സാര്‍ക്ക് രാജ്യങ്ങളുടെ യോഗം കോഴിക്കോട്ട് തുടങ്ങി
കോഴിക്കോട്: സുഗന്ധ ഗവേഷണ സാങ്കേതിക വിദ്യ കൈമാറ്റം ചെയ്യുന്നതിനുള്ള സാര്‍ക്ക് രാജ്യങ്ങളിലെ പ്രാദേശിക വിദഗ്ധരുടെ യോഗം കോഴിക്കോട്ട് തുടങ്ങി. ധാക്ക ആസ്ഥാനമായുള്ള സാര്‍ക് അഗ്രിക്കള്‍ച്ചര്‍ സെന്ററിന്റെയും കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സ്പൈസസ് റിസര്‍ച്ചിന്റെയും സംയുക്താഭിമുഖ്യത്തില്‍ ചെലവൂരിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ആസ്ഥാനത്താണു യോഗം നടക്കുന്നത്. ഇന്ത്യയ്ക്കു പുറമെ അഫ്ഗാനിസ്ഥാന്, ബംഗ്ലാദേശ്, ശ്രീലങ്ക, ഭൂട്ടാന്, നേപ്പാള്‍ രാജ്യങ്ങളിലെ പ്രതിനിധികളാണു മൂന്നുദിവസത്തെ യോഗത്തില്‍ പങ്കെടുക്കുന്നത്. പ്രധാനമായും കുരുമുളക്, ഇഞ്ചി, മഞ്ഞള്‍, ഏലം, ജാതിക്ക എന്നീ കൃഷികള്‍ക്കു മുന്‍ഗണനയുള്ള ചര്‍ച്ചകളാണു നടക്കുക.
കേരള കാര്‍ഷിക സര്‍വകലാശാല വൈസ്ചാന്‍സലര്‍ ഡോ. പി. രാജേന്ദ്രന് ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ ജി.ഡി.പി നിരക്കില്‍ സുഗന്ധ വ്യജ്ഞന മേഖല ആറുശതമാനത്തോളം സംഭാവന നല്‍കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സുഗന്ധ വ്യജ്ഞന മേഖലയുടെ വളര്‍ച്ചയ്ക്കു സാര്‍ക് രാജ്യങ്ങള്‍ വിത്ത് ബാങ്ക് രൂപീകരിച്ച് കാര്‍ഷിക സാമഗ്രികള്‍ പരസ്പരം കൈമാറണമെന്നും ഡോ. പി. രാജേന്ദ്രന് നിര്‍ദേശിച്ചു.
കോഴിക്കോട് അടയ്ക്കാ ആന്‍ഡ് സ്പൈസസ് ഡെവലപ്മെന്റ് കേന്ദ്രം ഡയറക്ടര്‍ ഡോ. ഹോമി ചെറിയാന് അധ്യക്ഷത വഹിച്ചു. സാര്‍ക് അഗ്രിക്കള്‍ച്ചര്‍ സെന്റര്‍ സീനിയര്‍ പ്രോഗ്രാം സ്പെഷലിസ്റ്റ് ഡോ. പ്രദ്യുമ്ന രാജ് പാണ്ഡേ, ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. കെ. നിര്‍മല്‍ ബാബു, സയന്റിസ്റ്റ് ഡോ. ലിജോ തോമസ് സംസാരിച്ചു. യോഗത്തിന്റെ ഭാഗമായി ഒരുക്കിയ സുഗന്ധ വ്യജ്ഞന ഉത്പന്നങ്ങളുടെ പ്രദര്‍ശനം ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ ഗീത ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."