പൊലിസുകാരനെ പരുക്കേല്‍പ്പിച്ച് ഒളിവില്‍ പോയ പ്രതി പിടിയില്‍
തിരുവനന്തപുരം: കഴക്കൂട്ടം മേനംകുളം ഭാഗത്ത് വാറണ്ട് കേസില്‍ ഒളിവിലായിരുന്ന പ്രതിയെ പിടികൂടാന്‍ ശ്രമിക്കുന്നിതിനിടെ പൊലിസുകാരനെ കുത്തിപ്പരുക്കേല്‍പ്പിച്ച ശേഷം ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ തിരുവനന്തപുരം സിറ്റി ഷാഡോ പൊലിസ് പിടികൂടി.
കഴക്കൂട്ടം, തുമ്പയില്‍ കിന്‍ഫ്ര അപ്പാരല്‍ പാര്‍ക്കിന് സമീപം പുതുവല്‍ പുരയിടത്തില്‍ ഉറുത്ത് അനി എന്ന അനി (35) യെ ആണ് കഴക്കൂട്ടം പൊലിസ് പിടികൂടിയത്. ഉറുത്ത് അനി കിന്‍ഫ്രയ്ക്ക് സമീപം ഗ്രൗണ്ടില്‍ എത്തിയിട്ടുണ്ട് എന്നറിഞ്ഞ പൊലിസുകാരനായ മഹേഷ് ഉള്‍പ്പെട്ട മൂന്നംഗ സംഘം ഒരു ഓട്ടോറിക്ഷയില്‍ ഗ്രൗണ്ടില്‍ എത്തി അനിയെ പിടികൂടുന്ന സമയം അവിടെ ഉണ്ടായിരുന്ന അനിയുടെ സുഹൃത്തായ ചിന്നു പൊലിസിനെ തടയുകയും അനിയെ രക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്തു.
ഇത്തരത്തില്‍ പിടിവലി നടക്കുന്ന സമയം അനി ഇടുപ്പില്‍ ഒളിപ്പിച്ചിരുന്ന കത്തിയെടുത്ത് അയാളെ വട്ടം പിടിച്ചിരുന്ന മഹേഷ് എന്ന പൊലിസുകാരനെ മുഖത്തും തലയിലും കക്ഷത്തും കുത്തിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിലായ മഹേഷിനെ സിറ്റി പൊലിസ് കമ്മിഷണര്‍ പ്രകാശ്, ഡെപ്യൂട്ടി കമ്മീഷണര്‍ ജയദേവ് എന്നിവര്‍ സന്ദര്‍ശിക്കുകയും പ്രതികളെ പിടികൂടുന്നതിന് പ്രത്യേക ഷാഡോ പൊലിസ് സംഘത്തെ നിയോഗിക്കുകയുമായിരുന്നു.
രണ്ടാം പ്രതിയായ ചിന്നുവിനെ പൊലിസ് നേരത്തെ പിടികൂടിയെങ്കിലും അനി കാഞ്ഞിരംകുളം, പവാര്‍ കടപ്പുറം പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ഒളിവില്‍ കഴിയുകയായിരുന്നു.
സെന്റ് സേവിയേഴ്‌സ് കോളജ് വിദ്യാര്‍ഥിയായിരുന്ന കിരണിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്, മേനംകുളം ആറാട്ട് വഴിയില്‍ ഷെബിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ് ഉള്‍പ്പടെ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായിരുന്നു അനില്‍. കടപ്പുറം കേന്ദ്രീകരിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂട്ടുന്നതിന് ഷാഡോ പൊലിസ് ഏറെ പരിശ്രമങ്ങള്‍ നടത്തിയ ശേഷമാണ് പിടികൂടാനായത്. കണ്‍ട്രോള്‍ റൂം എ.സി.പി സുരേഷ് കുമാര്‍, കഴക്കൂട്ടം സെബര്‍ സിറ്റി എ.സി പി. പ്രമോദ് കുമാര്‍, കഴക്കൂട്ടം സി.ഐ അജയകുമാര്‍, കഴക്കൂട്ടം എസ്.ഐ ദിപിന്‍, ഷാഡോ എ.എസ്.ഐ മാരായ അരുണ്‍കുമാര്‍, യശോധരന്‍, സിറ്റി ഷാഡോ ടീം അംഗങ്ങള്‍ എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."