പാലത്തിങ്ങല്‍ എ.എം.എല്‍.പി സ്‌കൂള്‍ അപ്‌ഗ്രേഡ് ചെയ്ത സര്‍ക്കാര്‍ നടപടി സുപ്രിംകോടതി ശരിവച്ചു
പരപ്പനങ്ങാടി: പാലത്തിങ്ങല്‍ എ.എം.എല്‍.പി സ്‌കൂള്‍ യു.പി സ്‌കൂളായി അപ്‌ഗ്രേഡ് ചെയ്ത സര്‍ക്കാര്‍ നടപടി സുപ്രിംകോടതി ശരിവച്ചു. ദീര്‍ഘനാളത്തെ മുറവിളികളുടെ ഫലമായി 2015ല്‍ അന്നത്തെ യു.ഡി.എഫ് ഭരണത്തില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന പി.കെ അബ്ദുര്‍റബ്ബിന്റെ ശ്രമഫലമായിട്ടാണ് സ്‌കൂള്‍ അപ്‌ഗ്രേഡ് ചെയ്തിരുന്നത്. ജൂണില്‍ അഞ്ചാം ക്ലാസ് ആരംഭിക്കുകയും ചെയ്തിരുന്നു.
എന്നാല്‍, അപ്‌ഗ്രേഡ് ചെയ്ത നടപടിക്കെതിരേ ചിറമംഗലം എ.യു.പി സ്‌കൂള്‍ മാനേജര്‍ ഹൈക്കോടതിയെ സമീപിക്കുകയും സ്‌കൂള്‍ അപ്‌ഗ്രേഡ് ചെയ്ത നടപടി കോടതി റദ്ദാക്കുകയും പഠനമാരംഭിച്ച അഞ്ചാം ക്ലാസ് അതേ അധ്യായന വര്‍ഷത്തില്‍ പൂര്‍ത്തീകരിക്കാന്‍ അനുമതിയുണ്ടാകുകയും ചെയ്തു. ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ വിധിക്കെതിരേ ഡിവിഷന്‍ ബഞ്ച് മുന്‍പാകെ സ്‌കൂള്‍ മാനേജ്‌മെന്റ് നല്‍കിയ അപ്പീല്‍ തള്ളുകയും സിംഗിള്‍ ബഞ്ച് വിധി ശരിവയ്ക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് മാനേജ്‌മെന്റ് സുപ്രിംകോടതിയെ സമീപിച്ചത്.
തുടര്‍ന്നു സ്റ്റാറ്റസ്‌കോ ഉത്തരവ് ലഭിക്കുകയും തുടര്‍ന്നുള്ള വര്‍ഷത്തില്‍ ആറും ഏഴും ക്ലാസുകള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. പിന്നീട് വന്ന ഭരണമാറ്റത്തില്‍ സ്‌കൂളിലെ യു.പി വിദ്യാര്‍ഥികള്‍ക്കു സര്‍ക്കാര്‍ ആനുകൂല്യങ്ങളൊന്നും ലഭിച്ചിരുന്നില്ല. അധ്യാപക നിയമങ്ങള്‍ക്ക് അംഗീകാരവും നല്‍കിയില്ല. തുടര്‍ന്നു സ്‌കൂള്‍ രക്ഷാകര്‍തൃ സമിതിയും കേസില്‍ കക്ഷിചേരുകയും വിശദമായി വാദംകേട്ട സുപ്രിംകോടതി 10 മുതല്‍ 14 വയസ് വരെയുള്ള കുട്ടികള്‍ക്ക് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 എ അനുസരിച്ച് വിദ്യാഭ്യാസം മൗലികാവകാശമായതിനാല്‍ യു.പി പഠനത്തിന് മൂന്നു കിലോമീറ്ററോ അതില്‍ അധികമോ കാല്‍നടയായി പോകേണ്ട സാഹചര്യമില്ലാത്ത രീതിയില്‍ വിദ്യാഭ്യാസത്തിന് അവകാശമുണ്ടെന്നു നിരീക്ഷിച്ചു ഹൈക്കോടതി വിധി റദ്ദാക്കുകയും അപ്‌ഗ്രേഡ് ചെയ്ത സര്‍ക്കാര്‍ നടപടി ശരിവയ്ക്കുകയുമായിരുന്നു. ജസ്റ്റിസ് മദന്‍ ബി. ലോക്കൂറും ജസ്റ്റിസ് ദീപക് ഗുപ്തയും അടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."