കാരുണ്യാ ഫാര്‍മസി; എച്ച്.എം.സിയുടെ നിര്‍ണായക യോഗം ഇന്ന്
നിലമ്പൂര്‍: കാരുണ്യാ ഫാര്‍മസി മാറ്റുന്നത് സംബന്ധിച്ച് എച്ച്.എം.സി നിര്‍ണായക യോഗം ഇന്ന് മൂന്നിന് നടക്കും. നിര്‍ധനരോഗികള്‍ക്ക് കുറഞ്ഞ നിരക്കില്‍ മരുന്നുകള്‍ ലഭ്യമായിരുന്ന നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ കാരുണ്യാ ഫാര്‍മസിയില്‍ മരുന്ന് വിതരണം നാമമാത്രമായി രണ്ടുമാസം തികഞ്ഞിട്ടും നടപടിയെടുക്കാത്ത അധികൃതര്‍ക്കെതിരേ ജനരോഷം രൂക്ഷമായ സാഹചര്യത്തിലാണ് അടിയന്തിര എച്ച്.എം.സി യോഗം ചേരുന്നത്.
നിലവില്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന കാരുണ്യാ ഫാര്‍മസിയെ എച്ച്.എം.സിയുടെ കീഴില്‍ നിന്നും മാറ്റി കേരള മെഡിക്കല്‍ സര്‍വിസസ് കോര്പ്പറേഷന് ലിമിറ്റഡിന് (കെ.എം.എസ്.സി.എല്‍) നല്‍കാനുള്ള നീക്കത്തിന്റെ ഭാഗം കൂടിയാണ് എച്ച്.എം.സി ചേരുന്നത്.
യോഗത്തില്‍ ഈ തീരുമാനത്തിനെതിരെ കടുത്ത നിലപാട് സ്വീകരിക്കാനാണ് എച്ച്.എം.സിയിലെ ഒരു വിഭാഗത്തിന്റെ നീക്കമെന്ന് സൂചനയുണ്ട്. ഏത് എതിര്‍പ്പും തരണം ചെയ്തും ഫാര്‍മസി എച്ച്.എം.സിയുടെ കീഴില്‍ നിന്നും മാറ്റുമെന്ന നിലപാടാണ് ജില്ലാ പഞ്ചായത്ത്പ്രസിഡന്റും, എച്ച്.എം.സിയിലെ ഭൂരിഭാഗം പേരും കൈകൊണ്ടിരിക്കുന്നത്. ജി.എസ്.ടി. നിലവില്‍ വന്ന സാഹചര്യത്തില്‍ എച്ച്.എം.സി.ക്ക് കീഴില്‍ കാരുണ്യ ഫാര്‍മസി നടത്തിക്കൊണ്ടു പോകാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നാണ് ഇവരുടെ വാദം. ഒരുകോടിയിലേറെ രൂപ കാരുണ്യ ഫാര്‍മസിയുടെ പേരിലുള്ള എച്ച്.ഡി.എഫ്.സി ബാങ്കിലെ അക്കൗണ്ടിലുള്ളപ്പോളാണ് 18 ലക്ഷം രൂപ കുടിശ്ശികയായതിന്റെ പേരില്‍ കാരുണ്യ ഫാര്‍മസിക്ക് മരുന്നുകള്‍ ലഭിക്കാത്തത്. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടുമാസമായി ആശുപത്രിയിലെ കാരുണ്യ ഫാര്‍മസിയുടെ പ്രവര്‍ത്തനം താളം തെറ്റിയിരിക്കയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."