക്ലാസ് ആയി ഉയര്‍ത്തിയെങ്കിലും ഇവിടെ പാര്‍ക്കിങ് എന്നത് പേരിനു മാത്രമാണ്.
സ്റ്റേഷന്റെ തെക്കേയറ്റം മുതല്‍ വടക്കേയറ്റം വരെ ഒരു കിലോമീറ്ററോളം നീളത്തില്‍ പാര്‍ക്കിങ് സംവിധാനം ഒരുക്കാനുള്ള വിശാലമായ സ്ഥല സൗകര്യങ്ങള്‍ ഉണ്ടെങ്കിലും ഇതു കാടുമൂടി വനമേഖല പോലെ സ്ഥിതി ചെയ്യുന്ന അവസ്ഥയാണുള്ളത്. സ്റ്റേഷന്റെ വടക്കു ഭാഗത്ത് അല്‍പം സ്ഥലം പാര്‍ക്കിങിനായി ഒരുക്കിയിട്ടുണ്ടെങ്കിലും ഇത് നിത്യേന സ്റ്റേഷന്‍ പരിസരത്ത് എത്തുന്ന ഇരു ചക്ര വാഹനങ്ങളുടെ നാലിലൊന്നു ഭാഗത്തിന് മാത്രമേ ഉപകരിക്കുന്നുള്ളൂ.
കാര്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ സ്റ്റേഷന്‍ കെട്ടിടത്തിലേക്കു കയറുന്ന പ്രധാന കവാടത്തിനു മുന്നിലാണു പാര്‍ക്ക് ചെയ്യുന്നത്. ഇവിടെ ഒരു കൂറ്റന്‍ മരം ഉള്ളതിനാല്‍ പക്ഷികള്‍ വാഹനങ്ങള്‍ക്കു മുകളില്‍ കാഷ്ഠിക്കുന്ന അവസ്ഥയുമുണ്ട്. ഇതിനു പുറമെ ഓട്ടോകളും വളഞ്ഞു പുളഞ്ഞു നിര്‍ത്തിയിടുന്നു. ഇത് കാരണം സ്റ്റേഷനിലേക്ക് കാല്‍നടയായി വരുന്ന യാത്രക്കാര്‍ക്ക് കടുത്ത ദുരിതമാണുണ്ടാകുന്നത്.
സ്റ്റേഷന്‍ പരിസരത്തെ വിശാലമായ സ്ഥലം പൂര്‍ണമായും പാര്‍ക്കിങിനു വേണ്ടി ഒരുക്കിയാല്‍ വാഹന ഉടമകള്‍ക്കും ഉപകാരപ്പെടുകയും റെയില്‍വേക്ക് നല്ലൊരു വരുമാനം ഇതു വഴിയുണ്ടാകുകയും ചെയ്യും.
എ ക്ലാസ് സ്റ്റേഷനായി ഉയര്‍ത്തിയിട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ബി ക്ലാസ് സ്റ്റേഷന്റെ സൗകര്യങ്ങള്‍ പോലും ഇവിടെയില്ലെന്നതാണ് അവസ്ഥ.
ചെറുവത്തൂരില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സമീപവീട്ടുകാര്‍ കനിയണം
ആദര്‍ശ് സ്റ്റേഷനായ ചെറുവത്തൂരില്‍ എത്തുന്നവര്‍ക്ക് വാഹനങ്ങള്‍ സുരക്ഷിതമായി പാര്‍ക്ക് ചെയ്യണമെങ്കില്‍ സമീപത്തെ വീട്ടുകാര്‍ കനിയണം. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യമില്ലാത്തതിനാല്‍ യാത്രക്കാര്‍ അനുഭവിക്കുന്ന ദുരിതം ചില്ലറയല്ല. കയ്യൂര്‍ ചീമേനി, കരിവെള്ളൂര്‍ പെരളം, പിലിക്കോട്, ചെറുവത്തൂര്‍, കാങ്കോല്‍ ആലപ്പടമ്പ എന്നിവിടങ്ങളില്‍ നിന്നുള്ള നൂറുകണക്കിനു യാത്രക്കാരാണ് ഈ സ്റ്റേഷനെ ആശ്രയിക്കുന്നത്. സ്റ്റേഷന് സമീപത്ത് നിര്‍ത്തിയിട്ട് പോയാല്‍ ഇരുചക്രവാഹനങ്ങള്‍ മോഷണം പോകുന്നത് പതിവാണ്.
മറ്റുവഴികള്‍ ഇല്ലാത്തതിനാല്‍ സമീപത്തെ വീടുകളുടെ മുറ്റങ്ങളിലായി വാഹന പാര്‍ക്കിങ്. അതോടെ പല വീട്ടുമുറ്റങ്ങളും വാഹനങ്ങള്‍ കൊണ്ടു നിറഞ്ഞു.
