വാഗതുറയില്‍ പുരാതനകടവിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി
തിരുനാവായ: ബന്ദറില്‍ പുരാതനകടവിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ചരിത്രത്തില്‍ വാഗതുറ എന്ന നാമത്തില്‍ അറിയപ്പെട്ടിരുന്നതും സാമുതിരി രാജാവ് പൊനാനി തീരം കൈയടക്കിയപ്പോള്‍ ബന്ദര്‍ കടവ് എന്ന പേരില്‍ അറിയപ്പെട്ട തിരുനാവായ കൊടക്കല്‍ ബന്ദര്‍ കടവിലാണ് 18 ാം നൂറ്റാണ്ടിലെ ചെങ്കല്‍ പാളികള്‍ കണ്ടെത്തിയത്. ഏകദേശം മൂന്നടിയോളം നീളവും രണ്ടടി വീതിയും ഒരു അടി കനവുമുള്ള അന്‍പതോളം ചെങ്കലുകളാണ് പൊന്തക്കാടിനാല്‍ മൂടപ്പെട്ട നിലയില്‍ കാണപ്പെട്ടത്. രണ്ടാം ലോകമഹായുദ്ധകാലത്ത് ജര്‍മനി ബാസല്‍ മിഷന്റെ കൊടക്കല്‍ ടൈല്‍ ഫാക്ടറിയില്‍ നിന്നും ഓടുകള്‍ കൊണ്ടുവന്ന് ഭക്ഷ്യധാന്യങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ചുവച്ചാണ് ഓടുകള്‍ ബന്ദര്‍ കടവില്‍ നിന്നും കപ്പല്‍ വഴി ജര്‍മനിയിലേക്ക് കയറ്റി അയച്ചിരുന്നതായി പഴമക്കാര്‍ പറഞ്ഞിരുന്ന ബന്ദര്‍ കടവിലാണ് ചെങ്കല്ലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. വാഗതുറയില്‍ നിന്നും പൊന്നാനി വഴി സുഗന്ധദ്രവ്യങ്ങളും വിവിധ തരത്തിലുള്ള കച്ചവട സാധനങ്ങളും പേര്‍ഷ്യയിലേക്ക് കയറ്റുമതി ചെയ്തിരുന്നു. മറ്റു പ്രദേശങ്ങളില്‍ നിന്ന് ഇവിടേക്ക് കൊണ്ടുവന്നിരുന്ന സാധനങ്ങള്‍ക്ക് പോത്തന്നൂര്‍, വെട്ടിച്ചിറ, കാര്‍ത്തല, എടപ്പാള്‍ എന്നിവിടെങ്ങളില്‍ ചുങ്കം നല്‍കിയിരുന്നു.
സാമൂതിരി കോവിലകത്ത് നിന്നും ലഭിച്ച താളിയോല ഗ്രന്ഥങ്ങളില്‍ ബന്ദര്‍ കടവില്‍ മാമാങ്കത്തോടനുബന്ധിച്ച് കപ്പല്‍ കലഹം എന്ന പേരില്‍ നാവിക സേനയുടെ പ്രദര്‍ശനം നടന്നിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. ബന്ദര്‍ കടവില്‍ ഇത്തരത്തിലുള്ള പ്രദര്‍ശനങ്ങള്‍ നടത്തിയതായി ഡോ. എന്‍.എന്‍ നമ്പൂതിരി, ഡോ. ഹരിദാസ് എന്നിവരുഴുതിയ പുസ്തകങ്ങളില്‍ സാക്ഷ്യപ്പെടുത്തുന്നുമുണ്ട്.
സാമൂതിരി രാജാവിന്റെ തുറമുഖ വ്യവസായ തലവനായിരുന്ന ഷാ ബന്ദര്‍ കോയയുടെ പിന്‍തലമുറക്കാര്‍ ഏതാനും വര്‍ഷം മുന്‍പ് മാമാങ്ക ഭൂമിയിലെ ബന്ദര്‍ കടവ് സന്ദര്‍ശിച്ചിരുന്നു. കൂടാതെ കൊച്ചി നാവികസേനയുടെ മുന്‍ ക്യാപ്റ്റനായിരുന്ന എസ് സുരേഷും സേനാഗങ്ങളും ഇവിടെ സന്ദര്‍ശിക്കുകയും നാവിക സേനയുടെ മ്യൂസിയം നിര്‍മിക്കുന്നതിന് ശിപാര്‍ശ ചെയ്യുമെന്നും പറഞ്ഞിരുന്നു. അതി പുരാതനമായ ബന്ദര്‍ കടവിന്റെ സമീപത്ത് നിന്നും കണ്ടെത്തിയ ചെങ്കല്ലുകള്‍ വിശദ്ധമായ പരിശോധനക്കും പഠനത്തിനും വിധേയമാക്കിയാല്‍ നൂറ്റാണ്ടുകളുടെ ചരിത്രത്തിലേക്ക് വെളിച്ചം വീശുമെന്ന് ചരിത്രഗവേഷകര്‍ പറഞ്ഞു.
17ാം നൂറ്റാണ്ടിന്റെ അവസാന കാലത്താണ് ഇത്തരത്തിലുള്ള ചെങ്കല്‍ കൊണ്ടുള്ള നിരവധി നിര്‍മാണ പ്രവര്‍ത്തികള്‍ മലബറില്‍ വ്യാപകമായിരുന്നതെന്ന് പറയപ്പെടുന്നു. ചരിത്ര വിദ്യാര്‍ഥികള്‍ക്കും മറ്റുമായി ഈ കല്ലുകള്‍ അടിയന്തരമായി ഏറ്റെടുത്ത് സംരക്ഷിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."