ധനകാര്യ കമ്മിഷന്‍ അനുവദിച്ച തുക വീതംവയ്പ്പ്: നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ബഹളം
തൊടുപുഴ: ധനകാര്യ കമ്മിഷന്‍ അനുവദിച്ച 42.79 ലക്ഷം രൂപ വിവിധ പദ്ധതികള്‍ക്കായി വീതം വെയ്ക്കുന്നതിനെ ചൊല്ലി തൊടുപുഴ നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ബഹളം.
തുക വകയിരുത്തുന്നതിനായി തയ്യാറാക്കിയ പട്ടികയില്‍ മൂന്ന് പദ്ധതികള്‍ കൂടി ചേര്‍ക്കണമെന്ന എല്‍.ഡി.എഫ് നിലപാട് യു.ഡി.എഫും ബി.ജെ.പിയും എതിര്‍ത്തതോടെയാണ് രൂക്ഷമായ വാഗ്വാദം ഉണ്ടായത്.
ഒരു മണിക്കൂറിലധികം ചര്‍ച്ച നടന്ന വിഷയത്തില്‍ സമവായമുണ്ടാകാത്തതിനാല്‍ വോട്ടിനിട്ട് ആദ്യത്തെ പട്ടിക തന്നെ അംഗീകരിക്കുകയായിരുന്നു.
നഗരസഭയ്ക്ക് ലഭിക്കേണ്ട ധനകാര്യ കമ്മിഷന്‍ അവാര്‍ഡില്‍ കുറവ് വന്ന തുകയായ 42.79 ലക്ഷം രൂപ സര്‍ക്കാര്‍ ഈ മാസം അനുവദിച്ചിരുന്നു.
ഈ തുക പങ്കു വെക്കുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം ഉടലെടുത്തത്. പൈപ്പ് കമ്പോസ്റ്റും കുടിവെള്ള പദ്ധതികളും ഉള്‍പ്പടെ എട്ട് പദ്ധതികള്‍ക്കായി ഈ തുക കൗണ്‍സില്‍ വകയിരുത്തി.
എന്നാല്‍ ഈ പട്ടിക പൂര്‍ണമായും അംഗീകരിക്കാന്‍ എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ തയ്യാറായില്ല. ഒളമറ്റത്തെ നഴ്‌സറി സ്‌കൂള്‍ പൊളിച്ചു പണിയാനായി പൈപ്പ് കമ്പോസ്റ്റിന് വകയിരുത്തിയ തുക മാറ്റണമെന്നായിരുന്നു കൗണ്‍സിലര്‍ാമാരുടെ ആവശ്യം.
എന്നാല്‍ യു.ഡി.എഫിന്റേയും ബി.ജെ.പിയുടേയും കൗണ്‍സിലര്‍മാര്‍ ഇതിനെ ശക്തമായി എതിര്‍ത്തു.
നഴ്‌സറി സ്‌കൂള്‍ പുതുക്കി പണിയാന്‍ ടെന്‍ഡര്‍ സേവിങ്ങില്‍ നിന്ന് വകയിരുത്താമെന്ന് മുന്‍പ് തീരുമാനിച്ചിട്ടുണ്ടെന്നായിരുന്നു ഇരു കൂട്ടരുടേയും പക്ഷം.
അതിനാല്‍ ധനകാര്യ കമ്മിഷന്‍ അവാര്‍ഡില്‍ നിന്നും ഇതിന് തുക വകയിരുത്തേണ്ട കാര്യമില്ലെന്നും ഇവര്‍ കൗണ്‍സിലിനെ അറിയിച്ചു. ഇതിനെ തുടര്‍ന്ന് രൂക്ഷമായ വാക്ക് തര്‍ക്കം നടന്നു. സമവായത്തിലെത്തണമെന്ന് ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാര്‍ ആവശ്യപ്പെട്ടെങ്കിലും ഇരുകൂട്ടരും അതിന് തയ്യാറായില്ല.
ഇതിനിടെ എല്‍.ഡി.എഫിന്റെ ആര്‍.ഹരി അജണ്ട മാറ്റിവെക്കാന്‍ ആവശ്യപ്പെട്ടെങ്കിലും യു.ഡി.എഫ് ബി.ജെ.പി കൗണ്‍സിലര്‍മാര്‍ അതിനെ എതിര്‍ത്തു. തുടര്‍ന്ന് വിഷയം വോട്ടിനിടുകയും ബി.ജെ.പി - കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ആദ്യത്തെ പട്ടികയ്ക്ക് അനുകൂലമായി വോട്ട് ചെയ്യുകയും ചെയ്തു.
തുടര്‍ന്ന് 20 നെതിരെ 13 വോട്ടിനാണ് ആദ്യത്തെ പട്ടിക അംഗീകരിച്ചത്.പന്ത്രണ്ടാം വാര്‍ഡിലെ കോളനിക്ക് സംരക്ഷണ ഭിത്തി കെട്ടാന്‍ ഏഴു ലക്ഷം, കോലാനി ചേരിയുടെ സംരക്ഷണ ഭിത്തിയ്ക്ക് അഞ്ചു ലക്ഷം, 15-ാം വാര്‍ഡിലെ അംഗന്‍വാടിക്കും പ്ലാസ്റ്റിക് ഷ്രെഡിങ് യൂനിറ്റിനും സ്ഥലമേറ്റെടുക്കാന്‍ എട്ടു ലക്ഷം, പൈപ്പ് കമ്പോസ്റ്റിന് എട്ടു ലക്ഷം, നാലാം വാര്‍ഡില്‍ അംഗന്‍വാടിക്ക് സ്ഥലമെടുക്കാന്‍ നാലു ലക്ഷം, 13-ാം വാര്‍ഡില്‍ കുടിവെള്ള പദ്ധതിക്ക് അഞ്ചു ലക്ഷം, മുനിസിപ്പല്‍ ശ്മശാനത്തില്‍ ക്രിമറ്റോറിയത്തിന് അഞ്ചു ലക്ഷം, ജില്ലാ ആശുപത്രിക്ക് പ്രതിരോധമരുന്ന് വിതരണത്തിന് 79,000 രൂപ എന്നിങ്ങനെയാണ് തുക വകയിരുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."