ആനത്താര കയ്യേറി റിസോര്‍ട്ടിന് വേലി
പാലക്കാട്: ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായിമാറിക്കൊണ്ടിരിക്കുന്ന തെമ്മല താഴ്‌വരയിലെ സീതാര്‍കുണ്ടിലും പരിസരപ്രദേശങ്ങളിലും കാട്ടാനകളിറങ്ങി ശല്യം ചെയ്യുന്നത് വര്‍ധിച്ചു വരുന്നതായി നാട്ടുകാരുടെ പരാതി വ്യാപകമായതോടെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ നാട്ടിലിറങ്ങുന്ന ആനകളെ തുരത്താന്‍ പെടാപാടുപെടുകയാണ്. സീതാര്‍കുണ്ട് വെള്ളചാട്ടത്തിനു സമീപത്തെ തെങ്ങിന്‍തോട്ടത്തില്‍ കയറിയ ആനക്കൂട്ടം 12 ലേറെ വലിയ തെങ്ങുകള്‍ കുത്തി മറിച്ചിട്ടു. സമീപത്തെവീടുകളിലും രാത്രി കയറുന്നതിനാല്‍ ജീവന്‍ പണയം വച്ചാണ് സീതാര്‍കുണ്ട്, തേക്കിന്‍ചിറ ഭാഗത്തെ ജനങ്ങള്‍ കഴിയുന്നത്.
സീതാര്‍കുണ്ട് വെള്ളച്ചാട്ടത്തിന് സമീപം തെന്മലയോട് ചേര്‍ന്ന് കിടക്കുന്ന ഒന്നരയേക്കറോളം വരുന്ന സ്ഥലം ഒരു സ്വകാര്യവ്യക്തി വാങ്ങി ചുറ്റും കമ്പിവേലി കെട്ടിയതോടെ കാലങ്ങളായി ആനകള്‍ സഞ്ചരിച്ചിരുന്ന ആനത്താര ഇല്ലാതായി. ഇതോടെ ആനകളുടെ വഴി മുടങ്ങിയതോടെയാണ് നാട്ടിലിറങ്ങി ആനകള്‍ ശല്യം തുടങ്ങിയത്. റിസോര്‍ട്ട് നിര്‍മിക്കാനാണ് ആനത്താര കൈയേറി കമ്പിവേലി കെട്ടി വളച്ചത്. കാട്ടില്‍ നിന്ന് കാലങ്ങളായി സഞ്ചരിച്ച വഴി മുടങ്ങിയതിനാല്‍ ആനകള്‍ ശല്യക്കാരായി മാറി തുടങ്ങിയിട്ടുണ്ട്.
ഇപ്പോള്‍ കൈയേറി കമ്പിവേലി കെട്ടി കവാടം ഉണ്ടാക്കിയതിന് തൊട്ടടുത്തുള്ള കമ്പിവേലി പൊളിച്ചാണ് ആനകള്‍ താഴേക്ക് ഇറങ്ങി കൊണ്ടിരിക്കുന്നതെന്ന് ഇവിടെ എത്തുന്നവര്‍ക്ക് മനസിലാക്കാന്‍ കഴിയും. ആനകള്‍ ഇറങ്ങുന്നത് പ്രതിരോധിക്കാന്‍ വേണ്ടി വൈദ്യുതി വേലി വനം വകുപ്പ് കെട്ടിയിട്ടും ആനകള്‍ അതിന് മുകളില്‍ ഉണങ്ങിയ മരം കൊണ്ടിട്ടു താഴ്ത്തിയ ശേഷമാണ് ഇപ്പോള്‍ നാട്ടിലെ കൃഷിയിടത്തിലേക്ക് ഇറങ്ങി കൊണ്ടിരിക്കുന്നത്.
ഈയടുത്തകാലത്ത് പരിസ്ഥിതി സംഘടനയായ എര്‍ത്ത്‌വാച്ച് ആണ് ആനത്താര കൈയേറിയതിനെ കുറിച്ച് പഠനം നടത്തിയത്. ഇതു സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് കേന്ദ്ര വനം-പരിസ്ഥിതി വകുപ്പിന് നല്‍കിയിട്ടുണ്ട്. ധാരാളം വിനോദസഞ്ചാരികള്‍ എത്തുന്ന പ്രദേശമായ ഇവിടെ കാട്ടാനകള്‍ ഇറങ്ങുന്നത് വിനോദ സഞ്ചാരികള്‍ക്കും ഭീഷണിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."