വാഹനങ്ങള്‍ നിര്‍ത്തിയിട്ടു പോയവര്‍ അര്‍ധരാത്രിവരെ വണ്ടി ഇറങ്ങി എത്തുന്നതു പതിവായതോടെ വീട്ടുകാരുടെ ഉറക്കവും പോയി. ചിലര്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതിനു വിലക്കും ഏര്‍പ്പെടുത്തിയിരിക്കുകയാണ്. റെയില്‍വേ സ്റ്റേഷന്റെ പടിഞ്ഞാറു ഭാഗത്ത് ആല്‍മരത്തിനു ചുവട്ടില്‍ യാത്രക്കാര്‍ ഇരുചക്ര വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരുന്നു. എന്നാല്‍ അടുത്തിടെ ഈ മരം കടപുഴകി. നിരവധി ഇരുചക്രവാഹനങ്ങള്‍ തകരുകയും ചെയ്തിരുന്നു. സ്റ്റേഷന്‍ പരിസരങ്ങളില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ടു പോകുന്നതില്‍ സുരക്ഷിതത്വം ഇല്ലാത്തതിനാല്‍ തിരികെയെത്തുന്നതുവരെ ആശങ്കയാണെന്നു യാത്രക്കാര്‍ പറയുന്നു. വാഹനങ്ങളില്‍ നിന്നു പെട്രോള്‍ മോഷ്ടിക്കുക, ഗ്ലാസുകള്‍ തകര്‍ക്കുക എന്നിവയെല്ലാം പതിവാണ്.
അടിയന്തിര പ്രാധാന്യത്തോടെ സ്റ്റേഷനില്‍ പാര്‍ക്കിങ് സൗകര്യം ഒരുക്കണം എന്നതാണ് ജനങ്ങളുടെ ആവശ്യം.
തൃക്കരിപ്പൂരില്‍ പാര്‍ക്കിങ് സുരക്ഷിതമല്ല
ട്രെയിന്‍ യാത്രക്കാര്‍ക്ക് സുരക്ഷിതമായി വാഹനം പാര്‍ക്ക് ചെയ്യാനുള്ള പാര്‍ക്കിങ് തൃക്കരിപ്പൂരില്ല. ദിവസവും നൂറിലധികം ട്രെയിന്‍ യാത്രക്കാര്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് റെയില്‍വെ സ്റ്റേഷനു സമീപമുള്ള മരങ്ങള്‍ക്കു താഴെയും മിനി സ്റ്റേഡിയത്തിന് സമീപവുമാണ്. മരച്ചില്ലകള്‍ മുറിഞ്ഞുവീണു വാഹനങ്ങള്‍ക്കു കേടു പറ്റുന്നതും ഇരു ചക്രവാഹനങ്ങള്‍ കളവുപോകുന്നതും ഇവിടെ പതിവാണ്. കടപുഴകി വീഴാന്‍ പാകത്തിലുള്ള മരങ്ങള്‍ക്കടിയിലാണ് തൃക്കരിപ്പൂരിലെ ട്രെയിന്‍ യാത്രക്കാരുടെ വാഹന പാര്‍ക്കിങ്.
റെയില്‍വേക്ക് പാര്‍ക്കിങ് ഒരുക്കാന്‍ നിരവധി സ്ഥലം ഇവിടെയുണ്ടെങ്കിലും അധികൃതര്‍ അതിനു തയാറായി മുന്നോട്ടുവന്നില്ല.
സ്ഥലമുണ്ടെങ്കിലും സൗകര്യമൊരുക്കാതെ
കുമ്പള, ഉപ്പള, മഞ്ചേശ്വരം സ്റ്റേഷനുകള്‍
കുമ്പള, ഉപ്പള, മഞ്ചേശ്വരം റെയില്‍വേ സ്റ്റേഷന്‍ പരിസരങ്ങളില്‍ ആവശ്യത്തിനു സ്ഥലമുണ്ടെങ്കിലും ഇവിടങ്ങളില്‍ പാര്‍ക്കിങ് എന്നത് മരീചികയാണ്. മഞ്ചേശ്വരം റെയില്‍വേ സ്റ്റേഷനില്‍ കൂടുതല്‍ വാഹനങ്ങളൊന്നും പാര്‍ക്കിങിന് ഇല്ലാത്തതു കാരണം ഇവിടെ യാത്രക്കാര്‍ കൂടുതല്‍ പ്രയാസങ്ങളൊന്നും അനുഭവിക്കുന്നില്ല. അതേ സമയം കുമ്പളയിലും ഉപ്പളയിലും ബൈക്കുകളും ഇതര വാഹനങ്ങളും ഉള്‍പ്പെടെ നിര്‍ത്തിയിടുന്നത് സ്റ്റേഷന്‍ കവാടത്തിലേക്ക് ആളുകള്‍ സഞ്ചരിക്കുന്ന വഴിയിലാണ്.
