മനുഷ്യരുടെ കരുണ വറ്റിയോ?
നിലമ്പൂര്‍: ഇന്നലെ വെളിയംതോടില്‍ കര്‍ഷകനായ മാധവന്‍നായര്‍ ആശുപത്രിലെത്തിക്കാന്‍ ആരും തയാറാകാത്തതിനെ തുടര്‍ന്ന് അരമണിക്കൂറിലേറെ റോഡില്‍ കിടന്ന് രക്തം വാര്‍ന്ന് മരിച്ചു. വെളിയംതോട് ഇന്നലെ പുലര്‍ച്ചേ 5.40നാണ് കുമ്മാളി നസീം എന്നയാള്‍ ഓടിച്ച ബൈക്ക് കാല്‍ നടക്കാരനായ മാധവന്‍ നായരെ ഇടിച്ചുതെറിപ്പിച്ചത്.
റോഡിലേക്ക് തലയിടിച്ചുവീണ് പിടയുന്ന മാധവന്‍നായരെ ആശുപത്രിയിലെത്തിക്കാന്‍ നസീം ഓരോ വാഹനങ്ങള്‍ക്കും കൈകാണിക്കുന്നത് സി.സി.ടി.വിയില്‍ വ്യക്തമായി കാണാം. അപകടത്തില്‍ പരുക്കേറ്റയാളെ എത്തിനോക്കിയശേഷം ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ തയാറാകാതെ ഓരോ വാഹനങ്ങളും കടന്നുപോകുകയായിരുന്നു. അരമണിക്കൂര്‍ സഹായത്തിന് ആരും തയാറാകാത്തതിനെ തുടര്‍ന്ന് താന്‍ പഠിപ്പിക്കുന്ന അകമ്പാടം നമ്പൂരിപ്പൊട്ടിയിലെ മദ്‌റസയില്‍ ചെന്ന് നസീം അധ്യാപകരെ അറിയിക്കുകയായിരുന്നു. ഒരാള്‍ രക്തംവാര്‍ന്ന് കിടക്കുന്നുവെന്ന വിവരം ലഭിച്ച് ഹൈവേ പൊലിസ് എത്തിയപ്പോഴേക്കും മാധവന്‍ നായര്‍ മരണത്തിന് കീഴടങ്ങി. ഏത് ബൈക്കാണിടിച്ചതെന്ന് സി.സി.ടി.വിയിലൂടെ പൊലിസ് അന്വേഷിച്ചുവരുന്നതിനിടെ അധ്യാപകരാണ് നസീമിന്റെ ബൈക്കാണ് ഇടിച്ചതെന്ന് പൊലിസിനെ അറിയിച്ചത്. ഏതെങ്കിലും വാഹനം നിര്‍ത്തി മാധവന്‍നായരെ ആശുപത്രിയിലെത്തിച്ചിരുന്നുവെങ്കില്‍ ഒരുപക്ഷേ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്ന് പൊലിസ് പറയുന്നു.
ഒരാഴ്ച മുന്‍പാണ് പൂച്ചക്കുത്ത് ബിയര്‍ ലോറിയും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ രക്ഷാ ശ്രമത്തിനിടെ ഓടികൂടിയവരില്‍ ചിലര്‍ പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിക്കാതെ ലോറിയിലെ ബിയര്‍ കുപ്പികള്‍ കടത്തികൊണ്ടുപോയത്. ഫയര്‍ഫോഴ്‌സും പൊലിസും എത്തിയാണ് പരുക്കേറ്റവരെ അന്ന് ആശുപത്രിയില്‍ എത്തിച്ചത്. നിരവധി വാഹനങ്ങളും അതുവഴി കടന്നുപോയെങ്കിലും പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ തയാറായില്ല. കാര്‍ യാത്രികനായ വിദ്യാര്‍ഥി അപകടത്തില്‍ മരണപ്പെടുകയും ചെയ്തു. ബോധവല്‍ക്കരണവും കമ്മ്യൂനിറ്റി വളണ്ടിയര്‍ സേവനങ്ങളും എല്ലാം ഉണ്ടായിട്ടും അപകടങ്ങളുണ്ടാകുമ്പോള്‍ ആരും സഹായിക്കാന്‍ തയാറാകാത്തത് പിന്നീട് വരുന്ന നൂലാമാലകള്‍ മൂലമാണെന്ന് സംസാരമുണ്ട്. പൊലിസും അധികൃതരും വേണ്ടത്ര ബോധവല്‍ക്കരണം നല്‍കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."