ജനറല്‍ ആശുപത്രിയിലെ ഡയാലിസിസ് സെന്റര്‍ ഉദ്ഘാടനം ഇന്ന്
ആലപ്പുഴ: രണ്ട് കോടി രൂപ ചെലവഴിച്ച് ജനറല്‍ ആശുപത്രിയില്‍ നഗരസഭ സ്ഥാപിച്ച ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 9.30ന് നടക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മന്ത്രി ജി. സുധാകരന്‍ ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനവും കെ.സി വേണുഗോപാല്‍ എം.പി സ്വിച്ച് ഓണ്‍ കര്‍മ്മവും നിര്‍വഹിക്കും. ഇതോടനുബന്ധിച്ച് പ്രവര്‍ത്തനമാരംഭിക്കുന്ന ആര്‍.ഒ പ്ലാന്റിന്റെ ഉദ്ഘാടന നഗരസഭാ വൈസ്‌ചെയര്‍പേഴ്‌സണ്‍ ബീനാ കൊച്ചുബാവ നിര്‍വഹിക്കും.
ചെയര്‍മാന്‍ തോമസ് ജോസഫ് അധ്യക്ഷത വഹിക്കും. ആശുപത്രി സൂപ്രണ്ട് ഡോ. ആര്‍. ശ്രീദേവി റിപ്പോര്‍ട്ട് അവതരിപ്പിക്കും. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ബി. മെഹ്ബൂബ് സ്വാഗതം പറയും.
പത്ത് മെഷീനുകളില്‍ ഒരെണ്ണം എയ്ഡ്‌സ് രോഗികള്‍ക്കായി നീക്കിവയ്ക്കും രണ്ടെണ്ണം റിസര്‍വ് മെഷീനുകളാണ്. രണ്ട് ഷിഫ്റ്റുകളിലായി ദിവസവും 20 പേര്‍ക്ക് ഡയാലിസിസ് ചെയ്യാനുള്ള സൗകര്യമാണുള്ളത്. രണ്ട് പുതിയ മെഷീനുകള്‍ കൂടി വാങ്ങാന്‍ നഗരസഭക്ക് പദ്ധതിയുള്ളതായും ചെയര്‍മാന്‍ തോമസ് ജോസഫ് പറഞ്ഞു.
കേരള മെഡിക്കല്‍ കോര്‍പറേഷനാണ് ഉപകരണങ്ങള്‍ വിതരണം ചെയ്തത്. തുടക്കത്തില്‍ ഡയാലിസിസിന് 500 രൂപ ഫീസ് ഈടാക്കുന്നതിനാണ് നഗരസഭ തീരുമാനിച്ചിട്ടുള്ളത്. ഡയാലിസിസ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ആറ് ടെക്‌നീഷ്യന്മാരെ നിയമിച്ചുകഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. ജനറല്‍ ആശുപത്രിയുടെ പ്രവര്‍ത്തനം പൂര്‍ണമായി നഗരസഭക്ക് വിട്ടുകിട്ടിയത് ആറ് മാസം മുമ്പാണെന്നും ഇതിനിടയില്‍ തന്നെ അത്യാധുനിക സൗകര്യങ്ങളോട ഡയാലിസിസ് കേന്ദ്രം സ്ഥാപിക്കാനായത് നേട്ടമാണെന്നും ചെയര്‍മാന്‍ പറഞ്ഞു.
കേന്ദ്രത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കായി 25 ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ട്. ഡയാലിസിസ് സെന്ററിന്റെ സുഗമമായ നടത്തിപ്പിന് സന്നദ്ധ സംഘടനകളുടെയും പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്തി സൊസൈറ്റിക്ക് രൂപം നല്‍കും.
മോര്‍ച്ചറി നവീകരണത്തിനും 25 ലക്ഷം നീക്കിവെച്ചിട്ടുണ്ട്. ആശുപത്രി വളപ്പില്‍ കുട്ടികളുടെ പാര്‍ക്ക് ആരംഭിക്കാനും വയോജനങ്ങള്‍ക്കായി തണല്‍വീട് ആരംഭിക്കാനുമായി 20 ലക്ഷം രൂപ വീതം നഗരസഭ നീക്കിവെച്ചിട്ടുണ്ടെന്ന് ചെയര്‍മാന്‍ പറഞ്ഞു.
40 ലക്ഷം രൂപ ചെലവഴിച്ച് സ്ഥാപിക്കുന്ന ട്രോമാ കെയര്‍ യൂനിറ്റിന്റെ പ്രവര്‍ത്തനവും ഉടന്‍ ആരംഭിക്കും. ആശുപത്രിയിലെ മാലിന്യ സംസ്‌കരണത്തിനായി ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കാനും പദ്ധതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാ കൊച്ചുബാവ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ ബി മെഹബൂബ്, മോളി ജേക്കബ്, രാജു താന്നിക്കല്‍, ജി മനോജ്കുമാര്‍, ഷോളിസിദ്ധകുമാര്‍ എന്നിവരും സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."