പ്രതിഷേധം; ക്ഷേത്രത്തില്‍ ആനയെ നടയിരുത്താനുള്ള ചടങ്ങ് ഉപേക്ഷിച്ചു
കൊല്ലം: വനം, വന്യജീവി നിയമങ്ങളെ അവഗണിച്ച് വനം വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തില്‍ ക്ഷേത്രത്തില്‍ ആനയെ നടയിരുത്താനുള്ള നീക്കം പ്രതിഷേധത്തെയും വിവാദത്തെയും തുടര്‍ന്ന് ഉപേക്ഷിച്ചു.
ആനപ്രേമികളും ഫോറസ്റ്റ് ഉദ്യോഗസ്ഥരും ഇടപെട്ടതോടെയാണ് ശ്രീകൃഷ്ണ ജയന്തി ആഘോഷത്തോടനുബന്ധിച്ച് ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ ഇന്ന് ആനയെ നടയിരുത്താനിരുന്ന ചടങ്ങ് ഉപേക്ഷിച്ചത്. ആനകളെ ക്ഷേത്രങ്ങളില്‍ നടയിരുത്തരുതെന്ന വനംവകുപ്പിന്റെ കര്‍ശന ഉത്തരവിനും പുല്ലുവില നല്കി വകുപ്പ് മന്ത്രി കെ. രാജുവിന്റെ സാന്നിധ്യത്തില്‍ തന്നെ ചടങ്ങ് നടത്താന്‍ നിശ്ചയിച്ചത്. സംഭവം വിവാദമായതോടെ മന്ത്രി ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് സംഘാടകരെ അറിയിച്ചു.
കൂടാതെ ക്ഷേത്രങ്ങളില്‍ ആനയെ നടയിരുത്തുമ്പോള്‍ ക്ഷേത്രത്തിലുള്ള സൗകര്യങ്ങള്‍ സംബന്ധിച്ച് ഡി.എഫ്.ഒയുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്.
എന്നാല്‍ ഇതുസംബന്ധിച്ച അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്നാണ് പുനലൂര്‍ ഡി.എഫ്.ഒ സിദ്ദീഖ് വ്യക്തമാക്കിയത്. ആനയെ നടക്കിരുത്തല്‍ ചടങ്ങ് നടക്കുന്നതറിഞ്ഞ് സംഘാടകര്‍ക്ക് ഷോക്കോസ് നല്‍കിയെന്നും അവര്‍ പരിപാടി ഉപേക്ഷിച്ചെന്ന് മറുപടി നല്‍കിയതായും അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കോശി ജോണ്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."