പൊന്നാനി എം.ഇ.എസ് കോളജിലേക്ക് എസ്.എഫ്.ഐ മാര്‍ച്ച് നടത്തി
പൊന്നാനി: അച്ചടക്കരാഹിത്യത്തിനു പുറത്താക്കിയ വിദ്യാര്‍ഥികളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊന്നാനി എം.ഇ.എസ് കോളജിലേക്കു മാര്‍ച്ച് നടത്തി. കോളജ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ ആക്രമണത്തെ തുടര്‍ന്നാണ് എസ്.എഫ്.ഐ പ്രവര്‍ത്തകരായ വിദ്യാര്‍ഥികളെ പുറത്താക്കിയിരുന്നത്.
പുറത്താക്കിയ വിദ്യാര്‍ഥികളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് 21 ദിവസമായി എസ്.എഫ്.ഐ അനിശ്ചിതകാല സമരത്തിലായിരുന്നു. സസ്പെന്‍ഷനിലായ പതിമൂന്നു വിദ്യാര്‍ഥികള്‍ക്കു കോളജില്‍ കയറാന്‍ പ്രിന്‍സിപ്പല്‍ അനുമതി നല്‍കിയിരുന്നുവെങ്കിലും ഫൈനടക്കണമെന്നു നിബന്ധന വച്ചിരുന്നു. ഇതു വിദ്യാര്‍ഥികള്‍ക്കു സ്വീകാര്യമായിട്ടില്ല. പുറത്താക്കിയവരെ തിരിച്ചെടുക്കാന്‍ നടപടിയായില്ലെങ്കില്‍ എം.ഇ.എസ് മാനേജ്മെന്റിനു കീഴിലുള്ള എല്ലാ കോളജുകളിലേക്കും സമരം വ്യാപിപ്പിക്കുമെന്നാണ് എസ്.എഫ്.ഐ നിലപാട്. അക്രമപ്രവര്‍ത്തനങ്ങളെ തുടര്‍ന്നു കോളജില്‍ രാഷ്ട്രീയം നിരോധിക്കുകയും ചെയ്തിരുന്നു.
മാര്‍ച്ചില്‍ നൂറുകണക്കിനു വിദ്യാര്‍ഥികള്‍ പങ്കെടുത്തു. എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി പി. ബഷീര്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ഷഫീഖ്, രഹന, വിനോദ്, ഷൈജു നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."