കാവ്യയുടെ വില്ലയിലെ സന്ദര്‍ശക രജിസ്റ്റര്‍ നശിച്ചുവെന്ന് മൊഴി
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പൊലിസ് അന്വേഷിക്കുന്ന കാവ്യയുടെ കൊച്ചിയിലെ വില്ലയിലെ സന്ദര്‍ശക രജിസ്റ്റര്‍ നശിച്ചുവെന്ന് മൊഴി. വില്ലയിലെ സെക്യൂരിറ്റി ജീവനക്കാരാണ് പൊലിസിനോട് രജിസ്റ്റര്‍ നശിച്ചതായി പറഞ്ഞത്.
കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെയും നടി കാവ്യാമാധവനെയും ബന്ധിപ്പിക്കുന്ന തെളിവുകളിലൊന്നായിരുന്നു ഇത്. സെക്യൂരിറ്റി ക്യാബിനില്‍ മഴയെ തുടര്‍ന്ന് വെളളം കയറിയാണ് നശിച്ചതെന്നുമാണ് മൊഴി നല്‍കിയത്.
നടി ആക്രമിക്കപ്പെട്ടതിന് മുന്‍പും ശേഷവുമുളള രജിസ്റ്ററാണ് പൊലിസ് അന്വേഷിച്ചിരുന്നത്. ഇതെല്ലാം നശിച്ചുവെന്നാണ് പറയുന്നത്. എന്നാല്‍ ഇത് പൊലിസ് വിശ്വാസത്തിലെടുത്തില്ല. രജിസ്റ്റര്‍ മന:പൂര്‍വ്വം നശിപ്പിച്ചതാകാമെന്ന നിഗമനത്തിലാണ് പൊലിസ്.
കാവ്യ മാധവന്റെ കൊച്ചിയിലെ വില്ലയില്‍ താന്‍ പോയിട്ടുണ്ടെന്നും അവിടുത്തെ സന്ദര്‍ശക രജിസ്റ്ററില്‍ തന്റെ പേരും മൊബൈല്‍ നമ്പറും ഉണ്ടെന്നും പള്‍സര്‍ സുനി പൊലിസിന് മൊഴി നല്‍കിയിരുന്നു.
അതേസമയം, കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപ് നാളെ വീണ്ടും ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കും. നേരത്തെ രണ്ടു തവണ ഹൈക്കോടതിയും അങ്കമാലി മജിസ്ട്രേറ്റ് കോടതിയും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. രണ്ടു മാസത്തിലധികമായി ആലുവ സബ് ജയിലില്‍ റിമാന്‍ഡിലാണ് നടന് ദിലീപ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."