നിയമസഭ വജ്രജൂബിലി ആഘോഷം: മാതൃകാ നിയമസഭ കൗതുകമായി
പാപ്പിനിശ്ശേരി: കേരള നിയമസഭ വജ്രജൂബിലി ആഘോഷത്തിന്റെ ഭാഗമായി കല്ല്യാശ്ശേരി കെ.പി.ആര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒരുക്കിയ മാതൃകാ നിയമസഭ കൗതുകമായി. വിവിധ സ്‌കൂള്‍, കേളജുകളിലെ 60 വിദ്യാര്‍ഥികള്‍ പങ്കെടുത്ത സഭ ദേശീയഗാനത്തോട് കൂടി ആരംഭിച്ചു.
ആദ്യ ദിവസ നിയമസഭയില്‍ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം നടന്നു. നയപ്രഖ്യാപനം പ്രതിപക്ഷവും ഭരണപക്ഷവും കൈയടിച്ച് വരവേറ്റു. രണ്ടാം ദിവസം വീണ്ടും കൂടിയ സഭയില്‍ സ്പീക്കറുടെ നേതൃത്വത്തില്‍ ചോദ്യോത്തര വേള നടന്നു. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, മന്ത്രിമാര്‍ പങ്കെടുത്തു. കല്ല്യാശ്ശേരി സ്‌കൂള്‍ വിദ്യാര്‍ഥികളായ ടി.ടി ഐശ്വര്യ മുഖ്യമന്ത്രിയായും ഹര്‍ഷാ അബൂബക്കര്‍ പ്രതിപക്ഷ നേതാവായും ബ്രണ്ണന്‍ കോളജ് വിദ്യാര്‍ഥി ശരത് ശശിധരന്‍ സ്പീക്കറായും കണ്ണൂര്‍ സെന്റ് മൈക്കിള്‍സ് സ്‌കൂള്‍ വിദ്യാര്‍ഥി വി. അക്ഷയ് ഗവര്‍ണറായും വേഷമിട്ടു. ചോദ്യോത്തരവേളയില്‍ എ.ബി.സി ക്രമത്തില്‍ ചോദ്യങ്ങള്‍ ഉന്നയിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സര്‍ക്കാര്‍ സ്‌കൂളുകളെ മികച്ച നിലവാരത്തില്‍ ഉയര്‍ത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി മറുപടി നല്‍കി. തുടര്‍ന്ന് വിവിധ വകുപ്പുകളില്‍ മന്ത്രിമാര്‍ ചോദ്യോത്തരങ്ങള്‍ക്ക് മറുപടി നല്‍കി. അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിപക്ഷം ഇറങ്ങിപ്പോക്ക് നടത്തി. ശ്രദ്ധക്ഷണിക്കല്‍, സബ്മിഷന്‍ തുടങ്ങിയവയും നടന്നു. നിയമസഭ കണാത്തവര്‍ക്കും അറിയാത്തവര്‍ക്കും നടപടികള്‍ മാതൃക രൂപത്തില്‍ അവതരിപ്പിച്ചത് പഠനാര്‍ഹമായി. മാതൃക നിയമസഭ നടപടികള്‍ ശ്രദ്ധയോടെ വീക്ഷിച്ച നിയമസഭ സ്പീക്കര്‍ പി. രാമകൃഷ്ണന്‍ വിദ്യാര്‍ഥികളെ അഭിനന്ദിച്ചാണ് വേദി വിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."