ബണ്ടിചോര്‍ ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചു സി.എഫ്.എല്‍ ബള്‍ബ് പൊട്ടിച്ച് വിഴുങ്ങി
തിരുവന്തപുരം: ഹൈടെക് മോഷ്ടാവ് ബണ്ടിചോര്‍ ജയിലുള്ളില്‍ ആത്മഹത്യക്ക് ശ്രമിച്ചു. ജയില്‍ സെല്ലിലെ സി.എഫ്.എല്‍ ബള്‍ബ് പൊട്ടിച്ച് വിഴുങ്ങിയായിരുന്നു ആത്മഹത്യാ ശ്രമം. ജയില്‍ ചാടാന്‍ സാധ്യതയുള്ള ബണ്ടിചോറിനെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലെ പ്രത്യേക സെല്ലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. യു.ടി ബ്ലോക്കിലെ സെല്ലില്‍ കഴിയുന്ന ഇയാളെ പ്രാഥമിക ആവശ്യങ്ങള്‍ക്കും ഭക്ഷണത്തിനും മാത്രമാണ് പുറത്തേക്ക് കൊണ്ടുവരുന്നത്.
ഉച്ചയ്ക്ക് പുറത്തിറങ്ങിയ ബണ്ടി ബ്ലോക്കിലുണ്ടായിരുന്ന സി.എഫ്.എല്‍ ബള്‍ബ് കൈകൊണ്ട് തട്ടി പൊട്ടിച്ചു. ഇതിന്റെ ചില്ലുകള്‍ അകത്താക്കി വെള്ളവും കുടിച്ചു. ഇതുകണ്ട വാര്‍ഡന്‍ ഉടന്‍ വിവരമറിയിക്കുകയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ബണ്ടിയുടെ ആരോഗ്യനിലയില്‍ പ്രശ്‌നമില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള ബണ്ടിയെ മാനസിക രോഗ വിദഗ്ധരും പരിശോധിക്കും.
ഹൈടെക് കള്ളനായ ബണ്ടിയെ മോഷണക്കേസില്‍ 10 വര്‍ഷമാണ് കോടതി ശിക്ഷിച്ചത്. നേരത്തെ വിചാരണ തടവില്‍ കഴിഞ്ഞപ്പോള്‍ നിരവധി തവണ ഇയാള്‍ ജാമ്യത്തിന് ശ്രമിച്ചിരുന്നു. ഇടയ്ക്ക് മാനസിക വിഭ്രാന്തി പ്രകടിപ്പിക്കുകയും ചെയ്തു. എന്നാല്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ച് പരിശോധന നടത്തിയതോടെ രോഗമില്ലെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് വീണ്ടും ജയിലിലേക്കയച്ചു.
തിരുവനന്തപുരം പട്ടം സ്വദേശിയായ വിദേശ മലയാളി വേണുഗോപാലന്‍ നായരുടെ വീട്ടില്‍ 2013 ജനുവരി 21 നടത്തിയ മോഷണക്കേസിലാണ് ബണ്ടിചോര്‍ പിടിയിലായത്. 30 ലക്ഷം രൂപ വിലവരുന്ന കാറും ലാപ്‌ടോപ്പും സ്വര്‍ണവുമായാണ് അന്ന് കടന്നുകളഞ്ഞത്. രണ്ട് ദിവസത്തിനുള്ളില്‍ ഇയാളെ പൊലിസ് കര്‍ണാടകയില്‍ നിന്ന് പിടികൂടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."