പൂച്ചക്കുത്ത് കൊലക്കളമാകുന്നു: നടപടിയെടുക്കാന്‍ അധികൃതര്‍ക്കും മടി
നിലമ്പൂര്‍: പൂച്ചക്കുത്തില്‍ വാഹനാപകടങ്ങള്‍ തുടര്‍കഥയായിട്ടും നടപടിയെടുക്കാന്‍ തയാറാകാത്ത അധികൃതരുടെ നിലപാടില്‍ പ്രതിഷേധമുയരുന്നു. രണ്ടു ദിവസത്തിന്റെ വ്യത്യാസത്തില്‍ രണ്ടു യുവാക്കളുടെ ജീവന് പൊലിഞ്ഞു. 14 പേര്‍ക്ക് പരുക്കേറ്റു. ഇന്നലെ ഓട്ടോയും ഇന്നോവകാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. പൂച്ചക്കുത്തില്‍ ഒരാഴ്ചക്കുള്ളില്‍ മൂന്നാമത്തെ അപകടമാണിത്.
ദിവസങ്ങള്‍ക്കു മുന്‍പാണ് ബിയറുമായെത്തിയ ലോറിയും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരനായ വിദ്യാര്‍ഥി മരിച്ചത്. കഴിഞ്ഞ ദിവസം ജീപ്പും അപകടത്തില്‍പ്പെട്ടു. ഒരു വര്‍ഷത്തിനിടെ എട്ടു മരണങ്ങളാണ് പൂച്ചക്കുത്ത് -മുട്ടിക്കടവ് ഭാഗങ്ങളില്‍ ഉണ്ടായത്. അപകടങ്ങളില്‍ പരുക്കേറ്റവരുടെ എണ്ണം 78ലേറെയായി. ഇരുഭാഗവും വനമേഖലയായതിനാലും റോഡിന്റെ മിനുസവും വാഹനങ്ങളുടെ അമിത വേഗതയുമാണ് പലപ്പോഴും അപകടങ്ങള്‍ക്കിടയാക്കുന്നത്. റോഡിന്റെ എഡ്ജ് ഇറങ്ങിയും വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് പതിവാണ്. പൂച്ചക്കുത്തിലെ വനം ഔട്ട്പോസ്റ്റ് മുതല്‍ മുട്ടിക്കടവ് ജങ്ഷന് വരെ വാഹനങ്ങള്‍ അമിതവേഗതയിലാണ് പോവുന്നത്. ഹമ്പുകളോ സ്പീഡ് ബ്രേക്കറോ, ഡിവൈഡറുകളോ സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. എന്നാല്‍ ഇതുവരെ പൊതുമരാമത്ത് വകുപ്പോ മറ്റോ നടപടി കൈകൊണ്ടിട്ടില്ല. നേരത്തെ പൊങ്ങല്ലൂരില്‍ അപകടം പതിവായതോടെ എ.പി അനില്‍കുമാര്‍ എം.എല്‍.എ ഇടപ്പെട്ട് ഡിവൈഡര്‍ സ്ഥാപിച്ചിരുന്നു. ഇതുമൂലം ഇവിടം അപകടം കുറഞ്ഞു. അതുപോലെ പൂച്ചക്കുത്ത് മുതല്‍ മുട്ടിക്കടവ് വരെ ഡിവൈഡര്‍ സ്ഥാപിക്കുന്നതിന് അധികൃതര്‍ സംവിധാനമൊരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."