പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാവാന്‍ തയ്യാറെന്ന് രാഹുല്‍ഗാന്ധി
കാലിഫോര്‍ണിയ: കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ ഒരുക്കമാണെന്ന് പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അമേരിക്കയിലെ കാലിഫോര്‍ണിയയിലെ ബെര്‍ക്കലി സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാവാന്‍ ഒരുക്കമാണോ എന്ന മോഡറേറ്ററുടെ ചോദ്യത്തിന് തീര്‍ച്ചയായും താന്‍ അതിന് തയ്യാറാണെന്നാണ് രാഹുല്‍ മറുപടി നല്‍കിയത്. തീരുമാനം എടുക്കേണ്ടത് പാര്‍ട്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ മിക്കവാറും പ്രദേശത്ത് കുടുംബവാഴ്ച്ചയാണ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടിയിലും ഇത് നിലനില്‍ക്കുന്നുമുണ്ട്. അഖിലേഷ് യാദവ്, എം.കെ സ്ഥാലിന്‍, അഭിഷേക് ബച്ചന്‍ തുടങ്ങിയവരെല്ലാം ഇത്തരത്തില്‍ രംഗത്തെത്തിയവരാണ്. കുടുംബവാഴ്ച്ചയുടെ പേരില്‍ കോണ്‍ഗ്രസിനെ മാത്രം കുറ്റപ്പെടുത്തേണ്ട കാര്യമില്ലെന്നും രാഹുല്‍ പറഞ്ഞു.
2012 ല്‍ കോണ്‍ഗ്രസിലേക്ക് ക്ഷണിക്കാതെ എത്തിയ ധാര്‍ഷ്ട്യമാണ് പാര്‍ട്ടിയെ ജനങ്ങളില്‍ നിന്നും അകറ്റിയത്. ധ്രുവീകരണ രാഷ്ട്രീയം വളരെ അപകടം പിടിച്ച ഒന്നാണ്. കോപം, വിദ്വേഷം, ഹിംസ എന്നിവയെല്ലാം നമ്മെ വേരോടെ പിഴുതെറിയാന്‍ സാധിക്കുന്നതാണ്. സ്വതന്ത്ര പത്രപ്രവര്‍ത്തനം നടത്തുന്ന ഗൗരി ലങ്കേഷിനെ പോലുള്ളവര്‍ കൊല്ലപ്പെടുന്നു. ബീഫ് കൈവശം വെച്ചതിന്റെ പേരില്‍ പൗരന്മാര്‍ അക്രമിക്കപ്പെടുന്നു. ഇതെല്ലാം സ്വന്തം രാജ്യത്ത് തങ്ങള്‍ സുരക്ഷിതരല്ലെന്ന് ചിന്ത ജനങ്ങളിലുണ്ടാക്കുന്നു.
നോട്ട് നിരോധനം സാമ്പത്തിക രംഗത്ത് കനത്ത സമ്മര്‍ദ്ദമുണ്ടാക്കി. ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ നഷ്ടപ്പെട്ടു. ജി.ഡി.പി വളര്‍ച്ചയില്‍ രണ്ട് ശതമാനം ഇടിവുണ്ടാക്കി. കാര്‍ഷിക രംഗം താറുമാറായി കര്‍ഷകര്‍ ദുരിതത്തിലായി. കോണ്‍ഗ്രസ് ഭരണകാലത്ത് വളരെ സുതാര്യമായിരുന്ന വിവരാവകാശ നിയമം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കീഴില്‍ വലിയ പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം, പ്രധാനമന്ത്രിയ്ക്ക് നല്ല വാക്ചാതുര്യമുണ്ടെന്ന് രാഹുല്‍ പറഞ്ഞു. എന്നാല്‍ കൂടെ പ്രവര്‍ത്തിക്കുന്നവരോട് അദ്ദേഹം അഭിപ്രായം അന്വേഷിക്കാറില്ലെന്നും രാഹുല്‍ വ്യക്തമാക്കി. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പാര്‍ട്ടി നേതൃത്വം ഏറ്റെടുക്കാനും താന്‍ തയാറാണെന്നു രാഹുല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."