മഞ്ചേശ്വരം, ഉപ്പള സ്റ്റേഷനുകളെ അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ കടന്നു പോകുന്നത് കുമ്പള സ്റ്റേഷന്‍ വഴിയാണ്. ഇവിടെ ഏക്കര്‍ കണക്കിനു സ്ഥലം റെയില്‍വേയുടെ കൈവശം ഉണ്ടായിട്ടും സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ അധികൃതര്‍ തയാറാകുന്നില്ലെന്നാണ് ആരോപണം.
ഓട്ടോറിക്ഷകളും ഇതര വാഹനങ്ങളും തലങ്ങും വിലങ്ങും പാര്‍ക്ക് ചെയ്യുകയാണ്.
സ്റ്റേഷന്‍ പരിസരം ഉള്‍പ്പെടെ കാട് മൂടി കിടക്കുകയാണ്. വിവിധ സംഘടനകളും റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷനും ഉള്‍പ്പെടെ ഒട്ടനവധി തവണ പാര്‍ക്കിങ് സൗകര്യങ്ങള്‍ ഉള്‍പ്പെടെ ഏര്‍പ്പെടുത്തണമെന്ന് കാണിച്ചു നിവേദനങ്ങള്‍ നല്‍കിയിരുന്നെങ്കിലും ഇതൊന്നും കണ്ടതായുള്ള ഭാവം പോലും അധികൃതര്‍ക്കില്ല.
അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടി നീലേശ്വരം
നീലേശ്വരം റെയില്‍വേ സ്റ്റേഷനിലെ പാര്‍ക്കിങ് യാര്‍ഡ് അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടുന്നു. ആദര്‍ശ് പദവി ലഭിച്ച സ്റ്റേഷന്റെ അവസ്ഥയാണിത്. യാര്‍ഡിന് 747 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണമുണ്ടെങ്കിലും വാഹനങ്ങള്‍ സൗകര്യപ്രദമായി പാര്‍ക്കു ചെയ്യാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. കൃത്യമായ അതിര്‍ത്തി നിര്‍ണയിക്കാത്തതിനാല്‍ വാഹനങ്ങള്‍ തോന്നിയതുപോലെയാണ് നിര്‍ത്തിയിടുന്നത്. ഇതു പാര്‍ക്കിങ് വാടക വാങ്ങുന്ന കരാറുകാരനും ബുദ്ധിമുട്ടുകളുണ്ടാക്കുന്നു. അഞ്ചു രൂപയാണ് ഒരു വാഹനത്തിനു വാടകയായി വാങ്ങുന്നത്. റെയില്‍വേ സ്റ്റേഷന്‍ റോഡിലും അനധികൃതമായി വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് കാല്‍നടയാത്രക്കാരെ വലയ്ക്കുന്നു.
പാര്‍ക്കിങ് യാര്‍ഡിനു സുരക്ഷാ വേലിയില്ലാത്തത് അപകട സാധ്യതയും വര്‍ധിപ്പിക്കുന്നു. യാര്‍ഡിന്റെ പടിഞ്ഞാറു ഭാഗം പത്തടിയോളം താഴ്ചയുള്ള കുഴിയാണ്. ഇവിടെ വാഹനങ്ങള്‍ മറിഞ്ഞ സംഭവവും ഉണ്ടായിട്ടുണ്ട്. രാത്രിയില്‍ മതിയായ വെളിച്ചമില്ലാത്തതിനാല്‍ അപകട സാധ്യത വര്‍ധിക്കുന്നു.
സുരക്ഷാവേലി നിര്‍മിക്കേണ്ടത് കരാറുകാരനാണെന്ന നിലപാടിലാണ് റെയില്‍വേ അധികൃതര്‍. ശരാശരി 500 രൂപ മാത്രമാണ് ഇവിടെ പാര്‍ക്കിങ് വാടകയായി ലഭിക്കുന്നത്. എന്നാല്‍ ദിവസവും 350 രൂപ റെയില്‍വേക്കു നല്‍കി വാടക പിരിക്കുന്ന താന്‍ എങ്ങനെയാണ് സുരക്ഷാവേലി നിര്‍മിക്കേണ്ടതെന്നു കരാറുകാരനും ചോദിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."