കൊറിയ ഒപണ്‍: സിന്ധു, കശ്യപ് രണ്ടാം റൗണ്ടില്‍
സിയൂള്‍: കൊറിയ ഒപണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ പി.വി സിന്ധു, പി കശ്യപ് എന്നിവര്‍ക്ക് വിജയത്തുടക്കം.
ഇരുവരും രണ്ടാം റൗണ്ടിലേക്ക് മുന്നേറി. സായ് പ്രണീത്, സമീര്‍ വര്‍മ എന്നിവര്‍ പുരുഷ സിംഗിള്‍സിലും സാത്വിക്‌സായ്‌രാജ് റാന്‍കിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യം പുരുഷ ഡബിള്‍സിലും രണ്ടാം റൗണ്ടിലെത്തിയിട്ടുണ്ട്.
അതേസമയം ഇന്ത്യയുടെ മലയാളി താരം എച്.എസ് പ്രണോയ്, പുരുഷ ഡബിള്‍സ് സഖ്യമായ മനു അത്രി- ബി സുമീത് റെഡ്ഡി, മിക്‌സഡ് ഡബിള്‍സ് സഖ്യം അശ്വിനി പൊന്നപ്പ- സാത്വിക്‌സായ്‌രാജ് എന്നിവര്‍ ആദ്യ റൗണ്ടില്‍ തന്നെ തോല്‍വിയോടെ പുറത്തേക്കുള്ള വഴി കണ്ടു.
ഹോങ്കോങ് താരം ച്വെങ് നാന്‍ യിയെ അനായാസം വീഴ്ത്തിയാണ് സിന്ധു ആദ്യ റൗണ്ടില്‍ വിജയം സ്വന്തമാക്കിയത്. അര മണിക്കൂര്‍ മാത്രം നീണ്ട മത്സരത്തില്‍ 21-13, 21-8 എന്ന സ്‌കോറിനാണ് സിന്ധുവിന്റെ വിജയം.
പി കശ്യപ് ചൈനീസ് തായ്‌പേയ് താരം സു ജെന്‍ ഹോയെ 35 മിനുട്ട് മാത്രം നീണ്ട പോരാട്ടത്തിലാണ് കീഴടക്കിയത്. സ്‌കോര്‍: 21-13, 21-16. തായ്‌ലന്‍ഡ് താരം നോന്‍സക് സീന്‍സോംബൂന്‍സകിനെ കടുത്ത പോരാട്ടത്തില്‍ വീഴ്ത്തിയാണ് സമീര്‍ വര്‍മ വിജയിച്ചത്. സ്‌കോര്‍: 21-13, 21-23, 21-9. സായ് പ്രണീത് ചൈനയുടെ ഹു യുനിനെ അനായാസം വീഴ്ത്തി. സ്‌കോര്‍: 21-15, 21-10. സാത്വിക്- ചിരാഗ് സഖ്യം ചൈനീസ് തായ്‌പേയ് സഖ്യമായ ലീ ഷെങ് മു- ലിന്‍ ചിയ യു സഖ്യത്തെയാണ് ആദ്യ റൗണ്ടില്‍ കീഴടക്കിയത്. സ്‌കോര്‍: 21-9, 22-24, 21-12.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."